16 Jun 2026 11:01 AM IST
ഇറാൻ്റെ പുനർനിർമാണത്തിന് പണം ഒന്നുമില്ല; തുറന്നടിച്ച് ട്രംപ്, എന്താകും സമാധാന കരാർ?
MyFin Desk
Summary
ഏതുപണം? ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി യുഎസ് പണം നൽകുന്നു എന്നത് ഡെമോക്രാറ്റുകൾ പറഞ്ഞുപരത്തുന്നതാണെന്ന് തുറന്നടിച്ച് ട്രംപ്.
ഇറാൻ്റെ പുനർനിർമാണത്തിന് യുഎസ് പണം നൽകില്ലെന്ന് തുറന്നടിച്ച് ട്രംപ്. ഇറാൻ പുനർനിർമ്മാണത്തിന് യുഎസ് വലിയ തുകയൊന്നും നൽകുന്നില്ലെന്ന് സമാധാന കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് ട്രംപ് വ്യക്തമാക്കുകയായിരുന്നു. അന്തിമ കരാറിന് കീഴിൽ പൂർണ്ണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മുമ്പ് ഇറാൻ യുഎസിൻ്റെ നിബന്ധനകൾ അംഗീകരിക്കണം.
സമാധാന കരാറിനായി ഇറാന് അമേരിക്ക പണം നൽകുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വ്യാജ വാർത്തയാണ് എന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ ആണവായുധം കൈവശം വയ്ക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. യുഎസ് ഇറാന് 30000 കോടി ഡോളർ നൽകുമെന്നത് ഡെമോക്രാറ്റുകൾ പുറത്തുവിട്ടതാണെന്നും ട്രംപ് ആരോപിച്ചു.
വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കായുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. 100 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന സംഘർഷം അവസാനിക്കുന്നതിൻ്റെ സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും ഉപരോധ ഇളവുകളെക്കുറിച്ചുമുള്ള കൂടുതൽ ചർച്ചകളും ഇനി നടന്നേക്കും.
ഇറാനിൽ പുതിയ നിക്ഷേപത്തിനായി യുഎസ് പിന്തുണ
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഇറാനിൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ട്രംപ് ഭരണകൂടം 30000 കോടി യുഎസ് ഡോളർ നൽകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ഫണ്ട് ഇറാനിയൻ സർക്കാരിന് നേരിട്ട് നൽകില്ല.
പക്ഷേ രാജ്യത്ത് നിക്ഷേപം നടത്താൻ താൽപ്പര്യമുള്ള കമ്പനികൾക്ക് പിന്തുണ നൽകുമെന്ന് സൂചനയുണ്ട്. ഇറാൻ കരാർ വ്യവസ്ഥകൾ പാലിക്കുന്നതിന് അനുസരിച്ചായിരിക്കും യുഎസിൻ്റെ ഫണ്ട് എന്നാണ് റിപ്പോർട്ടുകൾ. കരാറിലെ പ്രധാന വ്യവസ്ഥകളിൽ ആണവായുധങ്ങൾ നിർമ്മിക്കരുതെന്നതും പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകൾക്ക് സഹായം നൽകരുതെന്നതും ഉൾപ്പെടുന്നു.
വിപണികളിൽ ഉണർവ്
യുഎസ് ഇറാൻ സമാധാന ചർച്ചകളും ഹോർമുസ് വീണ്ടും തുറക്കുമെന്നുള്ള സൂചനകളും ആഗോള വിപണിയിൽ റാലിക്ക് കാരണമായിട്ടുണ്ട്. ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് ഏകദേശം 5% ഇടിഞ്ഞ് 83 ഡോളറിലെത്തിയിരുന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ വില. സ്വർണ്ണ വിലയിലും കുത്തനെ ഇടിവുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
