6 March 2026 12:47 PM IST
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങൾ ആഗോള വിപണിയിൽ ചർച്ചയാകുന്നു.
Summary
1974-ലെ ട്രേഡ് ആക്ട് ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതി; 130 ബില്യൺ ഡോളറിന്റെ റീഫണ്ടിന് കോടതി ഉത്തരവ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ യുഎസില്‍ ആഭ്യന്തര യുദ്ധത്തിന് സമാനമായ നിയമപോരാട്ടം! ട്രംപിന്റെ പുതിയ ആഗോള താരിഫ് നയത്തെ തടയാന്‍ ന്യൂയോര്‍ക്കും കാലിഫോര്‍ണിയയും ഉള്‍പ്പെടെ 24 സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നു. വെറും 10 ശതമാനം വരുന്ന ഈ ഗ്ലോബല്‍ ടാക്‌സ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെയും ആഗോള വിപണിയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ നിക്ഷേപകര്‍.
15 ശതമാനമായി ഉയര്‍ത്തും
ട്രംപ് ഭരണകൂടം ഇതിനെ ന്യായീകരിക്കുന്നത് രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ബാലന്‍സ് ഓഫ് പെയ്മെന്റ് പ്രതിസന്ധി പരിഹരിക്കാനാണ് എന്നാണ്. നിലവില്‍ 10 ശതമാനത്തിലുള്ള ഈ നികുതി വരും ദിവസങ്ങളില്‍ 15 ശതമാനമായി ഉയര്‍ത്തുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.എന്നാല്‍ ഇതിന്റെ മറുവശം പരിശോധിച്ചാല്‍, 150 ദിവസത്തേക്ക് മാത്രമാണ് പ്രസിഡന്റിന് ഈ അധികാരം ഉപയോഗിക്കാന്‍ കഴിയുക. അതിനുശേഷം കോണ്‍ഗ്രസിന്റെ അംഗീകാരം അത്യാവശ്യമാണ്. ആഗോളതലത്തില്‍ കാറുകള്‍, സ്റ്റീല്‍, അലുമിനിയം എന്നിവയുടെ ഇറക്കുമതിയെ ഇത് നേരിട്ട് ബാധിക്കും.
എന്താണ് ഈ 24 സംസ്ഥാനങ്ങളുടെ പരാതി?
ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ഒറിഗണ്‍ തുടങ്ങിയ 24 സംസ്ഥാനങ്ങള്‍ (പ്രധാനമായും ഡെമോക്രാറ്റിക് ഭരണത്തിന് കീഴിലുള്ളവര്‍) വാദിക്കുന്നത്, ട്രംപിന്റെ ഈ നീക്കം ഭരണഘടനാ വിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നാണ്. മുന്‍പ് ഇത്തരത്തില്‍ ഏര്‍പ്പെടുത്തിയ പല താരിഫുകളും യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ആ വിധിയെ മറികടക്കാന്‍ ട്രംപ് നിയമത്തെ ദുരുപയോഗം ചെയ്യുന്നു എന്നാണ് ഇവരുടെ ആരോപണം.ഒറിഗണ്‍ അറ്റോര്‍ണി ജനറല്‍ ഡാന്‍ റേഫീല്‍ഡ് ട്രംപിന്റെ നീക്കത്തെ വിശേഷിപ്പിച്ചത് കോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമം എന്നാണ്. അമേരിക്കന്‍ ബിസിനസുകള്‍ക്കും സാധാരണക്കാര്‍ക്കും ശതകോടിക്കണക്കിന് ഡോളറിന്റെ അധിക ബാധ്യതയാണ് ഈ നയം വരുത്തിവെക്കുന്നത്.
ട്രംപ് ഉപയോഗിക്കുന്ന പഴുത്
സാധാരണയായി വിദേശ ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ (അമേരിക്കന്‍ പാര്‍ലമെന്റ്) അനുമതി വേണം. എന്നാല്‍ 1974-ലെ ട്രേഡ് ആക്റ്റിലെ സെക്ഷന്‍ 122 (Section 122 of the Trade Act of 1974) എന്ന നിയമം ഉപയോഗിച്ചാണ് ട്രംപ് ഇപ്പോള്‍ നീങ്ങുന്നത്. ഈ നിയമപ്രകാരം, രാജ്യത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയോ അടിയന്തരാവസ്ഥയോ ഉണ്ടെങ്കില്‍ പ്രസിഡന്റിന് നേരിട്ട് 150 ദിവസത്തേക്ക് 15% വരെ നികുതി ചുമത്താം.എന്നാല്‍ അമേരിക്കയില്‍ ഇപ്പോള്‍ അത്തരമൊരു സാമ്പത്തിക അടിയന്തരാവസ്ഥ ഇല്ലെന്നും, വെറും വ്യാപാരക്കമ്മി കുറയ്ക്കാന്‍ ഈ നിയമം ഉപയോഗിക്കുന്നത് തെറ്റാണെന്നും സംസ്ഥാനങ്ങള്‍ വാദിക്കുന്നു.
സാധാരണക്കാരെ എങ്ങനെ ബാധിക്കും?
ഈ 10% അധിക നികുതി വിദേശ കമ്പനികളല്ല ഒടുവില്‍ നല്‍കേണ്ടി വരുന്നത്, പകരം അമേരിക്കയിലെ ഇറക്കുമതിക്കാരും അവിടുത്തെ ഉപഭോക്താക്കളുമാണ്. ഇത് സാധനങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് സംസ്ഥാനങ്ങള്‍ ഭയപ്പെടുന്നു.
ബിസിനസ് ആഘാതം: ഏകദേശം 130 ബില്യണ്‍ ഡോളറിലധികം തുക ഇതിനോടകം തന്നെ കമ്പനികള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അത് തിരികെ നല്‍കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിര്‍ണ്ണായക നീക്കം
ഫെബ്രുവരി 20-ന് സുപ്രീം കോടതി ട്രംപിന്റെ മുന്‍പത്തെ താരിഫുകള്‍ തള്ളിയതോടെ, സര്‍ക്കാര്‍ ഏകദേശം 2000 ഓളം കേസുകളെയാണ് നേരിടുന്നത്. നിലവില്‍ യുഎസ് കസ്റ്റംസിനോട്ഇറക്കുമതിക്കാര്‍ അടച്ച തുക തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത് ട്രംപ് ഭരണകൂടത്തിന് വലിയൊരു തിരിച്ചടിയാണ്.
ഇന്ത്യയ്ക്കും ആഘാതം
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഓഹരി വിപണികളെയും ഐടി, ഓട്ടോ സെക്ടറുകളെയും ഈ നീക്കം ബാധിച്ചേക്കാം. നിലവില്‍ 130 ബില്യണ്‍ ഡോളറിന്റെ ടാക്‌സ് റീഫണ്ട് നല്‍കാന്‍ യുഎസ് കസ്റ്റംസിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിയമപോരാട്ടം ട്രംപിന് തിരിച്ചടിയായാല്‍ അത് ആഗോള വിപണിയില്‍ വലിയൊരു ആശ്വാസ തരംഗത്തിന് വഴിയൊരുക്കും.
പഠിക്കാം & സമ്പാദിക്കാം
Home
