image

9 April 2026 1:14 PM IST

Economy

വത്തിക്കാനും വൈറ്റ് ഹൗസും നേര്‍ക്കുനേര്‍! ട്രംപ് ഭരണകൂടം മാര്‍പ്പാപ്പയെ ഭീഷണിപ്പെടുത്തിയോ?

MyFin Desk

Pope Leo XIV and Donald Trump illustration representing the diplomatic tension between Vatican and USA.
X

മാർപ്പാപ്പയും ഡൊണാൾഡ് ട്രംപും - വത്തിക്കാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നു.

Summary

പെന്റഗണിലെ രഹസ്യ കൂടിക്കാഴ്ചയിൽ മാർപ്പാപ്പയുടെ പ്രതിനിധിയെ വിരട്ടി അമേരിക്കൻ ഉദ്യോഗസ്ഥർ; 'അവിഗ്നൻ പാപ്പസി' ഭീഷണിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്?


അമേരിക്കയുടെ 250-ാം വാര്‍ഷികാഘോഷങ്ങളില്‍ മുഖ്യാതിഥിയായി എത്തേണ്ടിയിരുന്ന മാര്‍പ്പാപ്പയുടെ സന്ദര്‍ശനം വത്തിക്കാന്‍ പെട്ടെന്ന് റദ്ദാക്കി! ആഗോള രാഷ്ട്രീയത്തെയും സാമ്പത്തിക വിപണികളെയും ഒരുപോലെ ഉലയ്ക്കാന്‍ പോകുന്ന ഒരു നയതന്ത്ര യുദ്ധത്തിനാണ് ഇപ്പോള്‍ വൈറ്റ് ഹൗസ് സാക്ഷ്യം വഹിക്കുന്നത്. എന്താണ് വത്തിക്കാനും ട്രംപ് ഭരണകൂടവും തമ്മിലുള്ള ഈ തര്‍ക്കത്തിന് പിന്നില്‍? നമുക്ക് പരിശോധിക്കാം.

അതീവ രഹസ്യമായ കൂടിക്കാഴ്ച

വാര്‍ത്തകള്‍ പുറത്തുവരുന്നത് പന്റഗണില്‍ നടന്ന അതീവ രഹസ്യമായ ഒരു കൂടിക്കാഴ്ചയെക്കുറിച്ചാണ്. ട്രംപ് ഭരണകൂടത്തിലെ അണ്ടര്‍ സെക്രട്ടറി എല്‍ബ്രിഡ്ജ് കോള്‍ബി, വത്തിക്കാന്‍ സ്ഥാനപതി കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് പിയറിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാര്‍പ്പാപ്പയുടെ 'സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ്' പ്രസംഗം ട്രംപ് ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്നാണ് അമേരിക്കയുടെ വാദം. പ്രത്യേകിച്ച്, ട്രംപ്-വാന്‍സ് സഖ്യത്തിന്റെ മാസ് ഡിപ്പോര്‍ട്ടേഷന്‍ അഥവാ കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കാനുള്ള നീക്കത്തെ അമേരിക്കന്‍ വംശജന്‍ കൂടിയായ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ശക്തമായി എതിര്‍ത്തതാണ് വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചത്.

അവിഗ്‌നന്‍ പാപ്പസി ഭീഷണി

ഏറ്റവും ഞെട്ടിക്കുന്ന വിവരം മറ്റൊന്നാണ്. സഭയെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ അവിഗ്‌നന്‍ പാപ്പസി എന്ന ചരിത്രപരമായ ഭീഷണി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയെന്നാണ് വത്തിക്കാന്‍ വൃത്തങ്ങള്‍ പറയുന്നത്. അതായത്, സഭയുടെ പരമാധികാരത്തിന് മേല്‍ സൈനികമോ രാഷ്ട്രീയമോ ആയ സമ്മര്‍ദ്ദം ചെലുത്തുമെന്ന പരോക്ഷമായ താക്കീത്! കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഇത്രയും വലിയൊരു നയതന്ത്ര വെല്ലുവിളി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. ആഗോളതലത്തില്‍ കോടിക്കണക്കിന് അനുയായികളുള്ള കത്തോലിക്കാ സഭയും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയും തമ്മിലുള്ള ഈ അകല്‍ച്ച നിസ്സാരമല്ല. അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയുടെ സോഫ്റ്റ് പവറിനെ ഇത് ബാധിച്ചേക്കാം. കൂടാതെ, ഇറാന്‍-ഇസ്രായേല്‍ യുദ്ധവിഷയത്തിലും ട്രംപിന്റെ വിദേശനയങ്ങളോടും മാര്‍പ്പാപ്പയ്ക്കുള്ള വിയോജിപ്പ് വരുംദിവസങ്ങളില്‍ ആഗോള വിപണിയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. 2026ല്‍ അമേരിക്കയില്‍ നടക്കേണ്ടിയിരുന്ന മാര്‍പ്പാപ്പയുടെ സന്ദര്‍ശനം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ ഇരിക്കുന്നിടത്തോളം മാര്‍പ്പാപ്പ ഇനി അമേരിക്കയിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍.