19 Feb 2026 5:59 PM IST
ഭാരത് മണ്ഡപത്തിൽ നടന്ന എഐ ഇംപാക്ട് സമിറ്റിൽ 'മാനവ്' ദർശനത്തെക്കുറിച്ച് വിശദീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.
Summary
ഡൽഹി എഐ ഉച്ചകോടിയിലെ പ്രഖ്യാപനം; 10,300 കോടിയുടെ ഇന്ത്യ എഐ മിഷനും പൗരന്മാരുടെ സുരക്ഷയ്ക്കായുള്ള പുതിയ നയങ്ങളും വരുന്നു.
സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യന്റെ അന്തസ്സിനും മൂല്യങ്ങൾക്കും നിരക്കാത്തതാകരുത് എന്ന ഉറച്ച ബോധ്യത്തോടെ ഇന്ത്യയുടെ AI റോഡ്മാപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 'മാനവ് (MANAV) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അഞ്ച് തൂണുകളിലധിഷ്ഠിതമായ ഈ വിഷൻ, ആഗോളതലത്തിൽ എഐ നയരൂപീകരണത്തിൽ ഇന്ത്യയുടെ മേധാവിത്വം ഉറപ്പിക്കുന്നു.
എന്താണ് മാനവ് വിഷൻ?
മനുഷ്യത്വത്തിന് മുൻഗണന നൽകുന്ന അഞ്ച് അടിസ്ഥാന തത്വങ്ങളെയാണ് 'മാനവ് ' പ്രതിനിധീകരിക്കുന്നത്:
എം - മോറൽ ആൻഡ് എത്തിക്കൽ സിസ്റ്റംസ് (ധാർമ്മികത): എഐ ഡിസൈനിലും വിന്യാസത്തിലും നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കുന്നു. വിദ്യാഭ്യാസ തലത്തിൽ തന്നെ എഐ എത്തിക്സ് പാഠ്യപദ്ധതിയുടെ ഭാഗമാക്കും.
എ - അക്കൗണ്ടബൾ ഗവെർണൻസ് (ഉത്തരവാദിത്തമുള്ള ഭരണം): ഉപയോഗത്തിൽ സുതാര്യമായ നിയമങ്ങളും ശക്തമായ മേൽനോട്ടവും ഉറപ്പാക്കുന്നു. ഇതിനായി 10,300 കോടി രൂപയുടെ 'ഇന്ത്യ എഐ മിഷൻ' സർക്കാർ നടപ്പിലാക്കുന്നു.
എൻ - നാഷണൽ സോവേറെയ്ൻ്റി (ദേശീയ പരമാധികാരം): ഡേറ്റാ പരമാധികാരത്തിന് മുൻഗണന നൽകുന്നു. ഇന്ത്യയുടെ ഡേറ്റയും അൽഗോരിതങ്ങളും ഇന്ത്യയുടെ ഡിജിറ്റൽ അതിർത്തിക്കുള്ളിൽ സുരക്ഷിതമായിരിക്കും.
എ - ആക്സിസബ്ൾ ആൻഡ് ഇൻക്ലൂസിവ് (എല്ലാവർക്കും ലഭ്യമായത്): എഐ എന്നത് ചുരുക്കം ചിലരുടെ കുത്തകയാകരുത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സാധാരണക്കാരന് ഉപകാരപ്പെടുന്ന രീതിയിൽ എഐ മാറ്റും.
വി - വാലിഡ് ആൻഡ് ലെജിറ്റിമേറ്റ് (നിയമപരമായ സാധുത): ഡീപ്‌ഫേക്കുകൾ പോലുള്ള വെല്ലുവിളികളെ നേരിടാൻ എഐ നിർമ്മിത ഉള്ളടക്കങ്ങൾക്ക് വാട്ടർമാർക്കിംഗും നിയമപരമായ സാധുതയും നിർബന്ധമാക്കും.
ലോകത്തിന് ഇന്ത്യ നൽകുന്ന സന്ദേശം
വികസിത രാജ്യങ്ങൾ സാങ്കേതിക മികവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, സാങ്കേതികവിദ്യയെ എങ്ങനെ സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കാം എന്നതിന് ഭാരതം നൽകുന്ന ഉത്തരമാണ് 'മാനവ്'. പരമാധികാരം സംരക്ഷിച്ചുകൊണ്ട് തന്നെ ആഗോള സഹകരണത്തിന് ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി ഈ ഉച്ചകോടിയിലൂടെ വ്യക്തമാക്കി. ചുരുക്കത്തില്‍ മനുഷ്യനും ഇന്റലിജന്റ് സംവിധാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന, ഒരുമിച്ച് വളരുന്ന ഒരു കാലഘട്ടത്തിലേക്കാണ് നാം കടക്കുന്നത്. യന്ത്രങ്ങള്‍ മിടുക്കരാകുമ്പോള്‍ അത് മനുഷ്യന്റെ കഴിവുകളെയും ഉല്‍പ്പാദനക്ഷമതയെയും പലമടങ്ങ് വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിക്കുന്നു.
എഐനിര്‍മ്മിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടര്‍മാര്‍ക്ക്
ജോലി നഷ്ടപ്പെടുമെന്ന ആശങ്കയല്ല, മറിച്ച് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചത്.ഡീപ്‌ഫേക്കുകളും തെറ്റായ വിവരങ്ങളും സമൂഹത്തെ അസ്ഥിരപ്പെടുത്തുന്ന കാലത്ത് വിശ്വാസത്തിനാണ് പ്രാധാന്യം. ഇതിനായി എഐനിര്‍മ്മിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടര്‍മാര്‍ക്കിംഗും ആധികാരികത ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ബന്ധമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വികസ്വര രാജ്യങ്ങള്‍ക്കായി എഐ സേവനങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്.
അതേസമയം, റിലയന്‍സിന്റെ 10 ലക്ഷം കോടിയുടെ നിക്ഷേപ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടെ ഈ നയരൂപീകരണം കൂടിയെത്തുമ്പോള്‍, ഇന്ത്യ ലോകത്തിന്റെ എഐഹബ്ബായി മാറുമെന്ന് ഉറപ്പാണ്. ടെക് മേഖലയിലെ നിക്ഷേപകര്‍ക്കും ഈ രംഗത്തുള്ള യുവാക്കള്‍ക്കും വലിയൊരു കുതിച്ചുചാട്ടത്തിനുള്ള വാതിലുകളാണ് ഇവിടെ തുറക്കപ്പെടുന്നത്.ഈ പ്രഖ്യാപനം വരാനിരിക്കുന്ന എഐ നിയമനിര്‍മ്മാണങ്ങളുടെ മുന്‍കൂട്ടിയുള്ള രൂപരേഖയാണ്. ഡാറ്റാ പരമാധികാരത്തിനും ധാര്‍മ്മികതയ്ക്കും നല്‍കുന്ന ഈ പ്രാധാന്യം ആഗോള ടെക് കമ്പനികളെ ഇന്ത്യയുടെ നിബന്ധനകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കും. ഇത് ഇന്ത്യന്‍ ഐടി സ്റ്റോക്കുകളിലും സ്റ്റാര്‍ട്ടപ്പുകളിലും സുരക്ഷിതമായ ഒരു നിക്ഷേപ സാഹചര്യം സൃഷ്ടിക്കുമെന്ന് കരുതാം.
പഠിക്കാം & സമ്പാദിക്കാം
Home
