image

8 Jan 2026 4:52 PM IST

Economy

പുനരുപയോഗ ഊര്‍ജ്ജ മേഖലയ്ക്ക് ട്രംപിന്റെ അടി

MyFin Desk

പുനരുപയോഗ ഊര്‍ജ്ജ മേഖലയ്ക്ക് ട്രംപിന്റെ അടി
X

Summary

അമേരിക്ക, ഇനിമുതല്‍ കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ആഗോള ശ്രമങ്ങളില്‍ പങ്കാളിയാകില്ല. 31 യുഎന്‍ ഏജന്‍സികളില്‍ നിന്നും 35 ഇതര സംഘടനകളില്‍ നിന്നും അമേരിക്ക പുറത്തുപോയി


66 അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് അമേരിക്കയെ പിന്‍വലിച്ച് ട്രംപിന്റെ ഉത്തരവ്. ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയ്ക്ക് നടപടി തിരിച്ചടിയായി. ട്രംപിന്റെ നീക്കം ആഗോള സമ്പദ് വ്യവസ്ഥയെയും ഊര്‍ജ്ജ വിപണിയെയും നീക്കം ബാധിക്കും.

പ്രസിഡന്റ് ട്രംപ് ഒപ്പിട്ട പുതിയ മെമ്മോറാണ്ടം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ബണ്‍ മലിനീകരണ രാജ്യമായ അമേരിക്ക, ഇനിമുതല്‍ കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ആഗോള ശ്രമങ്ങളില്‍ പങ്കാളിയാകില്ല. യുഎന്‍ ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്, ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് എന്നിവയുള്‍പ്പെടെ 31 യുഎന്‍ ഏജന്‍സികളില്‍ നിന്നും 35 ഇതര സംഘടനകളില്‍ നിന്നും അമേരിക്ക പുറത്തുപോയി.

ഈ സംഘടനകള്‍ അമേരിക്കയുടെ ദേശീയ താല്പര്യങ്ങള്‍ക്കും സാമ്പത്തിക അഭിവൃദ്ധിക്കും വിരുദ്ധമാണെന്നും, ഇവയുടെ പ്രവര്‍ത്തനം 'അശാസ്ത്രീയവും പ്രത്യയശാസ്ത്രപരവുമാണെന്നും' ആരോപിച്ചാണ് ട്രംപിന്റെ നീക്കം. ഈ പിന്മാറ്റം കേവലം പാരിസ്ഥിതികമായ ഒന്നല്ല, മറിച്ച് സാമ്പത്തികമായ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും.

വികസ്വര രാജ്യങ്ങള്‍ക്ക് ഊര്‍ജ്ജ പരിവര്‍ത്തനത്തിനായി അമേരിക്ക നല്‍കിവന്നിരുന്ന സാമ്പത്തിക സഹായം പൂര്‍ണ്ണമായും നിലയ്ക്കും. പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ നിന്ന് മാറി ഫോസില്‍ ഇന്ധനങ്ങളിലേക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. അമേരിക്ക പിന്മാറുന്നതോടെ, ചൈനയ്ക്കും ഇന്ത്യയ്ക്കും ആഗോള കാലാവസ്ഥാ നേതൃത്വത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.

ആഗോളതലത്തില്‍ സോളാര്‍, വിന്‍ഡ് എനര്‍ജി കമ്പനികളുടെ ഓഹരികളില്‍ ഈ തീരുമാനം അസ്ഥിരതയുണ്ടാക്കാന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ എണ്ണ, കല്‍ക്കരി കമ്പനികള്‍ക്ക് ട്രംപ് ഭരണകൂടത്തില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ അവയുടെ മൂല്യം വര്‍ദ്ധിച്ചേക്കാം. ഇന്ത്യയുടെ സോളാര്‍ മിഷനുകള്‍ക്കും പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്കും അന്താരാഷ്ട്ര ഫണ്ടിംഗില്‍ നേരിടേണ്ടി വരുന്ന തടസ്സങ്ങള്‍ ഇന്ത്യന്‍ നിക്ഷേപകര്‍ നിരീക്ഷിക്കേണ്ടതാണ്.