25 Jan 2026 10:08 AM IST
Summary
ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വരവ് ഗണ്യമായി കുറഞ്ഞ സാഹചകര്യത്തിലാണ് ഇക്കാര്യം യുഎസ് പരിശോധിക്കുന്നത്. കണക്കുകള്‍ പ്രകാരം, ഡിസംബര്‍ മാസത്തില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി 2022-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി
ഇന്ത്യക്ക് ചുമത്തിയ 25ശതമാനം അധിക നികുതി യുഎസ് പിന്‍വലിച്ചേക്കുമെന്ന് സൂചന. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഡാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ വരവ് ഗണ്യമായി കുറഞ്ഞത് വലിയ വിജയമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
കണക്കുകള്‍ പ്രകാരം, ഡിസംബര്‍ മാസത്തില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി 2022-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ റഷ്യന്‍ എണ്ണയില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറി. പകരം ഗയാന, സൗദി അറേബ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇന്ത്യ കൂടുതലായി എത്തിക്കാന്‍ തുടങ്ങി. ഈ മാറ്റമാണ് താരിഫ് പിന്‍വലിക്കാന്‍ യുഎസിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല.
അതേസമയം, യൂറോപ്പിന്റെ ഇരട്ടത്താപ്പിനെ സ്‌കോട്ട് ബെസെന്റ് രൂക്ഷമായി വിമര്‍ശിച്ചു. റഷ്യന്‍ എണ്ണ ശുദ്ധീകരിച്ച് നിര്‍മ്മിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുന്ന യൂറോപ്പ്, പരോക്ഷമായി യുദ്ധത്തെ സഹായിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇതിനിടയിലാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള 'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്' എന്നറിയപ്പെടുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാര്‍ പടിവാതിക്കല്‍ എത്തിനില്‍ക്കുന്നത്. ജനുവരി 27-ലെ ഇന്ത്യ-ഇയു ഉച്ചകോടിയില്‍ ഈ വലിയ പ്രഖ്യാപനമുണ്ടായേക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
