image

30 Jun 2023 8:48 AM GMT

Economy

ഇന്ത്യയുടെ ലോ കാർബൺ ഊർജ മേഖലയ്ക്ക് ലോകബാങ്കിന്‍റെ $1.5 ബില്യൺ

MyFin Desk

indias low carbon energy sector supported by world bank
X

Summary

  • ദേശീയ കാര്‍ബണ്‍ വിപണി രൂപീകരിക്കണമന്ന് നിര്‍ദേശം
  • ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കണം
  • ദേശീയ ഹരിത ഹൈഡ്രജൻ മിഷന് പിന്തുണ നല്‍കും


കാര്‍ബണ്‍ പുറംതള്ളലും ഉപയോഗവും കുറഞ്ഞ ഊർജ മേഖലയുടെ വികസനം വേഗത്തിലാക്കുന്നതിന് ഇന്ത്യക്ക് 1.5 ബില്യൺ ഡോളർ ധനസഹായം അനുവദിച്ചതായി ലോക ബാങ്ക് അറിയിച്ചു.പുനരുപയോഗ ഊർജം വർധിപ്പിച്ചും ഗ്രീൻ ഹൈഡ്രജൻ വികസിപ്പിച്ചും, ലോ കാർബൺ എനർജിയിലെ നിക്ഷേപങ്ങൾക്ക് ധനസഹായം നല്‍കുന്നതിലൂടെയും കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഗുണകരമാകുന്നതാണ് ഈ ഫണ്ടെന്ന് ലോകബാങ്ക് പ്രസ്‍താവനയില്‍ പറഞ്ഞു.

ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ വിജയകരമായ നടത്തിപ്പിനെ ഈ ധനസഹായം പിന്തുണയ്ക്കുമെന്ന് ഇന്ത്യയുടെ ലോകബാങ്ക് കൺട്രി ഡയറക്ടർ അഗസ്റ്റെ ടാനോ കൗമെ പറഞ്ഞു. 2030-ഓടെ സ്വകാര്യമേഖലയിൽ 100 ​​ബില്യൺ ഡോളറിന്‍റെ നിക്ഷേപമാണ് ദേശീയ ഹരിത ഹൈഡ്രജൻ മിഷനിലൂടെ ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഈ വര്‍ഷം ജനുവരി ആദ്യമാണ് ഈ മിഷന് ഇന്ത്യ അംഗീകാരം നൽകിയത്. ഗവേഷണ, ഉല്‍പ്പന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ളത് ഉള്‍പ്പടെ 19,744 കോടി രൂപയാണ് ഈ ദൗത്യത്തിന്റെ പ്രാരംഭ ചെലവ് കണക്കാക്കുന്നത്. ഉപഭോക്തൃ ചെലവ് കുറയ്ക്കുകയും പവർ ഗ്രിഡ് സംയോജനം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് പുനരുപയോഗ ഊർജ വിതരണം വർദ്ധിപ്പിക്കുന്നതിന് ഈ ധനസഹായത്തിലൂടെ ലക്ഷ്യം വെക്കുന്നു. 2030-ഓടെ പുനരുപയോഗ ഊർജ്ജ ശേഷി 500 ജിഗാവാട്ടില്‍ എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഇത് കരുത്ത് പകരും.

നടപ്പു സാമ്പത്തിക വര്‍ഷം മുതൽ 2027-28 വരെ ഓരോ വർഷവും 50 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ഉല്‍പ്പാദനത്തിന് ബിഡ്ഡുകൾ നൽകുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 2026-ഓടെ പ്രതിവർഷം 40 ദശലക്ഷം ടൺ കാർബൺ പുറംതള്ളല്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ പ്രതിശീർഷ ഊർജ ഉപഭോഗം ആഗോള ശരാശരിയുടെ മൂന്നിലൊന്ന് മാത്രമാണെങ്കിലും, സമ്പദ്‌വ്യവസ്ഥ വളര്‍ച്ച പ്രാപിക്കുന്നതിന്‍റെ ഫലമായി ഊര്‍ജ്ജ ആവശ്യകത അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക ബാങ്ക് പറഞ്ഞു.

2070ഓടെ കാര്‍ബണ്‍ പുറംതള്ളലും സ്വാംശീകരണവും തുല്യമാക്കി നെറ്റ്-സീറോയില്‍ എത്തുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് അനുസൃതമായി, ഫോസിൽ അധിഷ്ഠിത ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്ന് ലോകബാങ്ക് ആവശ്യപ്പെടുന്നതായും പ്രസ്താവന വ്യക്തമാക്കുന്നു. പുനരുപയോഗ ഊർജത്തിന്‍റെ സ്ഥാപിത ശേഷിയിലും ചെലവ് കുറക്കുന്നതിലും ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുവെന്ന് ലോകബാങ്ക് നിരീക്ഷിക്കുന്നു. ലോ കാർബൺ ഊർജ മേഖലയ്ക്കും ഫോസിൽ ഇന്ധനങ്ങൾക്കും ഇടയിൽ ഒരു സന്തുലിതമായ വിപണി അവസരം ഉറപ്പാക്കുന്നതിന് ഒരു ദേശീയ കാർബൺ വിപണി അനിവാര്യമാണെന്ന് ലോക ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. അത്തരം ഒരു വിപണിക്കായുള്ള നയങ്ങളെ തങ്ങളുടെ ധനസഹായം പിന്തുണയ്ക്കുമെന്നും പ്രസ്‍താവന വ്യക്തമാക്കി.

2021-ൽ ഗ്ലാസ്‌ഗോയിൽ നടന്ന സിഒപി26 ഉച്ചകോടിയിൽ, "പഞ്ചാമൃതം" എന്നു വിശേഷിപ്പിക്കപ്പെട്ട പ്രതിജ്ഞയിൽ ഇന്ത്യ പങ്കുചേര്‍ന്നിരുന്നു. ഇതു പ്രകാരം 2030-ഓടെ 1 ബില്യൺ ടൺ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. കൂടാതെ ഇക്കാലയളവിനുള്ളില്‍, ആവശ്യമായ ഊർജ്ജത്തിന്റെ പകുതിയും പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിന്നു ലഭിക്കുന്ന തരത്തിലുള്ള പരിവര്‍ത്തനത്തിനും ഇന്ത്യ ലക്ഷ്യം വെക്കുന്നു.

ആഗോള തലത്തില്‍ കാര്‍ബണ്‍ പുറംതള്ളലിന്‍റെ പേരിലും ആഗോള താപനത്തിന്‍റെ പേരിലും ഇന്ത്യയും ചൈനയും ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങളെയാണ് പാശ്ചാത്യ ചേരി എപ്പോഴും പഴി പറയാറുള്ളത്. 2050ഓടെ നെറ്റ് സീറോയില്‍ എത്താന്‍ തയാറാകണമെന്ന ആവശ്യമാണ് യുഎസ് ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് നിലവില്‍ ഫോസില്‍ ഇന്ധനങ്ങളെ മാറ്റിനിര്‍ത്തി മുന്നോട്ടുപോകാനാകില്ലെന്ന കാഴ്ചപ്പാട് സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിലനില്‍ക്കുന്നുണ്ട്.