image

4 March 2026 9:22 PM IST

Economy

ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് 'പെണ്‍കരുത്ത്'; വായ്പാ വിപണി പിടിച്ചെടുത്ത് വനിതകള്‍, തിരിച്ചടവിലും ഒന്നാമത്

MyFin Desk

ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് പെണ്‍കരുത്ത്;   വായ്പാ വിപണി പിടിച്ചെടുത്ത് വനിതകള്‍,   തിരിച്ചടവിലും ഒന്നാമത്
X

Summary

വായ്പ എടുക്കുന്നതില്‍ മാത്രമല്ല, അത് കൃത്യമായി തിരിച്ചടയ്ക്കുന്ന കാര്യത്തിലും സ്ത്രീകള്‍ ഏറെ മുന്നിലാണ്. പുരുഷന്മാരുടെ കുടിശ്ശിക നിരക്ക് 3.3 ശതമാനമായിരിക്കുമ്പോള്‍ സ്ത്രീകളുടേത് വെറും 2.8 ശതമാനം മാത്രമാണ്


ഇന്ത്യയുടെ വായ്പാ വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രവചിച്ച് സിആര്‍ഐഎഫ് ഹൈ മാര്‍ക്കിന്റെ 'ദി ക്രെഡിറ്റ് ഗോസ് ടു ഹെര്‍' റിപ്പോര്‍ട്ട്. പുരുഷന്മാരേക്കാള്‍ വേഗത്തില്‍ വായ്പ എടുക്കുന്നതിലും അത് കൃത്യമായി തിരിച്ചടയ്ക്കുന്നതിലും ഇന്ത്യന്‍ വനിതകള്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ വനിതാ വായ്പക്കാരുടെ എണ്ണം 14.2% വാര്‍ഷിക വളര്‍ച്ചയോടെ 8.9 കോടിയിലെത്തി. പുരുഷന്മാരുടെ വളര്‍ച്ചാ നിരക്ക് 8.2 ശതമാനത്തില്‍ നില്‍ക്കുമ്പോഴാണ് ഈ കുതിച്ചുചാട്ടം എന്നത് വിപണിയെ അമ്പരപ്പിക്കുകയാണ്.

തിരിച്ചടവില്‍ 'ക്ലീന്‍ ഷീറ്റ്'; വായ്പാദാതാക്കളുടെ പ്രിയങ്കരികള്‍

വായ്പ എടുക്കുന്നതില്‍ മാത്രമല്ല, സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തിലും സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഏറെ മുന്നിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുരുഷന്മാരുടെ കുടിശ്ശിക നിരക്ക് 3.3 ശതമാനമായിരിക്കുമ്പോള്‍ സ്ത്രീകളുടേത് വെറും 2.8 ശതമാനം മാത്രമാണ്. ഈ കൃത്യനിഷ്ഠ വായ്പാദാതാക്കള്‍ക്കും നിക്ഷേപകര്‍ക്കും ഈ വിഭാഗത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നു. ചുരുക്കത്തില്‍, ബാങ്കുകളുടെ ഏറ്റവും സുരക്ഷിതമായ ഇടപാടുകാരായി ഇന്ത്യന്‍ വനിതകള്‍ മാറിക്കഴിഞ്ഞു.

സ്വര്‍ണത്തേക്കാള്‍ പ്രിയം സ്വന്തം വീടിനോട്

സുരക്ഷിത വായ്പകളായ സ്വര്‍ണപ്പണയം, വിദ്യാഭ്യാസ വായ്പ എന്നിവയില്‍ സ്ത്രീകള്‍ക്ക് വലിയ താല്‍പ്പര്യമുണ്ട്. എന്നാല്‍ ഭവന വായ്പയുടെ കാര്യത്തിലാണ് സ്ത്രീകള്‍ പുരുഷന്മാരെ ഞെട്ടിച്ചിരിക്കുന്നത്. സ്ത്രീകളുടെ ശരാശരി ഭവന വായ്പ തുക 33.9 ലക്ഷം രൂപയാണ്, ഇത് പുരുഷന്മാരുടെ ശരാശരിയെക്കാള്‍ (30.7 ലക്ഷം) കൂടുതലാണ്. രാജ്യത്തെ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തെയും ആസ്തികള്‍ സ്വന്തം പേരില്‍ വാങ്ങാനുള്ള താല്‍പ്പര്യത്തെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ബിസിനസ് രംഗത്തും 'ഷീ-ഇക്കണോമി'

സംരംഭകത്വ രംഗത്തും സ്ത്രീകള്‍ വന്‍ ചുവടുവെപ്പുകളാണ് നടത്തുന്നത്. ബിസിനസ് വായ്പകളില്‍ പകുതിയിലധികവും (50.4%) ഇപ്പോള്‍ സ്ത്രീകള്‍ക്കാണ് ലഭിക്കുന്നത്. സെക്യൂര്‍ഡ് ബിസിനസ് ലോണുകളില്‍ വര്‍ഷം തോറും 61.1 ശതമാനത്തിന്റെ അവിശ്വസനീയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിസിനസ് വായ്പകളുടെ ശരാശരി തുക പുരുഷന്മാരെ അപേക്ഷിച്ച് കുറവാണെങ്കിലും, എംഎസ്എംഇ മേഖലയിലെ സ്ത്രീ മുന്നേറ്റം ഇന്ത്യയുടെ ജിഡിപിയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നില്‍

പുതുതായി വായ്പാ രംഗത്തേക്ക് കടന്നുവരുന്നവരില്‍ 41 ശതമാനവും സ്ത്രീകളാണ്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഈ വായ്പാ വിപ്ലവത്തിന് നേതൃത്വം നല്‍കുന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ റീട്ടെയില്‍ ക്രെഡിറ്റ് വിപണിയുടെ ഗതി നിശ്ചയിക്കുന്ന പ്രധാന ശക്തിയായി വനിതകള്‍ മാറുമെന്ന് ഉറപ്പായി.