9 Nov 2026 11:36 AM IST
Summary
ഇന്ത്യയ്ക്ക് ഏറ്റവും വലിയ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ളത് ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന കുറവാണ്.
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ മാറുന്ന ആഗോള നിക്ഷേപ സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് നേട്ടമായേക്കുമെന്ന് റിപ്പോർട്ട്. ക്രൂഡ് ഓയിൽ വിലയിലെ ഇടിവ്, അമേരിക്കൻ ബോണ്ട് യീൽഡുകൾ താഴുക, വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുക തുടങ്ങിയ സാധ്യതകളാണ് ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഊർജത്തിനും വിദേശ മൂലധനത്തിനും വലിയതോതിൽ ആശ്രയിക്കുന്ന രാജ്യമായതിനാൽ ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റം ഇന്ത്യയ്ക്ക് അനുകൂലമാകാമെന്നാണ് വിലയിരുത്തൽ.
തെരഞ്ഞെടുപ്പും ആഗോള സാമ്പത്തിക സാഹചര്യവും
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സെനറ്റിലും ജനപ്രതിനിധി സഭയിലും മികച്ച വിജയം നേടിയത് ട്രംപ് ഭരണകൂടത്തിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയായി. ഡെമോക്രാറ്റുകളുടെ മേൽക്കൈ ട്രംപിന്റെ നിയമനിർമാണ നീക്കങ്ങളെ തടസ്സപ്പെടുത്താൻ പ്രതിപക്ഷത്തിന് കൂടുതൽ അധികാരം നൽകുന്നു. അടുത്ത രണ്ട് വർഷത്തേക്ക് വ്യാപാര നയം, താരിഫുകൾ, വിദേശനയം, സാമ്പത്തിക തീരുമാനങ്ങൾ എന്നിവയിൽ കൂടുതൽ ചർച്ചകൾക്കും നിയന്ത്രണങ്ങൾക്കും സാഹചര്യമുണ്ടാകാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇറാനുമായുള്ള സംഘർഷം, ജീവിതച്ചെലവ്, ഇറക്കുമതി തീരുവകൾ തുടങ്ങിയ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് ഡെമോക്രാറ്റുകൾ സൂചിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ആഗോള സംഘർഷങ്ങളിൽ കൂടുതൽ നയതന്ത്രപരമായ സമീപനം ഉണ്ടാകാനും വ്യാപാര അനിശ്ചിതത്വം കുറയാനും സാധ്യതയുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം മാത്രം നിലവിലെ ആഗോള സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളെ പൂർണമായി മാറ്റില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ക്രൂഡ് വില കുറയുന്നത് ഇന്ത്യയ്ക്ക് ഗുണം
ഇന്ത്യയ്ക്ക് ഏറ്റവും വലിയ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ളത് ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന കുറവാണ്. രാജ്യത്തിന്റെ ഊർജാവശ്യങ്ങളുടെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാൽ ആഗോള വിപണിയിൽ എണ്ണവില കുറയുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കും. ഇത് വ്യാപാരക്കമ്മി നിയന്ത്രിക്കാനും രൂപയുടെ മൂല്യത്തിന് പിന്തുണ നൽകാനും സഹായിച്ചേക്കും.
എണ്ണവില കുറഞ്ഞാൽ ഗതാഗതച്ചെലവുകളും ഉൽപ്പാദനച്ചെലവുകളും കുറയാം. ഇതിലൂടെ കമ്പനികളുടെ ലാഭവിഹിതം മെച്ചപ്പെടാനും സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനും സാധ്യതയുണ്ട്. ഉപഭോക്താക്കളുടെ വാങ്ങൽശേഷി വർധിക്കുന്നതും സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാകും. ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെ വില കുറയുന്നത് പണപ്പെരുപ്പ സമ്മർദം കുറയ്ക്കുകയും റിസർവ് ബാങ്കിന്റെ പണനയ തീരുമാനങ്ങൾക്ക് കൂടുതൽ സൗകര്യം നൽകുകയും ചെയ്യാം.
വിദേശ നിക്ഷേപകർ തിരിച്ചെത്തുമോ?
അമേരിക്കൻ ബോണ്ട് യീൽഡുകൾ കുറയുകയും ഡോളറിന്റെ ശക്തി താഴുകയും ചെയ്താൽ ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന വിപണികൾ വിദേശ നിക്ഷേപകർക്ക് കൂടുതൽ ആകർഷകമായേക്കും. അമേരിക്കൻ ബോണ്ടുകളിൽ നിന്നുള്ള വരുമാനം കുറയുമ്പോൾ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിലേക്കും മറ്റ് ആസ്തികളിലേക്കും കൂടുതൽ പണം മാറ്റാൻ സാധ്യതയുണ്ട്.
ഇത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപം വർധിപ്പിക്കാനും രൂപയ്ക്ക് പിന്തുണ നൽകാനും സഹായിച്ചേക്കും. ഉപഭോഗ മേഖല, ധനകാര്യ സ്ഥാപനങ്ങൾ, പലിശനിരക്കിലെ മാറ്റങ്ങളോട് പ്രതികരിക്കുന്ന കമ്പനികൾ തുടങ്ങിയവയ്ക്ക് അനുകൂല സാഹചര്യമുണ്ടാകാമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
വെല്ലുവിളികൾ തുടരുന്നു
അതേസമയം, ഓഹരി വിപണിയിൽ തുടർച്ചയായ മുന്നേറ്റമുണ്ടാകാൻ ആകർഷകമായ മൂല്യനിർണയം മാത്രം മതിയാകില്ല. കമ്പനികളുടെ വരുമാന വളർച്ചയും നിർണായകമാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം, വിതരണ ശൃംഖലകളിലെ മാറ്റങ്ങൾ, നിർണായക ധാതുക്കൾക്കും സാങ്കേതികവിദ്യകൾക്കുമുള്ള നിക്ഷേപം തുടങ്ങിയ ദീർഘകാല പ്രവണതകൾ തെരഞ്ഞെടുപ്പ് ഫലത്തോടെ മാറില്ല.
അതിനാൽ അമേരിക്കൻ തെരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക് അനുകൂലമായ ആഗോള സാഹചര്യം സൃഷ്ടിച്ചേക്കാമെങ്കിലും, നേട്ടം എത്രത്തോളം ലഭിക്കുമെന്നത് ക്രൂഡ് ഓയിൽ വില, ഡോളറിന്റെ മൂല്യം, ബോണ്ട് യീൽഡുകൾ, വിദേശ നിക്ഷേപം, ആഭ്യന്തര കമ്പനികളുടെ പ്രകടനം എന്നിവയെ ആശ്രയിച്ചിരിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
