3 April 2026 3:21 PM IST
Summary
കുവൈറ്റിലും അബുദാബിയിലുമാണ് ഇറാന്‍ ആക്രമണം നടത്തി. എണ്ണശുദ്ധീകരണശാലയിലും ഗ്യാസ് പ്ലാന്റിലും ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടം
പശ്ചിമേഷ്യയെ ആകെ വിഴുങ്ങിക്കൊണ്ട് ഇറാന്‍-അമേരിക്ക യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കുവൈറ്റിലെ മിന അല്‍-അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി. ഇതോടെ ശുദ്ധീകരണശാലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ തീപിടുത്തമുണ്ടായതായും നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കഠിനശ്രമം തുടരുകയാണെന്നും കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചു. അബുദാബിയിലും രണ്ടിടത്ത് ഇറാന്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റില്‍ തീപിടിച്ചിട്ടുണ്ട്. അജ്ബാന്‍ മേഖലയിലായിരുന്നു രണ്ടാമത്തെ ആക്രമണം നടന്നത്. ഇതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയാണ്. യുഎസ് ആക്രമണത്തിന് തിരിച്ചടിയായാണ് ടെഹ്‌റാന്റെ ആക്രമണം.
അതേസമയം യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ ടെഹ്റാനിലും മധ്യ നഗരമായ ഇസ്ഫഹാനിലും കനത്ത ആഘാതം സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പ്രതികാരമായി ബഹ്റൈനിലും ഇസ്രയേലിലും ഇറാന്റെ മിസൈല്‍ ആക്രമണ ഭീഷണി ഉയര്‍ന്നു.ഇറാന്റെ സൈനിക ശേഷി തകര്‍ത്തെന്ന യുഎസ്-ഇസ്രയേല്‍ അവകാശവാദങ്ങള്‍ക്കിടയിലും അയല്‍രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ ശക്തമായ ആക്രമണം തുടരുന്നത് മേഖലയെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്.
യുദ്ധം ആരംഭിച്ച ഫെബ്രുവരി 28-ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ 50 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ എണ്ണ-പ്രകൃതിവാതക കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയത് ആഗോള ഇന്ധന വിപണിയെ വന്‍ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.
ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്‌നം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അടിയന്തരമായി പരിഗണിക്കാനിരിക്കുകയാണ്. എന്നാല്‍, കടലിടുക്ക് വീണ്ടും തുറക്കുന്നതിന്റെ ഉത്തരവാദിത്തം അമേരിക്കയ്ക്ക് മാത്രമല്ലെന്നും, ഇന്ധനത്തിനായി ഈ പാതയെ ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങള്‍ കൂടി മുന്നോട്ട് വരണമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്.
കടലിടുക്ക് സുരക്ഷിതമാക്കാന്‍ സൈനിക നീക്കം അനുവദിക്കണമെന്ന ബഹ്റൈന്റെ നിര്‍ദ്ദേശത്തെ റഷ്യ, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ശക്തമായി എതിര്‍ക്കുന്നതും പ്രതിസന്ധി സങ്കീര്‍ണ്ണമാക്കുന്നു.
സൈനിക ബലം ഉപയോഗിച്ച് ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്ന അമേരിക്കന്‍ മോഹം യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിമര്‍ശിച്ചു. ഇറാനുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തി വെടിനിര്‍ത്തലിലൂടെ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാകൂ എന്നാണ് ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പക്ഷം. സൈനിക നീക്കത്തേക്കാള്‍ രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങളിലൂടെയും ഉപരോധങ്ങളിലൂടെയും ഇറാനെ ചര്‍ച്ചയ്ക്ക് എത്തിക്കാനാണ് 40-ലധികം രാജ്യങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
