image

26 Dec 2025 5:51 PM IST

Economy

Copper prices : കോപ്പറിന്റെ അതിവേഗ കുതിപ്പിന് കാരണമെന്ത്?

MyFin Desk

Copper prices : കോപ്പറിന്റെ അതിവേഗ കുതിപ്പിന് കാരണമെന്ത്?
X

Summary

വിലക്കയറ്റത്തിന് പിന്നില്‍ വിതരണ ശൃംഖലയിലെ വന്‍ അട്ടിമറികളാണ് വില്ലനാകുന്നത്


സ്വര്‍ണത്തിനും വെള്ളിക്കും പിന്നാലെ വന്‍ കുതിപ്പില്‍ കോപ്പര്‍. ചരിത്രത്തിലാദ്യമായി മെട്രിക് ടണ്ണിന് 12,000 ഡോളര്‍ എന്ന റെക്കോര്‍ഡ് നിരക്ക് കടന്നു.ലോകത്തിലെ വ്യവസായ-നിര്‍മ്മാണ മേഖലകളുടെ ആരോഗ്യം അളക്കുന്ന ഒരു ബാരോമീറ്ററാണ് കോപ്പര്‍.

എന്നാല്‍ ചെമ്പിന്റെ ഇത്തവണത്തെ വിലക്കയറ്റത്തിന് പിന്നില്‍ ഡിമാന്‍ഡിനേക്കാള്‍ ഉപരിയായി വിതരണ ശൃംഖലയിലെ വന്‍ അട്ടിമറികളാണ് വില്ലനാകുന്നത്.പ്രധാന കാരണം അമേരിക്കയുടെ പുതിയ താരിഫ് പോളിസികളാണ്. ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുമെന്ന ഭയത്താല്‍ ലോകമെമ്പാടുമുള്ള വ്യാപാരികള്‍ ചെമ്പ് വാങ്ങിക്കൂട്ടുകയാണ്. ഈ 'ഫ്രണ്ട് റണ്ണിംഗ് വിപണിയില്‍ കൃത്രിമമായ ക്ഷാമം സൃഷ്ടിക്കുകയും വില കുതിച്ചുയരാന്‍ കാരണമാവുകയും ചെയ്യുന്നു.

ഖനന മേഖലയിലെ തടസ്സങ്ങള്‍, അയിരുകളുടെ ഗുണനിലവാരത്തിലുണ്ടായ ഇടിവ്, കാലങ്ങളായി ഈ മേഖലയിലുള്ള നിക്ഷേപക്കുറവ് എന്നിവയും വെല്ലുവിളിയായി. ലാറ്റിന്‍ അമേരിക്കയിലെയും ഇന്തോനേഷ്യയിലെയും പ്രമുഖ ഖനികളിലുണ്ടായ പ്രശ്നങ്ങള്‍ വിതരണത്തെ സാരമായി ബാധിച്ചു.സില്‍വര്‍ വിപണിയില്‍ കണ്ടതുപോലെ തന്നെ, ഇവിടെയും ഊഹക്കച്ചവടക്കാര്‍ സജീവമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

അതിനാല്‍ ഈ വിലക്കയറ്റം പ്രധാനമായും വിതരണത്തിലെ തടസ്സങ്ങള്‍ മൂലമായതിനാല്‍, താരിഫ് ഭീഷണികള്‍ ഒഴിഞ്ഞാലോ ട്രേഡ് റൂട്ടുകള്‍ സാധാരണ നിലയിലായാലോ വിപണിയില്‍ ചെമ്പിന്റെ അതിപ്രസരം ഉണ്ടായേക്കാം. അങ്ങനെ സംഭവിച്ചാല്‍, എത്ര വേഗത്തിലാണോ വില ഉയര്‍ന്നത്, അത്രതന്നെ വേഗത്തില്‍ ഒരു തകര്‍ച്ചയ്ക്കും സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതിനിടെ ആഗോള വിപണിയില്‍ ചെമ്പ് വില റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോള്‍, ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ

ഓഹരി വില 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചു. ഒരു ആഴ്ചയ്ക്കുള്ളില്‍ 21 ശതമാനത്തിലധികം നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്.

2025-ല്‍ മാത്രം ഏകദേശം 89 ശതമാനം വളര്‍ച്ചയോടെ നിഫ്റ്റി മെറ്റല്‍ ഇന്‍ഡക്സിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓഹരിയായി ഇത് മാറി.