image

5 Nov 2026 10:16 AM IST

Economy

3 വര്‍ഷം കഴിഞ്ഞാല്‍ LTCG നികുതിയില്‍ ഇളവ്; നിര്‍ദേശവുമായി യൂണിയന്‍ ബാങ്ക്

MyFin Desk

3 വര്‍ഷം കഴിഞ്ഞാല്‍ LTCG നികുതിയില്‍ ഇളവ്; നിര്‍ദേശവുമായി യൂണിയന്‍ ബാങ്ക്
X

Summary

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 50 മുതല്‍ 75 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തിയേക്കുമെന്നും പ്രവചനം.


ഓഹരി നിക്ഷേപങ്ങളിലെ ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍സ് (LTCG) നികുതിയില്‍ ഇളവ് വേണമെന്ന നിര്‍ദേശവുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിലധികം കൈവശം വയ്ക്കുന്ന ഓഹരി നിക്ഷേപങ്ങള്‍ക്ക് LTCG നികുതി പൂര്‍ണമായും ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ കൈവശം വയ്ക്കുന്ന നിക്ഷേപങ്ങളുടെ നിലവിലെ 12.5 ശതമാനം നികുതി നിരക്ക് കുറയ്ക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും നിക്ഷേപകരുടെ വരുമാനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നിര്‍ദേശം.

നിലവില്‍ ലിസ്റ്റഡ് ഓഹരികളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന് 20 ശതമാനമാണ് Short Term Capital Gains അഥവാ STCG. ഒരു വര്‍ഷത്തിന് മുകളില്‍ കൈവശം വച്ച ഓഹരികള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തില്‍ ഒരു സാമ്പത്തിക വര്‍ഷം 1.25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് 12.5 ശതമാനമാണ് LTCG നികുതി. 2024 ജൂലൈ 23 മുതലാണ് പുതുക്കിയ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്.

നിക്ഷേപകര്‍ ദീര്‍ഘകാലത്തേക്ക് ഓഹരികള്‍ കൈവശം വയ്ക്കാന്‍ പ്രോത്സാഹനം നല്‍കുന്നതിലൂടെ വിദേശ മൂലധനത്തിന്റെ സ്ഥിരമായ ഒഴുക്ക് ഉറപ്പാക്കാനാകുമെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍. ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്കുള്ള നികുതിയിലും ഇളവ് വേണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് നിലവില്‍ ഏകദേശം 30 ശതമാനം വരെ നികുതി നല്‍കേണ്ടിവരുന്ന സാഹചര്യത്തില്‍ ഇത് 15 മുതല്‍ 20 ശതമാനമായി കുറയ്ക്കുകയോ ബാധകമായ ആദായനികുതി സ്ലാബ് നിരക്കില്‍ താഴെയുള്ള നിരക്ക് ഈടാക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. ഇതിലൂടെ നിക്ഷേപകരുടെ നികുതിക്ക് ശേഷമുള്ള വരുമാനം വര്‍ധിപ്പിക്കാനും ബാങ്ക് നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മാത്രം വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മതിയാകില്ലെന്നും ഡോളര്‍ അടിസ്ഥാനത്തിലുള്ള നിക്ഷേപ നേട്ടങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. രൂപയുടെ മൂല്യസ്ഥിരത, നയപരമായ വ്യക്തത, ആഗോള വിപണിയിലെ മത്സരക്ഷമമായ വരുമാനം എന്നിവയും നിര്‍ണായകമാണ്. രൂപയുടെ മൂല്യം സംരക്ഷിക്കുന്നതിനായി ആഭ്യന്തര പലിശനിരക്കുകള്‍ ഉയര്‍ത്തേണ്ട സാഹചര്യമുണ്ടാകാമെന്നും ബാങ്ക് വിലയിരുത്തുന്നു.

ഇതിന്റെ ഭാഗമായി 2027 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 50 മുതല്‍ 75 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തിയേക്കുമെന്നാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനം. FCNR(B) നിക്ഷേപങ്ങളിലൂടെയും വാണിജ്യ വായ്പാ സ്വാപ്പ് സൗകര്യങ്ങളിലൂടെയും ഏകദേശം 143 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ആര്‍ബിഐക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ തുക അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരിച്ചു നല്‍കേണ്ടതുള്ളതിനാല്‍ കൂടുതല്‍ സ്ഥിരതയുള്ള വിദേശ മൂലധനം ആവശ്യമാണ്.

നേരിട്ടുള്ള വിദേശ നിക്ഷേപവും രാജ്യത്തെ ആഭ്യന്തര/സ്ഥിര നിക്ഷേപവും തമ്മിലുള്ള അന്തരം കുറയ്ക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം FDI ഏകദേശം 97 ബില്യണ്‍ ഡോളറായിരുന്നപ്പോള്‍ അറ്റ FDI വെറും 7 ബില്യണ്‍ ഡോളറായിരുന്നു. വിദേശ നിക്ഷേപകരുടെ രജിസ്‌ട്രേഷന്‍ ലളിതമാക്കുക, നികുതി വ്യവസ്ഥകള്‍ പുനഃപരിശോധിക്കുക, കയറ്റുമതി വരുമാനം വേഗത്തില്‍ രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ പ്രോത്സാഹനം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.

അതേസമയം, ആഗോള സാഹചര്യങ്ങളും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. അമേരിക്കന്‍ ഡോളറിന്റെയും ആഗോള ബോണ്ട് യീല്‍ഡുകളുടെയും കരുത്ത് കുറയുന്നതും ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറില്‍ താഴെയെത്തുന്നതും ഇന്ത്യയ്ക്ക് അനുകൂലമാകാം. എന്നാല്‍ വിദേശ മൂലധനത്തിന്റെ സ്ഥിരമായ ഒഴുക്ക് ഉറപ്പാക്കാന്‍ നികുതി പരിഷ്‌കാരങ്ങള്‍ക്കൊപ്പം കയറ്റുമതി മത്സരക്ഷമതയും ആഭ്യന്തര ഉല്‍പ്പാദനവും ശക്തിപ്പെടുത്തുന്ന ഘടനാപരമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും യൂണിയന്‍ ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.