image

3 Sept 2025 4:41 PM IST

Economy

കറന്റ് അക്കൗണ്ട് കമ്മി ഇരട്ടിയാവുമോ?

MyFin Desk

കറന്റ് അക്കൗണ്ട് കമ്മി ഇരട്ടിയാവുമോ?
X

Summary

ആഭ്യന്തര വളര്‍ച്ച ഇടിയാന്‍ സാധ്യതയെന്ന് യൂണിയന്‍ ബാങ്ക്


വ്യാപാര, ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി ഉയര്‍ത്തുമെന്ന് യൂണിയന്‍ ബാങ്ക്. നടപ്പ് സാമ്പത്തിക വര്‍ഷം കമ്മി ഇരട്ടിയാവും. ആഭ്യന്തര വളര്‍ച്ച ഇടിയാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്.

ഒരു രാജ്യം കയറ്റുമതിയില്‍ നിന്നും മറ്റ് വരുമാന സ്രോതസുകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക, സാധനങ്ങളുടെയും സേവനങ്ങളുടെയും ഇറക്കുമതിക്കായി ചെലവഴിക്കുമ്പോഴാണ് കറന്റ് അക്കൗണ്ട് കമ്മി സംഭവിക്കുന്നത്. ഇതാണ് നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയെ കാത്തിരിക്കുന്നത്. യുഎസിന്റെ താരിഫും യുദ്ധമടക്കമുള്ള പ്രതിസന്ധികളുമാണ് ഇതിന് കാരണമെന്നാണ് യൂണിയന്‍ ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

നിലവിലെ കറന്റ് അക്കൗണ്ട് കമ്മി 0.6 ശതമാനമാണ്. ഇത് 1.2 ശതമാനമായി ഉയരും. വ്യാപാര കമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചിരുന്നു. ജൂണിലെ 18.7 ബില്യണ്‍ ഡോളറില്‍ നിന്നാണ് ഈ കുത്തനെയുള്ള മുന്നേറ്റം. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി കൂടുമെന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

അതേസമയം, സ്ഥിരമായ ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മി ഉല്‍പ്പാദന മേഖലയെ ബാധിക്കുകയും ഈ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യുമെന്നത് ആശങ്കപ്പെടുത്തുന്നതാണ്. തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ഓട്ടോ ഘടകങ്ങള്‍, രാസവസ്തുക്കള്‍, ചെമ്മീന്‍ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ ആഘാതമുണ്ടാവും.

രൂപയുടെ മൂല്യത്തകര്‍ച്ച, വിദേശ കടം വര്‍ദ്ധിപ്പിക്കുക, ഇന്ധന പണപ്പെരുപ്പം, നിക്ഷേപകരുടെ ആത്മവിശ്വാസം കുറയ്ക്കുക തുടങ്ങി നിരവധി പ്രത്യാഘാതങ്ങള്‍ ഇതുവഴി സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാകാമെന്നും റിപ്പോര്‍ട്ട് വിലയിരുത്തി.