image

7 Jan 2026 5:34 PM IST

Economy

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപ്; ലോകഭൂപടം തന്നെ മാറ്റിവരയ്ക്കുമോ?

MyFin Desk

will trump change the world map to seize greenland
X

Summary

നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ ആത്മവിശ്വാസം വര്‍ദ്ധിച്ച ട്രംപ് ഗ്രീൻലൻഡിലേക്കും . ഇത് വെറുമൊരു റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല, മറിച്ച് ലോകത്തെ മാറ്റിമറിക്കാവുന്ന തന്ത്രപരമായ നീക്കമാണെന്ന് വിദഗ്ധര്‍.


ലോകഭൂപടം തന്നെ മാറ്റിവരയ്ക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുകയാണോ എന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ സാമ്പത്തിക-രാഷ്ട്രീയ ലോകത്ത് നിന്ന് ഉയരുന്നത്. ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്ക സൈനിക നീക്കത്തിന് പോലും മടിക്കില്ലെന്ന വൈറ്റ് ഹൗസിന്റെ വെളിപ്പെടുത്തലാണ് ഈ ചോദ്യത്തിന് കാരണം.

ഇത് വെറുമൊരു റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല, മറിച്ച് ലോകത്തെ മാറ്റിമറിക്കാവുന്ന ഒരു തന്ത്രപരമായ നീക്കമാണെന്നാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നത്. ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് ദേശീയ സുരക്ഷാ മുന്‍ഗണനയാണൊണ് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രസ്താവിച്ചത്.

ഗ്രീൻലൻഡും പിടിച്ചടക്കുമോ?

ആര്‍ട്ടിക് മേഖലയില്‍ റഷ്യയുടെയും ചൈനയുടെയും വര്‍ദ്ധിച്ചുവരുന്ന സ്വാധീനം തടയാന്‍ സൈന്യത്തെ ഉപയോഗിക്കുന്നതടക്കമുള്ള ഒരു ഓപ്ഷനുകളും തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമൂല്യ ധാതുക്കളുടെ വന്‍ശേഖരമാണ് ഗ്രീന്‍ലാന്‍ഡിലുള്ളത്. ഹൈ-ടെക് ഉപകരണങ്ങള്‍ക്കും പ്രതിരോധ ആയുധങ്ങള്‍ക്കും അത്യാവശ്യമായ റെയര്‍ എര്‍ത്ത് എലമെന്റ്‌സ് , കോബാള്‍ട്ട്, ലിഥിയം എന്നിവയുടെ വലിയ നിക്ഷേപം ഇവിടെയുണ്ട്.

നിലവില്‍ ഈ മേഖലയില്‍ ചൈനയ്ക്കുള്ള കുത്തക തകര്‍ക്കാന്‍ ഗ്രീന്‍ലാന്‍ഡ് കൈക്കലാക്കുന്നതിലൂടെ അമേരിക്കയ്ക്ക് സാധിക്കും. അമേരിക്കയുടെ ഈ ഭീഷണി ഒരു നാറ്റോ സഖ്യകക്ഷിയോട് കാണിക്കുന്ന കടുത്ത അനാദരവാണെന്ന് യൂറോപ്യന്‍ രാജ്യങ്ങളും കാനഡയും ഒരേസ്വരത്തില്‍ കുറ്റപ്പെടുത്തുന്നു. ഒരു സൈനിക നീക്കം ഉണ്ടായാല്‍ അത് നാറ്റോ സഖ്യത്തിന്റെ തന്നെ തകര്‍ച്ചയ്ക്ക് കാരണമായേക്കാം. നേരിട്ടുള്ള വിലയ്ക്കെടുക്കല്‍ പരാജയപ്പെട്ടാല്‍, ഫ്രീ അസോസിയേഷന്‍ പോലുള്ള മറ്റ് വഴികളിലൂടെ ഗ്രീന്‍ലാന്‍ഡിനെ സ്വാധീനവലയത്തിലാക്കാനാണ് ട്രംപിന്റെ നീക്കം. നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ ആത്മവിശ്വാസം വര്‍ദ്ധിച്ച ട്രംപ്, അമേരിക്കയുടെ ആധിപത്യം ഉറപ്പിക്കാനുള്ള കടുത്ത നീക്കങ്ങളിലാണെന്ന് വ്യക്തം.