18 Dec 2025 4:45 PM IST
സെബി ആക്ട് ഉള്‍പ്പെടെ 3 നിയമങ്ങള്‍ റദ്ദാകും; വരുന്നത് ഏകീകൃത സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സ് കോഡ്
MyFin Desk
Summary
അനാവശ്യമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി ഇന്ത്യന്‍ ഓഹരി വിപണിയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യം
ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സ് കോഡ് ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു.
അനാവശ്യമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി ഇന്ത്യന്‍ ഓഹരി വിപണിയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് 2025-ലെ ഈ സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സ് കോഡ് ലക്ഷ്യമിടുന്നത്. ഈ ബില്ല് ഉടന്‍ തന്നെ പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് ശേഷം നിയമമായി മാറും.
ഇത്രയും കാലം ഇന്ത്യന്‍ വിപണിയെ നിയന്ത്രിച്ചിരുന്നത് 1992-ലെ സെബി ആക്ട്, 1996-ലെ ഡിപ്പോസിറ്ററി ആക്ട്, 1956-ലെ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട്സ് ആക്ട് എന്നിവയാണ്.പുതിയ ബില്ലിലൂടെ ഈ മൂന്ന് നിയമങ്ങളും റദ്ദാക്കി ഒറ്റ നിയമത്തിന് കീഴിലാക്കും.
സെബിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യക്തതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. പുതിയ നിബന്ധനകള്‍ പുറപ്പെടുവിക്കുന്നതിന് മുന്‍പ് വിപുലമായ കൂടിയാലോചനകള്‍ വേണമെന്നും ബില്ല് നിര്‍ദ്ദേശിക്കുന്നു.അതുപോലെ ഇനി കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുപോകില്ല! എല്ലാ തരത്തിലുള്ള ക്വാസി-ജുഡീഷ്യല്‍ നടപടികള്‍ക്കുമായി ഒരൊറ്റ വിധിനിര്‍ണ്ണയ പ്രക്രിയ ബില്ല് വിഭാവനം ചെയ്യുന്നു.
അന്വേഷണങ്ങള്‍ക്കും ഇടക്കാല ഉത്തരവുകള്‍ക്കും കൃത്യമായ സമയപരിധി നിശ്ചയിക്കുന്നതിലൂടെ നിയമനടപടികള്‍ കൂടുതല്‍ വേഗത്തിലാകും.ചെറിയ പിഴവുകള്‍ക്ക് ജയില്‍ ശിക്ഷയില്ലെന്നും ബില്‍ വ്യക്തമാക്കി. ചെറിയ സാങ്കേതിക പിഴവുകള്‍ക്ക് ക്രിമിനല്‍ നടപടികള്‍ക്ക് പകരം സിവില്‍ പെനാല്‍റ്റികള്‍ ഏര്‍പ്പെടുത്താനാണ് നീക്കം.
എന്നാല്‍ മാര്‍ക്കറ്റ് കൃത്രിമത്വം, അന്വേഷണങ്ങളോടുള്ള നിസ്സഹകരണം തുടങ്ങിയ ഗുരുതരമായ ലംഘനങ്ങള്‍ക്ക് കര്‍ശനമായ ക്രിമിനല്‍ നടപടികള്‍ തുടരുകയും ചെയ്യും.നിക്ഷേപകരുടെ പരാതികള്‍ പരിഹരിക്കാന്‍ ഒരു 'ഓംബുഡ്‌സ്മാന്‍' സംവിധാനം വരും. പരാതികള്‍ക്ക് വേഗത്തിലും ഘടനാപരമായ രീതിയിലും പരിഹാരം കാണാന്‍ ഇത് സഹായിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
