image

8 Jun 2023 7:05 AM GMT

Economy

എന്തുകൊണ്ട് റിപ്പോ നിരക്കില്‍ മാറ്റമില്ല; ബാങ്ക് നിക്ഷേപ, വായ്പ നിരക്കുകളെ എങ്ങനെ ബാധിക്കും?

MyFin Desk

Repo rate changes; how will bank deposits and loans be affected
X

Summary

  • പണപ്പെരുപ്പത്തില്‍ മുന്നിലുള്ള വെല്ലുവിളി എല്‍നിനോ
  • 2023 -24 സംബന്ധിച്ച വളര്‍ച്ചാ അനുമാനം 6.50 %
  • പ്രതീക്ഷിക്കുന്നത് സാധാരണ മണ്‍സൂണ്‍


ഏപ്രിലില്‍ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചത് അപ്രതീക്ഷിതമായിരുന്നെങ്കിലും ആര്‍ബിഐയുടെ ഇത്തവണത്തെ തീരുമാനം പ്രതീക്ഷിതമായിരുന്നു. തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ രണ്ടാമത്തെ ധനനയ യോഗത്തിലും റിസര്‍വ് ബാങ്ക് നിരക്ക് കൂട്ടിയില്ല. റിപ്പോ നിലവിലെ 6.50% ആയി നിലനിര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ സംബന്ധിച്ച് ആര്‍ബിഐ-യുടെ വളര്‍ച്ചാ അനുമാനം 6.50 ശതമാനമാണ്. 2022 മേയ് മുതല്‍ 2023 ഫെബ്രുവരി വരെ നീണ്ട 10 മാസത്തില്‍ 2.50% വര്‍ധന റിപ്പോ നിരക്കില്‍ നടപ്പിലാക്കിയിരുന്നു.

മാറുന്ന സാഹചര്യം മാറ്റി ചിന്തിപ്പിച്ചു

കുറയുന്ന പണപ്പെരുപ്പം, മികച്ച ജിഡിപി വളര്‍ച്ച എന്നിവയാണ് റിസര്‍വ് ബാങ്ക് തീരുമാനത്തിന് പിന്നില്‍. ഏപ്രിലിനു ശേഷവും ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുകയാണ്. മാര്‍ച്ചിലെ 5.7 ശതമാനത്തില്‍ നിന്ന്, ഏപ്രിലില്‍ 18 മാസത്തെ താഴ്ന്ന നിരക്കായ 4.7 ശതമാനത്തിലേക്ക് പണപ്പെരുപ്പം എത്തി. തുടര്‍ച്ചയായി രണ്ടുമാസം ആര്‍ബിഐയുടെ സഹന പരിധിയായ 2 ശതമാനത്തിനും 6 ശതമാനത്തിനും ഇടയിലാണ് പണപ്പെരുപ്പം. ഒപ്പം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച 2023 മാര്‍ച്ച് പാദത്തില്‍ 6.1 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംബന്ധിച്ച വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തിലേക്ക് ഉയർന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണയും നിരക്ക് വര്‍ധന വേണ്ടെന്നുവെയ്ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്.

പണപ്പെരുപ്പം ഇനിയും കുറയുമോ

ആര്‍ബിഐ 2023-24 ലെ പണപ്പെരുപ്പ പ്രവചനത്തില്‍ നേരിയ കുറവ് വരുത്തിയിട്ടുണ്ട്, 10 അടിസ്ഥാന പോയിന്‍റ് കുറച്ച് 5.1 ശതമാനമാക്കി. പണപ്പെരുപ്പം 2023-24ല്‍ റിസര്‍വ് ബാങ്കിന്റെ 4% എന്ന ലക്ഷ്യത്തിന് മുകളിലായിരിക്കുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പത്തിനുള്ള ഏറ്റവും വലിയ അപകടസാധ്യത എല്‍നിനോ ആയിരിക്കും. മണ്‍സൂണ്‍ മഴയിലും അടുത്ത മാസങ്ങളിലെ പ്രധാന പണപ്പെരുപ്പ നിരക്കിലും എല്‍നിനോ സ്വാധീനം ചെലുത്തും. ഈ വര്‍ഷം 'സാധാരണ' മണ്‍സൂണാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് രാജ്യത്തിന്റെ വിള ഉല്‍പാദനത്തിനും ഭക്ഷ്യവില നിയന്ത്രിക്കുന്നതിനും പ്രധാനമാണ്.

ബാങ്കിംഗ് മേഖലയ്ക്ക്

ബാങ്കിംഗ് മേഖലയെ സംബന്ധിച്ചിടത്തോളം റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത് വലിയ സ്വാധീനം ചെലുത്തില്ല. വായ്പകള്‍ക്കും നിക്ഷേപങ്ങള്‍ക്കും പലിശ നിരക്ക് നിലവില്‍ ഉയര്‍ന്ന തോതിലെത്തിയിട്ടുണ്ട്. 2,000 രൂപ നോട്ട് പിന്‍വലിച്ചതിന് ശേഷം നിക്ഷേപ ശേഖരണം ഉയര്‍ന്നതും ബാങ്കിംഗ് സംവിധാനത്തിലെ മതിയായ പണലഭ്യതയും കണക്കിലെടുക്കുമ്പോള്‍ നിക്ഷേപ നിരക്ക് ഇനിയും വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ താല്‍പര്യം പ്രകടിപ്പിക്കില്ല. അതേസമയം ഭാവിയില്‍ നിരക്ക് കുറയാനുള്ള സാധ്യത വായ്പയെടുത്തവര്‍ക്ക് ആശ്വാസമാണ്.