5 April 2026 12:40 PM IST
Summary
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പണപ്പെരുപ്പത്തിന്റെ ഭീഷണിയാണ് ഏറ്റവും വലുത്. 2026-ല്‍ 2.4 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് 2027 സാമ്പത്തിക വര്‍ഷത്തില്‍ 4.8 ശതമാനമായി ഇരട്ടിയോളം വര്‍ദ്ധിക്കുമെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കുന്നു
പശ്ചിമേഷ്യയില്‍ പുകയുന്ന യുദ്ധസമാനമായ അന്തരീക്ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വേഗത കുറയ്ക്കുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ കൈവരിക്കുമെന്ന് കരുതിയിരുന്ന 6.8 ശതമാനം വളര്‍ച്ചാ നിരക്ക് 6 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില 50 ശതമാനത്തോളം വര്‍ദ്ധിച്ചതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്നത്.
ഇന്ത്യയുടെ ഇന്ധന വിപണിയെയും ഗതാഗത മേഖലയെയും ഈ പ്രതിസന്ധി നേരിട്ട് ബാധിക്കും. രാജ്യത്തെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 55 ശതമാനവും എല്‍പിജി വിതരണത്തിന്റെ 90 ശതമാനത്തിലധികവും പശ്ചിമേഷ്യന്‍ മേഖലയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇവിടെയുണ്ടാകുന്ന തടസ്സങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആഭ്യന്തര വിപണിയില്‍ ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകും. ഇന്ധനവില ഉയരുന്നത് ചരക്കുനീക്കത്തെ ബാധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരാന്‍ സാധ്യതയുണ്ട്.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പണപ്പെരുപ്പത്തിന്റെ ഭീഷണിയാണ് ഏറ്റവും വലുത്. 2026-ല്‍ 2.4 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് 2027 സാമ്പത്തിക വര്‍ഷത്തില്‍ 4.8 ശതമാനമായി ഇരട്ടിയോളം വര്‍ദ്ധിക്കുമെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇറക്കുമതി ചെയ്യുന്ന വളങ്ങളെ ഇന്ത്യ വളരെയധികം ആശ്രയിക്കുന്നതിനാല്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ കാര്‍ഷിക ഉല്‍പ്പാദന ചെലവ് വര്‍ധിപ്പിക്കും. അത് ഭക്ഷ്യവിലക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യും.
സ്വകാര്യ ഉപഭോഗം കുറയുന്നതും വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതും രാജ്യത്തെ തൊഴില്‍ മേഖലയെയും ബാധിച്ചേക്കാം. പശ്ചിമേഷ്യന്‍ സംഘര്‍ഷം 2026-27 വരെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ ഒരു ശതമാനത്തോളം ഇടിവുണ്ടാകുമെന്ന് ഇവൈ ഇക്കണോമി വാച്ച് റിപ്പോര്‍ട്ടും ശരിവെക്കുന്നുണ്ട്. ആഗോളതലത്തില്‍ ഉല്‍പ്പാദന മേഖലയില്‍ ഇന്ത്യ കരുത്ത് കാട്ടുമ്പോഴും ബാഹ്യമായ ഈ സംഘര്‍ഷങ്ങള്‍ വികസനക്കുതിപ്പിന് തടസ്സമാകുകയാണ്.
സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കൊപ്പം വിദേശത്തു നിന്നുള്ള പണമയക്കലിലും ആശങ്കയുണ്ട്. ഇന്ത്യയിലേക്കെത്തുന്ന ആകെ വിദേശ പണത്തിന്റെ 40 ശതമാനവും ഗള്‍ഫ് മേഖലയില്‍ നിന്നാണ്. സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് പ്രവാസി മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് ആളുകളുടെ വരുമാനത്തെയും സുരക്ഷയെയും ബാധിച്ചേക്കാം. വരും മാസങ്ങളില്‍ എണ്ണവിലയും ചരക്ക് കയറ്റുമതിയും എങ്ങനെ മാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സാമ്പത്തിക ഭാവി.
പഠിക്കാം & സമ്പാദിക്കാം
Home
