16 March 2026 7:20 PM IST
Summary
ചബഹാറിലെ ഈ അസ്ഥിരത ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ ഗുരുതരമാണ്. പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാന്‍, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഇന്ത്യക്ക് വ്യാപാര പാതയൊരുക്കുന്ന 'പ്രവേശന കവാടം' ആണ് ചബഹാര്‍ തുറമുഖം
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ ഫ്രീ ട്രേഡ് സോണിന് സമീപമുള്ള സൈനിക കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം. സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മലനിരകളില്‍ വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി വോയ്സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്തു. 1992-ല്‍ സ്ഥാപിതമായ ഈ മേഖല, ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കാതെ തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നേരിട്ട് പ്രവേശനമുള്ള ഇറാന്റെ ഏറ്റവും നിര്‍ണായകമായ വ്യാപാര കേന്ദ്രമാണ്. ഈ ആക്രമണം മേഖലയിലെ സമാധാനാന്തരീക്ഷത്തെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
ചബഹാറിലെ ഈ അസ്ഥിരത ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ ഗുരുതരമാണ്. പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാന്‍, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഇന്ത്യക്ക് വ്യാപാര പാതയൊരുക്കുന്ന 'പ്രവേശന കവാടം' ആണ് ചബഹാര്‍ തുറമുഖം. വ്യാപാര പങ്കാളികള്‍ക്ക് 20 വര്‍ഷത്തെ നികുതി ഇളവുകള്‍, കറന്‍സി വിനിമയ സ്വാതന്ത്ര്യം, വിദേശ നിക്ഷേപ അവസരങ്ങള്‍ എന്നിവ ഈ മേഖല വാഗ്ദാനം ചെയ്യുന്നു.
2024-ല്‍ ഒപ്പിട്ട 10 വര്‍ഷത്തെ കരാര്‍ പ്രകാരം 370 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യ ഇവിടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ മാനുഷിക സഹായങ്ങള്‍ അഫ്ഗാനിസ്ഥാനിലെത്തിക്കുന്നതിലും ഈ തുറമുഖം നിര്‍ണ്ണായക പങ്കുവഹിക്കുന്നു.
2034-ഓടെ 15 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ഇന്ത്യയുടെ സ്വപ്നത്തിലേക്ക് എത്താന്‍ സുരക്ഷിതമായ വ്യാപാര പാതകള്‍ അനിവാര്യമാണ്. ചബഹാര്‍ വെറുമൊരു വാണിജ്യ സംരംഭമല്ല, മറിച്ച് ഇന്ത്യയുടെ ഭൗമരാഷ്ട്രീയ തന്ത്രത്തിന്റെ നട്ടെല്ലാണ്.
അലുമിനിയം പ്ലാന്റുകള്‍ മുതല്‍ യൂറിയ പ്ലാന്റുകള്‍ വരെയുള്ള വ്യവസായങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമായിരിക്കെ, യുദ്ധസാഹചര്യം ഈ പദ്ധതികളുടെ ഭാവിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു.
ഇറാന്‍-യുഎസ് യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് ആഗോളതലത്തില്‍ വലിയ ഭീതി ഉയര്‍ത്തുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. കടലിടുക്ക് തുറന്നുപിടിക്കാന്‍ ട്രംപ് ഭരണകൂടം സഖ്യകക്ഷികളുടെ സഹായം തേടിയിട്ടുണ്ട്. എന്നാല്‍ ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ ഇനിയും ആക്രമണമുണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് എണ്ണവ്യാപാര മേഖലയെ മുള്‍മുനയിലാക്കുന്നു.
ആഗോള എണ്ണ വിപണിയുടെ 20 ശതമാനവും കടന്നുപോകുന്ന പാതകള്‍ യുദ്ധക്കളമാകുമ്പോള്‍ ചൈന, യു കെ, ഫ്രാന്‍സ് തുടങ്ങിയ വന്‍ശക്തികളും കരുതലോടെയാണ് നീങ്ങുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വരും ദിവസങ്ങള്‍ നിര്‍ണ്ണായകമാണ്; കാരണം ചബഹാറിന്റെ സുരക്ഷ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയുമായി അത്രമേല്‍ ഇഴചേര്‍ന്നു കിടക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
