image

9 March 2026 11:42 AM IST

Economy

ഗൾഫ് രാജ്യങ്ങളും പ്രതിസന്ധിയിലേക്ക്, ദുബായ് ഇനി സേഫ് ഹാവൻ അല്ല, കേരളത്തിനും കനത്ത തിരിച്ചടി

Rinku Francis

ഗൾഫ് രാജ്യങ്ങളും  പ്രതിസന്ധിയിലേക്ക്, ദുബായ് ഇനി സേഫ് ഹാവൻ അല്ല, കേരളത്തിനും കനത്ത തിരിച്ചടി
X

Summary

ദുബായി ഇനി സേഫ് ഹാവൻ ആകില്ല, സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് ഗൾഫ് രാജ്യങ്ങൾ. കേരളത്തിനും കനത്ത തിരിച്ചടി


ഇറാൻ- ഇസ്രായേൽ യുദ്ധം ഒൻപത് ദിവസം പിന്നിടുമ്പോൾ കനത്ത അനിശ്ചിതത്വത്തിൽ ഗൾഫ് രാജ്യങ്ങളും. പൊതുവെ മാന്ദ്യത്തിലായിരുന്ന രാജ്യങ്ങൾക്ക് യുദ്ധം വീണ്ടും തിരിച്ചടിയാകുകയാണ്. ഏവിയേഷൻ, ടൂറിസം തുടങ്ങി സകല മേഖലകളിലും ഇതിൻ്റെ പ്രത്യാഘാതങ്ങളുണ്ട്.

വിദേശ മൂലധനം കുറയുന്നതും മിസൈൽ, ഡ്രോൺ ആക്രമണങ്ങളും ​ഗൾഫിൻ്റെ ടൂറിസം മേഖലയെ താളം തെറ്റിക്കും. ലോകമെമ്പാടും നിന്നുള്ള ശതകോടീശ്വരൻമാ‍ർ സുരക്ഷിതമായ താവളം എന്ന നിലയിൽ ദുബായിലേക്ക് ചേക്കേറിയിരുന്നു. ദുബായിയുടെ കുതിച്ചുയ‍ർന്നിരുന്ന റിയൽ എസ്റ്റേറ്റ് മേഖലക്കും വ്യാപാര രംഗത്തും തുടരുന്ന യുദ്ധം തിരിച്ചടിയായിരിക്കുകയാണ്.

പ്രതിരോധ ബജറ്റ് ഉയരും

ജിസിസി രാജ്യങ്ങളിലെ സൈനിക ചെലവുകൾ ഉയർത്താൻ വിവിധ ഗവൺമെന്റുകൾ നി‍ർബന്ധിതരാവുകയാണ്. പ്രതിരോധ രം​ഗത്തെ ബജറ്റ് വിഹിതം ഉയ‍ർത്താൻ ഇനി ഗൾഫ് രാജ്യങ്ങളെല്ലാം കൂടുതൽ നി‍ർബന്ധിതരാകുന്നത് മറ്റ് വിഹിതങ്ങൾ കുറയാനും ഇടയാക്കും. ലോകത്തിലെ ഏറ്റവും നിർണായകമായ രണ്ട് സമുദ്രാതിർത്തികളായ ബാബ് എൽ-മണ്ടേബും ഹോർമുസ് കടലിടുക്കും ഭീഷണി നേരിടുന്നത് കൊണ്ട് ചരക്കുനീക്കത്തിനായുള്ള ചെലവുകൾ ഉയരുകയാണ്.

ഇത് ലോകത്തിനും ഗൾഫ് രാജ്യങ്ങൾക്കുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല. ഉയർന്ന എണ്ണവില സാധാരണയായി യുഎഇയുടെ ദേശീയ ബജറ്റിന് ഗുണം ചെയ്യുമെങ്കിലും, ആഗോള പണപ്പെരുപ്പം ദുബായ് ആശ്രയിക്കുന്ന എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. റീട്ടെയിൽ, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾ കനത്ത പ്രതിസന്ധിയിലാകും. ഉയരുന്ന പണപ്പെരുപ്പം ജീവിതച്ചെലവും കടബാധ്യതകളും ഉയർത്തും.

ജിസിസി രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സമീപകാലത്തെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയാണിത്. എണ്ണ വരുമാനത്തിനപ്പുറത്തേക്ക് വിശാലമാക്കേണ്ട വിഭവ സമ്പത്ത്, വിദേശ മൂലധനം എന്നിവയൊക്കെ പ്രതിസന്ധിയിലാകുകയാണ്. കൂടുതൽ പ്രതിഭകളെ ആകർഷിക്കുക,ലോകോത്തര സേവന-വിജ്ഞാന സമ്പദ്‌വ്യവസ്ഥകൾ കെട്ടിപ്പടുക്കുക തുടങ്ങിയ യുഎഇയടെ ലക്ഷ്യങ്ങൾക്കും പശ്ചിമേഷ്യൻ സംഘ‍ർഷം തിരിച്ചടിയാണ്.

വലിയ അടിയേറ്റ് ദുബായ്

യുദ്ധം ഏറ്റവുമധികം പ്രതിസന്ധിയുണ്ടാക്കുന്ന പ്രധാനം നഗരം ദുബായി ആണ്. ഇറാനിയൻ മിസൈലുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ദുബായിലെ ആഡംബര ഹോട്ടലായ ബുർജ് അൽ അറബിന്റെ മുൻഭാഗത്ത് ചെറിയ തീപിടുത്തത്തിന് കാരണമായിരുന്നു. പ്രമുഖ ഫെയർമോണ്ട് ഹോട്ടലിനുമുണ്ടായി കേടുപാടുകൾ. ദുബായുടെ ടൂറിസം രം​ഗത്തിന് ഇത് തിരിച്ചടിയാകും. ടൂറിസ്റ്റുകൾ ഏറ്റവുമധികം എത്തുന്ന മാർച്ച്, ഏപ്രിൽ മാസം സംഘ‍ർഷം മൂലം അവതാളത്തിലാണ് .

ടൂറിസം പുനസ്ഥാപിച്ചാലും സന്ദർശകരുടെ വരവിൽ 11 ശതമാനം മുതൽ 27 ശതമാനം വരെ കുറവുണ്ടാകുമെന്ന് വിശകലന വിദഗ്ധർ സൂചിപ്പിക്കുന്നു. പ്രാദേശിക ടൂറിസം മേഖലയിൽ 3400 കോടി ഡോള‍ർ മുതൽ 5600 കോടി ഡോളർ വരെയാണ് നഷ്ടം പ്രതീക്ഷിക്കുന്നത്. 2025-ൽ റെക്കോർഡ് നിക്ഷേപമാണ് ദുബായിലെ റിയൽ എസ്റ്റേറ്റ് രം​ഗത്തേക്ക് എത്തിയത്. പല പ്രോജക്റ്റുകളിലും യുദ്ധം മൂലം കാലതാമസമുണ്ടാകും. അനുബന്ധ വ്യവസായ രംഗത്തും വ്യാപാര മേഖലയിലും തിരിച്ചടിയുണ്ടാകും.

ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക തളർച്ച ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്തിൻ്റെ സാമ്പത്തിക രംഗത്തിൻ്റെ നട്ടെല്ലായ പ്രവാസി പണം കുറയുന്നത് സമ്പദ്‍രം​ഗത്തെ കൂടുതൽ ബാധിക്കും.