image

29 March 2026 1:06 PM IST

Economy

പശ്ചിമേഷ്യന്‍ പ്രതിസന്ധി; ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ തിരിച്ചടി

MyFin Desk

west asian crisis, setback for indian domestic market
X

Summary

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതും വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളുമാണ് ആഭ്യന്തര വിപണിയില്‍ തിരിച്ചടിക്ക് കാരണമായത്


ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ നിഴല്‍ വീഴ്ത്തുന്നു. ഫെബ്രുവരി വരെ ശക്തമായ പ്രകടനം കാഴ്ചവെച്ച രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ മാര്‍ച്ച് മാസത്തോടെ നേരിയ കുറവുണ്ടായതായി ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതും വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളുമാണ് ആഭ്യന്തര വിപണിയില്‍ ഈ തിരിച്ചടിക്ക് കാരണമായത്.

അടിസ്ഥാന സൗകര്യ വികസനത്തിനും നിര്‍മ്മാണ മേഖലയ്ക്കും സര്‍ക്കാര്‍ നല്‍കുന്ന വന്‍തോതിലുള്ള മൂലധന നിക്ഷേപം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി തുടരുന്നുണ്ട്. ഉരുക്ക്, സിമന്റ് ഉല്‍പ്പാദനത്തിലെ റെക്കോര്‍ഡ് വളര്‍ച്ചയും ഡിജിറ്റല്‍ ഇടപാടുകളിലെ കുതിച്ചുചാട്ടവും വിപണിക്ക് കരുത്തേകുന്നുണ്ടെങ്കിലും, ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകള്‍ ഉല്‍പ്പാദന മേഖലയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ഇ-വേ ബില്‍ ജനറേഷനില്‍ ഉണ്ടായ ഇടിവും ഉല്‍പ്പാദന വളര്‍ച്ചയിലെ കുറവും വരാനിരിക്കുന്ന വെല്ലുവിളികളുടെ സൂചനയായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. വിദേശത്തു നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചതും കപ്പല്‍ ഗതാഗതത്തിലെ ഇന്‍ഷുറന്‍സ് നിരക്കുകള്‍ ഉയര്‍ന്നതും ആഭ്യന്തര ഉല്‍പ്പാദന ശൃംഖലയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വിതരണ മേഖലയില്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കിലും, വാഹന വല്‍പ്പനയിലും ഉപഭോഗത്തിലുമുള്ള സ്ഥിരത ആഭ്യന്തര ഡിമാന്‍ഡ് ഇപ്പോഴും ശക്തമാണെന്ന ശുഭസൂചനയാണ് നല്‍കുന്നത്.

ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനവ് നിലവില്‍ പണപ്പെരുപ്പത്തിന് കാരണമാകുന്നുണ്ടെങ്കിലും, ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനവ് വരും മാസങ്ങളില്‍ വലിയ ഭീഷണിയായേക്കാം. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില ഉയര്‍ന്നുതന്നെ നില്‍ക്കുന്നത് വരും കാലയളവില്‍ ചില്ലറ വില്‍പ്പന മേഖലയില്‍ വലിയ വിലക്കയറ്റത്തിന് വഴിവെച്ചേക്കുമെന്ന് ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ഊര്‍ജ്ജ വിപണിയിലെ ചാഞ്ചാട്ടം നിത്യോപയോഗ സാധനങ്ങളുടെ വിലയെയും നേരിട്ട് ബാധിക്കാനിടയുണ്ട്.

നിലവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുരക്ഷിതമായ നിലയിലാണെങ്കിലും, ആഗോള സാഹചര്യങ്ങള്‍ മാറുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ധനമന്ത്രാലയം വിലയിരുത്തുന്നു.