16 Sept 2026 11:14 AM IST
യുപിഐ സൗജന്യമാണോ? ഒരുലക്ഷം അയച്ചാല്‍ അക്കൗണ്ടില്‍ എന്ത് സംഭവിക്കും? അറിയേണ്ടതെല്ലാം!
MyFin Desk
Summary
ഇടപാട് തുക കൂടുംതോറും എംഡിആര്‍ കൂടുമെങ്കിലും അതിന് ഒരു പരിധിയുണ്ട്
യുപിഐക്ക് ചാര്‍ജ് വന്നു എന്ന് കേട്ട് പേടിക്കേണ്ട. നിങ്ങള്‍ 5,000 രൂപയോ 1 ലക്ഷം രൂപയോ അടച്ചാലും നിങ്ങളുടെ പോക്കറ്റില്‍ നിന്ന് ഒരു രൂപ പോലും അധികം പോകില്ല. ഈ ചാര്‍ജ് എന്ന് പറയുന്ന എംഡിആര്‍ (മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്) കൊടുക്കേണ്ടത് കടക്കാരനാണ്, ഉപഭോക്താവല്ല. നിങ്ങള്‍ കടയില്‍ കാണുന്ന വില മാത്രം നല്‍കിയാല്‍ മതി. ഇത് ഉപഭോക്താവിലേക്ക് കൈമാറാന്‍ പാടില്ലെന്ന് എന്‍പിസിഐ കര്‍ശനമായി പറഞ്ഞിട്ടുണ്ട്.
പുതിയ നിയമപ്രകാരം 2,000 രൂപ വരെയുള്ള പേയ്‌മെന്റുകള്‍ക്ക് എംഡിആര്‍ ഇല്ല. 2,000ന് മുകളില്‍ സാധാരണ കടകള്‍ക്ക് 0.4% ആണ് നിരക്ക്. അതായത് നിങ്ങള്‍ 5,000 രൂപയുടെ സാധനം യുപിഐ വഴി വാങ്ങിയാല്‍ കടക്കാരന്‍ ബാങ്കിന് 20 രൂപ ഫീസ് നല്‍കണം. 50,000 രൂപയുടെ പര്‍ച്ചേസിന് 200 രൂപയാകും ഈ ഫീസ്. അതുപോലെ 10,000 രൂപയ്ക്ക് 40 രൂപയും 25,000 രൂപയ്ക്ക് 100 രൂപയുമാണ് കടക്കാര്‍ നല്‍കേണ്ട നിരക്ക്. ഇത് 50,000 എത്തുമ്പോള്‍ 200 രൂപയാണ് എംഡിആര്‍. 75,000 രൂപയ്ക്ക് 300 രൂപയും.
ഇടപാട് തുക കൂടുംതോറും എംഡിആര്‍ കൂടുമെങ്കിലും അതിന് ഒരു പരിധിയുണ്ട്. 75,000 രൂപയ്ക്ക് മുകളിലുള്ള ഏത് ഇടപാടിനും പരമാവധി എംഡിആര്‍ 300 രൂപയാണ്. അതായത് നിങ്ങള്‍ 1 ലക്ഷം രൂപ യുപിഐ വഴി അടച്ചാല്‍ കണക്ക് പ്രകാരം 400 രൂപ (0.4%) വരേണ്ടതാണെങ്കിലും കടക്കാരന്‍ 300 രൂപ മാത്രം നല്‍കിയാല്‍ മതി. ഇത് 75,000 ആയാലും 2 ലക്ഷം ആയാലും 300 രൂപയില്‍ കൂടില്ല.
എല്ലാ ഇടപാടിനും ഈ നിരക്കല്ല. റെയില്‍വേ ടിക്കറ്റ്, ഇന്‍ഷുറന്‍സ്, പെട്രോള്‍ പമ്പ് തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്ക് 2,000ന് മുകളില്‍ വെറും 5 രൂപ മാത്രമാണ് ഫ്‌ലാറ്റ് നിരക്ക്. മ്യൂച്വല്‍ ഫണ്ടിലോ ഓഹരികളിലോ നിക്ഷേപിക്കാന്‍ യുപിഐ ഉപയോഗിക്കുമ്പോള്‍ 0.02% മാത്രമേ വരൂ. പിന്നെ പ്രതിമാസം 1 ലക്ഷം വരെ യുപിഐവഴി വാങ്ങുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് എംഡിആര്‍ പൂര്‍ണമായും സൗജന്യമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
