image

28 Sept 2025 3:08 PM IST

Economy

വിപണികള്‍ തുറക്കണമെന്ന് ഇന്ത്യയോട് യുഎസ്

MyFin Desk

us tells india to open markets
X

Summary

അമേരിക്കയെ ദോഷകരമായി ബാധിക്കുന്ന നടപടികള്‍ ഇന്ത്യ ഒഴിവാക്കണമെന്നും യുഎസ് വാണിജ്യ സെക്രട്ടറി


ഇന്ത്യയുടെ വിപണികള്‍ തുറക്കണമെന്നും അമേരിക്കയെ ദോഷകരമായി ബാധിക്കുന്ന നടപടികള്‍ നിര്‍ത്തണമെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെയാണ് ലുടിനിക്കിന്റെ ഈ പ്രസ്താവന. ഇത് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വിലക്കുറവില്‍ വാങ്ങുന്ന ഇന്ത്യയുടെ പ്രവണതയെ അദ്ദേഹം വിമര്‍ശിച്ചു, ഇത് തെറ്റും പരിഹാസ്യവുമാണ് എന്നും വാണിജ്യ സെക്രട്ടറി പറഞ്ഞു.

വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഇന്ത്യന്‍ പ്രതിനിധി സംഘം യുഎസ് സന്ദര്‍ശിക്കുകയും ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉല്‍പ്പാദനപരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് ശേഷമാണ് ലുട്നിക്കിന്റെ ഈ പരാമര്‍ശങ്ങള്‍. വാഷിംഗ്ടണിന്റെ നിബന്ധനകള്‍ ഇന്ത്യ എതിര്‍ത്താല്‍ ഇന്ത്യയ്ക്കുമേലുള്ള സമ്മര്‍ദ്ദം ശക്തമാകുമെന്നും അദ്ദേഹം സൂചന നല്‍കി.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% തീരുവ ചുമത്തുന്നതിലൂടെ യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഇതില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട 25% പിഴയും ഉള്‍പ്പെടുന്നു. യുഎസ് നടപടിയെ 'അന്യായവും, നീതീകരിക്കപ്പെടാത്തതും, യുക്തിരഹിതവുമാണ്' എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും ഒരു വ്യാപാര കരാറിനായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ലുട്‌നിക്കിന്റെ അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത് യുഎസ് ഇന്ത്യയില്‍ നിന്ന് കാര്യമായ ഇളവുകള്‍ തേടുന്നു എന്നാണ്.

വ്യാപാര ചര്‍ച്ചകളിലെ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് ധീരതയുടെ പ്രകടനം മാത്രമാണെന്ന് ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ലുട്‌നിക് പറഞ്ഞു. അവരുടെ ബിസിനസുകളുടെ സമ്മര്‍ദ്ദത്താല്‍ ന്യൂഡല്‍ഹി 'ഒന്നോ രണ്ടോ മാസത്തിനുള്ളില്‍' വീണ്ടും മേശയിലേക്ക് മടങ്ങുമെന്നും പ്രവചിച്ചു.