16 Jan 2026 4:30 PM IST
Summary
വെറും ഒരു കപ്പല്‍ മാറ്റമല്ല ഇത്; മുപ്പതിനായിരത്തോളം അമേരിക്കന്‍ സൈനികര്‍ നിലയുറപ്പിച്ചിട്ടുള്ള ഈ മേഖലയില്‍, ഇറാനെതിരെ ആഞ്ഞടിക്കാന്‍ സൈനിക ബദലുകള്‍ ഒരുക്കുകയാണ് പെന്റഗണ്‍. യുദ്ധം ആസന്നമോ?
ഇന്തോ-പസഫിക് മേഖലയില്‍ നിന്ന് അമേരിക്കയുടെ അഞ്ചാമത്തെ നിമിറ്റ്‌സ് ക്ലാസ് സൂപ്പര്‍കാരിയറായ സിവിഎന്‍ 72 പശ്ചിമേഷ്യയിലേക്ക് ദിശ മാറ്റിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ യുദ്ധക്കപ്പല്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ ഭാഗമാകും.
വെറും ഒരു കപ്പല്‍ മാറ്റമല്ല ഇത്; മുപ്പതിനായിരത്തോളം അമേരിക്കന്‍ സൈനികര്‍ നിലയുറപ്പിച്ചിട്ടുള്ള ഈ മേഖലയില്‍, ഇറാനെതിരെ ആഞ്ഞടിക്കാന്‍ പ്രസിഡന്റ് ട്രംപിന് മുന്നില്‍ സൈനിക ബദലുകള്‍ ഒരുക്കുകയാണ് പെന്റഗണ്‍. ഇതിനിടെ ഇസ്രയേലും ഇറാനും തമ്മില്‍ റഷ്യ വഴി ചില രഹസ്യ സന്ദേശങ്ങള്‍ കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തങ്ങളെ നേരിട്ട് ആക്രമിക്കാത്ത പക്ഷം തിരിച്ചും ആക്രമിക്കില്ലെന്ന് ഇസ്രയേല്‍ ഇറാനെ അറിയിച്ചു. ഗാസയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനശക്തിയുള്ള 'ബോര്‍ഡ് ഓഫ് പീസ്' രൂപീകരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ രാഷ്ട്രീയ നീക്കങ്ങള്‍ കേവലം യുദ്ധവാര്‍ത്തകളല്ല. ക്രൂഡ് ഓയില്‍ വിലയെയും ആഗോള ഓഹരി വിപണിയെയും നേരിട്ട് ബാധിക്കുന്ന നീക്കങ്ങളാണ്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ലഘൂകരിക്കപ്പെട്ടാല്‍ എണ്ണവിലയില്‍ സ്ഥിരത വരും. എന്നാല്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ അടുത്ത നീക്കം വിപണിയില്‍ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചേക്കാം.
ഇതിനിടെ ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് സൗദി അറേബ്യ അമേരിക്കയോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോള്‍, ഖത്തറും ഒമാനും വാഷിംഗ്ടണും ടെഹ്‌റാനും ഇടയിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വേഗത കൂട്ടിയിരിക്കുകയാണ്.
ബുധനാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെട്ടതോടെ ഒരു ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ഗള്‍ഫ് ലോകം. ഗള്‍ഫ് രാജ്യങ്ങളുടെ ഈ ഭീതിക്ക് പിന്നിലും വ്യക്തമായ സാമ്പത്തിക കാരണങ്ങളുണ്ട്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചാല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിക്കും. ഇത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതി രാജ്യങ്ങളെയും ലോക വിപണിയെയും ഗുരുതരമായി ബാധിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
