13 Jan 2026 4:41 PM IST
Summary
യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ പ്രഖ്യാപിച്ചിരുന്നത് ചൊവ്വാഴ്ച വ്യാപാര ചര്‍ച്ച പുനരാരംഭിക്കും എന്നാണ്. എന്നാല്‍ ഇത് ഇന്ത്യ തള്ളിക്കളഞ്ഞു. ഇതോടെ വിപണി ആശയക്കുഴപ്പത്തിലായി
ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ച പുനരാരംഭിക്കുന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധങ്ങളില്‍ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകള്‍ ഉണ്ടായിരിക്കുകയാണ്.
പുതിയ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ഇന്ന് വ്യാപാര ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം അത് തള്ളിക്കളഞ്ഞു. ഈ ആഴ്ച ഔദ്യോഗികമായ ചര്‍ച്ചകളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇത് നിക്ഷേപകര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.
യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ വിപണിയെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒപ്പിടേണ്ടിയിരുന്ന വ്യാപാര കരാര്‍, പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനെ നേരിട്ട് വിളിക്കാത്തതിനാല്‍ മുടങ്ങിപ്പോയി എന്നായിരുന്നു ലുട്‌നിക്കിന്റെ അവകാശവാദം. 'ട്രെയിന്‍ സ്റ്റേഷന്‍ വിട്ടുപോയിക്കഴിഞ്ഞു' എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം, ചര്‍ച്ചകള്‍ പഴയ പടിയിലേക്ക് വരാന്‍ പ്രയാസമായിരിക്കുമെന്ന സൂചനയാണ് നല്‍കിയത്.
പിന്നാലെ ഡല്‍ഹിയിലെത്തിയ ഗോറിന്റെ പരാമര്‍ശമാണ് വിപണിയ്ക്ക് പ്രതീക്ഷ നല്‍കിയത്. അതേസമയം, വ്യാപാര കരാറിനെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും, ഏപ്രില്‍-നവംബര്‍ കാലയളവില്‍ അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ 11.4% വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പുതിയ ഉപരോധങ്ങള്‍ വന്നാല്‍ ഇത് നിലനിര്‍ത്താന്‍ പ്രയാസമാകും.
പഠിക്കാം & സമ്പാദിക്കാം
Home
