image

24 May 2023 3:26 PM IST

Economy

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ മാന്ദ്യം ഒഴിവാക്കും; പണപ്പെരുപ്പം ആശങ്കാജനകമെന്ന് ഐഎംഎഫ്

MyFin Desk

imf says inflation is a concern
X

Summary

  • ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ 0.4ശതമാനം വളര്‍ച്ച കൈവരിച്ചേക്കും
  • സാമ്പത്തികരംഗത്ത് ബ്രിട്ടന്‍ ജര്‍മ്മനിയേക്കാള്‍ മികവ് പുലര്‍ത്തും
  • തെരഞ്ഞെടുപ്പ് അടുക്കുന്നത് ഉദാര നീക്കങ്ങള്‍ക്ക് വഴിവെക്കും


ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ ഈ വര്‍ഷം മാന്ദ്യത്തിലേക്ക് വീഴുന്നത് ഒഴിവാക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) റിപ്പോര്‍ട്ട്. ഊര്‍ജച്ചെലവിലുണ്ടായ കുതിച്ചുചാട്ടം നേരിട്ട രീതി സമ്പദ് വ്യവസ്ഥ കൂടുതല്‍ പ്രതിരോധ ശേഷിയുള്ളതാണെന്ന് തെളിയിച്ചതായി വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഫണ്ട് പറഞ്ഞു.

സമ്പദ് രംഗത്തെ ആവശ്യങ്ങള്‍ അവര്‍ വളരെ വലിയ പരിക്കുകളില്ലാതെ അവര്‍ നിറവേറ്റി. ഉയര്‍ന്ന വേതനത്തിന്റെ ഫലമായി ഈ വര്‍ഷം ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ മിതമായ 0.4ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി ഇപ്പോള്‍ കരുതുന്നത്. ഒരു മാസം മുമ്പ് നടത്തിയ 0.3ശതമാനം ഇടിവ് സംഭവിക്കുമെന്ന പ്രവചനത്തില്‍നിന്നാണ് ഫണ്ട് പുതിയ കണ്ടെത്തലിലേക്ക് എത്തിയത്.

വളര്‍ച്ചയ്ക്കായുള്ള പുതിയ വീക്ഷണത്തേക്കുറിച്ചും ആഗോള അനിശ്ചിതത്വത്തെക്കുറിച്ചും ഉള്ള മുന്നറിയിപ്പുകള്‍ വന്‍ തകര്‍ച്ചയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ കരകയറ്റി എന്നാണ് കരുതുന്നത്. ഒരു പോസിറ്റീവായ കാഴ്ചപ്പാട് സമൂഹത്തില്‍ വന്നിട്ടുണ്ട്.

ജി7 രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ വിലയിരുത്തലുകള്‍ യുകെയില്‍ അനുകൂല തരംഗങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സാമ്പത്തികരംഗത്ത് ബ്രിട്ടന്‍ ജര്‍മ്മനിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധ്യത ഏറെയാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ ആവേശകരമായ വിലയിരുത്തല്‍ ഉണ്ടായിട്ടും വരും വര്‍ഷങ്ങളിലും പണപ്പെരുപ്പം ഉയര്‍ന്നുതന്നെ നില്‍ക്കാനാണ് സാധ്യതയെന്ന് ജോര്‍ജീവ പറയുന്നു.

2025 പകുതിയോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് മടങ്ങിയെത്തുമെന്ന് കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഈ വര്‍ഷം ആദ്യം പ്രവചിച്ചിതിനേക്കാള്‍ ആറുമാസം കൂടുതലാണ്.

മറ്റ് സെന്‍ട്രല്‍ ബാങ്കുകളെപ്പോലെ, പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നതിന് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ടും കഴിഞ്ഞ 18 മാസങ്ങളില്‍ പലിശനിരക്ക് ഉയര്‍ത്തി വരികയായിരുന്നു. ഇത് പതിനഞ്ച് വര്‍ഷത്തെ ഏറ്റവും പലിശനിരക്കില്‍ എത്തിയിരുന്നു.

ആദ്യം കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലമുണ്ടായ പ്രതിസന്ധികളും പിന്നീട് റഷ്യ-ഉക്രൈന്‍ യുദ്ധം കാരണം ഉണ്ടായ പ്രശ്‌നങ്ങളും ഊര്‍ജത്തിന്റെയും ഭക്ഷണത്തിന്റെയും വില കുതിച്ചുയരാന്‍ ഇടയാക്കിയിരുന്നു.കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം ബ്രിട്ടനിലെ പണപ്പെരുപ്പം ഓഗസ്റ്റിനുശേഷം ആദ്യമായി 10ശതമാനത്തില്‍ താഴെയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രധാനമായും ഉക്രെയ്‌നിലെ അധിനിവേശം മൂലമുണ്ടായ വിലയിലെ കുത്തനെയുള്ള വര്‍ദ്ധനവ് വാര്‍ഷിക താരതമ്യത്തില്‍ നിന്ന് കുറയും.

മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് നയിച്ച സര്‍ക്കാരിന്റെ കഴിഞ്ഞ സെപ്റ്റംബറിലെ വലിയ നികുതി വെട്ടിക്കുറവിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കുശേഷം വിശ്വാസ്യത പുനസ്ഥാപിച്ചതായി ഐഎംഎഫ് പറയുന്നു.

ട്രസ് അവതരിപ്പിച്ച മിനി ബജറ്റ് വായ്പാ ചെലവില്‍ കുത്തനെ വര്‍ധനവ് ഉണ്ടാക്കി. ചില പെന്‍ഷന്‍ ഫണ്ടുകളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ചുള്ള ഭയം പ്രതിസന്ധി സൃഷ്ടിച്ചു. ഈ നടപടികളെ വിപണി ചോദ്യമുയര്‍ത്തിയിരുന്നു.

ട്രസിന് പ്രധാനമന്ത്രിയായി അധിനാള്‍ തുടരാനായില്ല. തുടര്‍ന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഋഷി സുനക്കിനെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ചത്.

അദ്ദേഹവും അദ്ദേഹത്തിന്റെ ട്രഷറി മേധാവി ജെറമി ഹണ്ടും ട്രസ് ഏര്‍പ്പടുത്തിയ പരിഷ്‌കാരങ്ങള്‍ മാറ്റി. നികുതി വെട്ടിക്കുറവുകള്‍ ഒഴിവാക്കി. ചെലവുകള്‍ കര്‍ശനമാക്കിയും ബ്രിട്ടന്റെ ധനകാര്യത്തില്‍ വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കി.

സ്ഥിരത പുനഃസ്ഥാപിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ ഫണ്ട് റിപ്പോര്‍ട്ട് ശരിവെക്കുന്നുണ്ടെന്നും എന്നാല്‍ ജോലി ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നും ഹണ്ട് പറഞ്ഞു.

അടുത്ത വര്‍ഷം ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കണ്‍സര്‍വേറ്റീവുകള്‍ അഭിപ്രായ വോട്ടെടുപ്പില്‍ വളരെയധികം പിന്നിലായതിനാല്‍, നികുതി വെട്ടിക്കുറയ്ക്കാന്‍ സുനക്കിന്മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്. ഈ വഴി സ്വീകരിക്കുന്നതിനെതിരെ ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നു.