image

2 May 2025 2:01 PM IST

Economy

വിഴിഞ്ഞം നവയുഗ വികസനത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

MyFin Desk

prime minister says vizhinjam is a project that will boost the maritime future
X

Summary

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ആഗോള സമുദ്ര ഭൂപടത്തില്‍ സംസ്ഥാനത്തെ അടയാളപ്പെടുത്തിയ തുറമുഖമാണ് വിഴിഞ്ഞം.

അദാനി പോര്‍ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (എപിഎസ്ഇഇസെഡ്) പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വികസിപ്പിച്ചെടുത്തതാണ് തുറമുഖം. അന്താരാഷ്ട്ര വ്യാപാരത്തിലും ഷിപ്പിംഗിലും വിഴിഞ്ഞം ഇന്ത്യയുടെ പങ്ക് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തിന്റെ തുറമുഖ നഗരങ്ങള്‍ വികസിത ഭാരത സങ്കല്‍പ്പത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ്. സംസ്ഥാന സര്‍ക്കാറിനൊപ്പം ചേര്‍ന്ന് വിഴിഞ്ഞം തുറമുഖ വികസനം കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

'വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് സീപോര്‍ട്ട് ഇന്ത്യയുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു സുപ്രധാന പുരോഗതിയാണ്,' പ്രധാനമന്ത്രി പറഞ്ഞു. ഇത് നവയുഗ വികസനത്തിന്റെ പ്രതീകമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകളുടെ 75 ശതമാനവും ശ്രീലങ്കയിലെ കൊളംബോ തുറമുഖമാണ് കൈകാര്യം ചെയ്തത്. ഇത് വിദേശനാണ്യത്തിലും വരുമാനത്തിലും ഗണ്യമായ നഷ്ടമുണ്ടാക്കുന്നു. വിഴിഞ്ഞം ആ ട്രാഫിക്കിന്റെ വലിയൊരു ഭാഗം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രം വായ്പയായി നല്‍കിയ വിജിഎഫ് ഫണ്ട് മാത്രമാണ് കേന്ദ്ര വിഹിതമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി മോദിയെ വേദിയിലിരുത്തി കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു.പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി അനുശോചനം അറിയിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തി.

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വിഎന്‍ വാസവന്‍, എംപിമാരായ ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, എംഎല്‍എ എം വിന്‍സന്റ്, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.