13 March 2026 5:44 PM IST
യുദ്ധം; ഇന്ധന വില കൂടിയത് 85 രാജ്യങ്ങളിൽ, ഇന്ധനവിതരണ തടസം തുടരുന്നത് ഇന്ത്യയിൽ കനത്ത തിരിച്ചടി
MyFin Desk
Summary
ഇറാൻ- ഇസ്രായേൽ യുദ്ധം മൂന്നാഴ്ചയിലേക്ക് കടക്കുമ്പോൾ ഇന്ധന വില ഉയർന്നത് 85 രാജ്യങ്ങളിൽ. യുഎസിൽ ഗ്യാസോലിൻ വിലയിൽ 20 ശതമാനത്തിലധികം വളർച്ച
ഇറാൻ- ഇസ്രായേൽ സംഘർഷം തുടരുന്നതിനിടയിൽ വിവിധ രാജ്യങ്ങളിൽ ഇന്ധന വില കുതിക്കുന്നു. 85 രാജ്യങ്ങളിലാണ് വില കുതിച്ചത്.ഇന്ധന വില കുത്തനെ ഉയരുന്നത് മിക്ക രാജ്യങ്ങൾക്കും ഭീഷണിയാകുകയാണ്. ലോകമെമ്പാടുമുള്ള മോട്ടോർ വാഹന വിപണി യുദ്ധത്തിന്റെ ആഘാതം അനുഭവിക്കുന്നുണ്ട്. ഇന്ത്യയിൽ പെട്രോൾ വില കൂടിയില്ലെങ്കിലും പാചക വാതക വിതരണം നിലച്ചത് റെസ്റ്റോറൻ്റുകൾക്ക് പ്രതിസന്ധിയായി. പല റെസ്റ്റോറൻ്റുകളും താൽക്കാലികമായി അടച്ചു. പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകൾ മെനു പരിമിതപ്പെടുത്തി. യുഎസിൽ മാത്രം ഗ്യാസോലിൻ വിലയിൽ 20 ശതമാനം വർധനവുണ്ട്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നില.
ഗ്ലോബൽ പെട്രോൾ പ്രൈസ് പ്ലാറ്റ്ഫോം ഡാറ്റ പ്രകാരം, ഫെബ്രുവരി 28 ന് യുഎസും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനെ ത്തുടർന്ന് കുറഞ്ഞത് 85 രാജ്യങ്ങളിലെങ്കിലും പെട്രോൾ വില ഉയർന്നു. ചില രാജ്യങ്ങൾ മാസാവസാനം മാത്രമേ വിലയിലെ മാറ്റങ്ങൾ പ്രഖ്യാപിക്കുകയുള്ളൂ എന്നതിനാൽ മറ്റ് പല രാജ്യങ്ങളിലും ഏപ്രിലിൽ വില ഉയരാൻ സാധ്യതയുണ്ട്.
കനത്ത തിരിച്ചടി
കംപോഡിയ, വിയറ്റ്നാം, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം വില ഉയർന്നു. കംപോഡിയയിൽ ഫെബ്രുവരി 23 ന് 95-ഒക്ടേൻ ലിറ്ററിന് 1.11 ഡോളറായിരുന്നത് മാർച്ച് 11 ന് 1.32 ഡോളർ ആയി ഉയർന്നു. വിയറ്റ്നാമിൽ 50 ശതമാനമാണ് വില വർധന. നൈജീരിയയിൽ 35 ശതമാനമായും ലാവോസിൽ 33 ശതമാനവും വില ഉയർന്നു. കാനഡയിൽ 28 ശതമാനമാണ് വില വർധന. വില ഉയർന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ, മാലിദ്വീപ് , സിംഗപ്പുർ, ജർമനി തുടങ്ങിയ രാജ്യങ്ങളുമുണ്ട്. ഇന്ത്യയിൽ എൽപിജി വിതരണ തടസം തുടരുന്നത് റെസ്റ്റോറൻ്റ് വ്യവസായ രംഗത്തിന് കനത്ത തിരിച്ചടിയാകും.
പഠിക്കാം & സമ്പാദിക്കാം
Home
