image

9 Jan 2026 5:53 PM IST

Economy

താരിഫല്ല, ഇനി ട്രംപിന്റെ ആയുധം അധിനിവേശം

MyFin Desk

trumps weapon now is invasion, not tariffs
X

Summary

യൂറോപ്പിന്റെ വാതില്‍ക്കല്‍ ഇപ്പോള്‍ യുദ്ധകാഹളം മുഴങ്ങുന്നത് ഗ്രീന്‍ലാന്‍ഡിന് വേണ്ടിയാണ്. ആര്‍ട്ടിക് മേഖലയിലെ സമ്പത്ത് ലക്ഷ്യമിട്ട് ട്രംപ് നടത്തുന്ന നീക്കത്തിന് 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവിലൂടെയാണ് ഡെന്മാര്‍ക്ക് മറുപടി നല്‍കുന്നത്


അന്താരാഷ്ട്ര നിയമങ്ങളോ, നയതന്ത്ര ചര്‍ച്ചകളോ ഇല്ലാതെ ട്രംപ് നടത്തുന്ന നീക്കങ്ങളില്‍ നെഞ്ചിടിപ്പേറി ആഗോള വിപണി. പതിറ്റാണ്ടുകള്‍ നീണ്ട ലോകക്രമത്തില്‍ മാറ്റം വരുന്നെന്ന് റിപ്പോര്‍ട്ട്. വെനിസ്വേലയെ പിടിച്ചടക്കിയും കൊളംബിയയെ വിറപ്പിച്ചും ഗ്രീന്‍ലാന്‍ഡിനായി സൈന്യത്തെ ഒരുക്കിയും ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന നീക്കമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

താരിഫുകളല്ല, ഇനി അധിനിവേശമാണ് തന്റെ ആയുധമെന്ന് ട്രംപ് പ്രഖ്യാപിക്കുമ്പോള്‍ തകരുന്നത് പതിറ്റാണ്ടുകള്‍ നീണ്ട ലോകക്രമമാണ്. കൊളംബിയയും ഇപ്പോള്‍ ട്രംപിന്റെ ലക്ഷ്യസ്ഥാനമായി മാറിക്കഴിഞ്ഞു. അമേരിക്കയെ ഒരു 'സാമ്രാജ്യത്വ ശക്തിയായി' വിശേഷിപ്പിച്ച കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ, തന്റെ പരമാധികാരത്തിന് നേരെ കൈവെച്ചാല്‍ 'ജാഗ്വാര്‍' ഉണരുമെന്ന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

കൊളംബിയന്‍ അതിര്‍ത്തിയില്‍ മുപ്പതിനായിരം സൈനികരെ വിന്യസിച്ചത് ലാറ്റിന്‍ അമേരിക്കന്‍ ഓഹരി വിപണികളില്‍ വലിയ ഇടിവിനാണ് കാരണമായിരിക്കുന്നത്. ഇവിടുത്തെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനുള്ള തിരക്കിലാണ് ആഗോള കമ്പനികള്‍.

യൂറോപ്പിന്റെ വാതില്‍ക്കല്‍ ഇപ്പോള്‍ യുദ്ധകാഹളം മുഴങ്ങുന്നത് ഗ്രീന്‍ലാന്‍ഡിന് വേണ്ടിയാണ്. ആര്‍ട്ടിക് മേഖലയിലെ സമ്പത്ത് ലക്ഷ്യമിട്ട് ട്രംപ് നടത്തുന്ന നീക്കത്തിന് 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവിലൂടെയാണ് ഡെന്മാര്‍ക്ക് മറുപടി നല്‍കുന്നത്. നാറ്റോ സഖ്യകക്ഷികള്‍ തമ്മിലുള്ള ഈ പോര് ആഗോള പ്രതിരോധ വിപണിയെയും കറന്‍സി മൂല്യങ്ങളെയും അസ്ഥിരപ്പെടുത്തുകയാണ്. അമേരിക്കന്‍ ഡോളറിന്റെ ആധിപത്യം അധിനിവേശങ്ങളിലൂടെ ഉറപ്പിക്കാനാണോ ട്രംപ് ശ്രമിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

വെനിസ്വേല പ്രസിഡന്റ് മഡുറോയെ തടവിലാക്കി എണ്ണക്കമ്പനികള്‍ വാഷിംഗ്ടണ്ണിന് കീഴിലാണെന്ന് ട്രംപ് പറയുമ്പോള്‍, ക്രൂഡ് ഓയില്‍ വിപണിയില്‍ പ്രതീക്ഷിക്കുന്നത് വന്‍ പ്രത്യാഘാതങ്ങളാണ്.