26 Aug 2025 10:20 AM IST
Summary
ഇന്ത്യന്‍ ഇറക്കുമതിക്കുള്ള താരിഫ് 50 ശതമാനമായി ഉയരും
ഇന്ത്യന്‍ ഇറക്കുമതിക്കുള്ള യുഎസിന്റെ 25 ശതമാനം അധിക തീരുവ നാളെ നിലവില്‍ വരും. ഇതുസംബന്ധിച്ച് അമേരിക്ക ഔദ്യോഗികമായി പൊതു അറിയിപ്പ് പുറപ്പെടുവിച്ചു. പുതിയ തീരുവ ഓഗസ്റ്റ് 27 ന് പുലര്‍ച്ചെ 12:01 മുതലാണ് പ്രബല്യത്തിലാകുക.
ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം ചുമത്തുന്ന ആകെ അധികതീരുവ 50 ശതമാനത്തിലേക്ക് ഉയരും.
പുതിയ താരിഫ് കൂടി നടപ്പാക്കുന്നതോടെ ആഗോളതലത്തില്‍ ഏറ്റവും അധികം നികുതി നേരിടുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. ഇന്ത്യക്കു പുറമേ ബ്രസീലിനും 50 ശതമാനം തീരുവ ട്രംപ് ചുമത്തിയിട്ടുണ്ട്.
ഇന്ത്യ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നു എന്നാരോപിച്ചാണ്് വന്‍ തീരുവ ട്രംപ് ചുമത്തിയത്.
സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ചൈന, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കും യുഎസ് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യ വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തുക എന്ന നയമാണ് യുഎസ് സ്വീകരിച്ചത്. എന്നാല്‍ മോസ്‌കോയില്‍നിന്ന് ഏറ്റവുമധികം ക്രൂഡ് ഓയില്‍ വാങ്ങുന്ന ചൈനയെ യുഎസ് അധിക തീരുവയില്‍നിന്ന് ഒഴിവാക്കി.
സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാകുന്നില്ലെങ്കില്‍ റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുകയോ മോസ്‌കോയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി.
അതേസമയം ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. മൊത്തത്തിലുള്ള തീരുവ 50 ശതമാനമായി ഉയര്‍ത്താനുള്ള യുഎസ് നീക്കത്തെ 'അങ്ങേയറ്റം നിര്‍ഭാഗ്യകരം' എന്ന് വിശേഷിപ്പിച്ചു.
വാഷിംഗ്ടണില്‍ നിന്നുള്ള സാമ്പത്തിക സമ്മര്‍ദ്ദം കണക്കിലെടുക്കാതെ തന്റെ സര്‍ക്കാര്‍ ഒരു വഴി കണ്ടെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
