image

2 March 2026 10:45 AM IST

Economy

8 ലക്ഷം കോടി ഒലിച്ചുപോയി! രൂപയും എണ്ണവിലയും വിപണിയെ തകർക്കുന്നത് എങ്ങനെ? 5 കാരണങ്ങൾ

MyFin Desk

Red graph showing Sensex and Nifty crash with stock market trading screen background
X

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് തകർച്ച നേരിടുന്ന ഇന്ത്യൻ ഓഹരി വിപണി

Summary

യുഎസ്-ഇറാൻ യുദ്ധഭീതിയും ക്രൂഡ് ഓയിൽ വിലക്കയറ്റവും ഇന്ത്യൻ വിപണിയെ പിടിച്ചുലയ്ക്കുന്നു. സെൻസെക്സും നിഫ്റ്റിയും തകരാനുള്ള 5 പ്രധാന കാരണങ്ങൾ വിശദമായി വായിക്കാം.


ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് കണ്ടത് ഒരു രക്തച്ചൊരിച്ചിലാണ്. മിനിറ്റുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 8 ലക്ഷം കോടി രൂപ! സെന്‍സെക്‌സ് 2,700 പോയിന്റിലധികം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 24,600 നിലവാരത്തിലേക്ക് കൂപ്പുകുത്തി. എന്താണ് ദലാല് സ്ട്രീറ്റില്‍ സംഭവിക്കുന്നത്? ആഗോള വിപണികളെ വിറപ്പിക്കുന്ന ആ 5 കാരണങ്ങള്‍ പരിശോധിക്കാം.ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ കാരണം പശ്ചിമേഷ്യയിലെ യുദ്ധഭീതിയാണ്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ ഇറാന്‍ ശക്തമായ മിസൈല്‍ ആക്രമണം നടത്തി. ഇതിന് പകരമായി അതിശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഈ യുദ്ധം ലോകം മുഴുവന്‍ വ്യാപിക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.

കുതിച്ച് എണ്ണ വില

യുദ്ധം മുറുകിയതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികള്‍ കാരണം വിതരണം തടസ്സപ്പെടുമെന്ന ഭീതിയില്‍ ബ്രെന്റ് ക്രൂഡ് വില ഒറ്റയടിക്ക് 8 മുതല്‍ 10 ശതമാനം വരെ വര്‍ധിച്ച് ബാരലിന് 80 ഡോളറിന് മുകളിലെത്തി. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍, എണ്ണവിലയിലെ ഓരോ 10 ഡോളര്‍ വര്‍ധനവും നമ്മുടെ ഇറക്കുമതി ബില്ലില്‍ 15,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കും.

ഇടിഞ്ഞ് രൂപ

രൂപയുടെ മൂല്യത്തിലുണ്ടായ വന്‍ ഇടിവാണ് മറ്റൊരു ഘടകം. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഡോളറിനെതിരെ 91 കടന്നു. നിലവില്‍ 91.26 എന്ന നിലവാരത്തിലാണ് രൂപ വ്യാപാരം നടത്തുന്നത്. രൂപ ദുര്‍ബലമാകുന്നത് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ കാരണമാവുകയും കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യും. ആര്‍.ബി.ഐയുടെ അടിയന്തര ഇടപെടല്‍ വിപണി ഇപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട്.

വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നു

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വലിയ തോതില്‍ പണം പിന്‍വലിക്കുന്നത് തുടരുകയാണ്. ഫെബ്രുവരിയില്‍ മാത്രം 11,002 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റഴിച്ചത്. തുടര്‍ച്ചയായ എട്ടാം മാസമാണ് വിദേശികള്‍ വിപണിയില്‍ ലാഭമെടുപ്പ് നടത്തുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും യുദ്ധസാഹചര്യവും ഈ പിന്‍വാങ്ങലിന് വേഗത കൂട്ടി.

സാമ്പത്തിക വളര്‍ച്ചാ നിരക്ക്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായി തുടരുമ്പോഴും, 'നോമിനല്‍ ജിഡിപി' നിരക്ക് കുറയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 9.7 ശതമാനമായിരുന്ന നോമിനല്‍ ജിഡിപി ഇത്തവണ 8.6 ശതമാനമായി കുറഞ്ഞു. ഇത് കമ്പനികളുടെ ലാഭക്ഷമതയെയും നികുതി വരുമാനത്തെയും ബാധിക്കുമെന്നത് വിപണിയെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കുന്നു.

ചുരുക്കത്തില്‍, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ നീണ്ടുനിന്നാല്‍ വിപണിയില്‍ ഇനിയും അസ്ഥിരത തുടരാന്‍ സാധ്യതയുണ്ട്. ക്രൂഡ് ഓയില്‍ വിലയിലെ ചലനങ്ങളും ആര്‍.ബി.ഐയുടെ നിലപാടുകളുമാകും വരും ദിവസങ്ങളില്‍ വിപണിയുടെ ദിശ നിശ്ചയിക്കുക.