image

7 Jun 2023 5:17 AM GMT

Economy

ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം വെട്ടിക്കുറച്ച് ലോകബാങ്ക്

MyFin Desk

world bank news
X

Summary

  • ആഗോള വളര്‍ച്ചാ നിഗമനം മെച്ചപ്പെടുത്തി
  • വികസിത സമ്പദ് വ്യവസ്ഥകള്‍ മെച്ചപ്പെട്ട പ്രതിരോധം പ്രകടമാക്കി
  • ഇന്ത്യയില്‍ പണപ്പെരുപ്പം സ്വകാര്യ ഉപഭോഗത്തെ ബാധിച്ചു


2023 ലെ ആഗോള വളര്‍ച്ച സംബന്ധിച്ച നിഗമനം ലോകബാങ്ക് ഉയര്‍ത്തി. അതേസമയം ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം താഴ്ത്തുകയാണ് ഉണ്ടായിട്ടുള്ളത്. 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ച സംബന്ധിച്ച വീക്ഷണം 6.3 ശതമാനമായി താഴ്ത്തി, ജനുവരിയിലെ നിഗമനത്തില്‍ നിന്ന് 0.3 ശതമാനം പോയിന്റാണ് കുറച്ചിട്ടുള്ളത്. ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന വായ്പാ ചെലവുകളും മൂലം സ്വകാര്യ ഉപഭോഗം പരിമിതപ്പെടുന്നുവെന്നതാണ് ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം കുറയ്ക്കുന്നതിന് കാരണമായി ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നത്.

യുഎസും മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകളും ജനുവരിയിലെ നിഗമനത്തില്‍ വിലയിരുത്തിയുന്നതിനേക്കാള്‍ മെച്ചപ്പെട്ട പ്രതിരോധ ശേഷി പ്രകടമാക്കുന്നുവെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. ഏറ്റവും പുതിയ ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ട്സ് റിപ്പോർട്ട് അനുസരിച്ച് 2023 ൽ ആഗോള വളർച്ച 2.1% ആയി കുറയാൻ സാധ്യതയുണ്ടെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്. ജനുവരിയിലെ നിഗമനത്തില്‍ കണക്കാക്കിയ 1.7% വളര്‍ച്ചയേക്കാള്‍ ഉയര്‍ന്നതാണിത്. 2022ല്‍ 3.1% ആഗോള വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.

ആഗോള തലത്തില്‍ ഉയർന്ന പലിശനിരക്കുകൾ വളർന്നുവരുന്ന വിപണികളിലെയും വികസ്വര സമ്പദ്‌വ്യവസ്ഥകളിലെയും സാമ്പത്തിക സമ്മർദ്ദത്തിന്റെ അപകടസാധ്യത തീവ്രമാകുകയാണ്. 2025ഓടെ ആഗോള വളർച്ച 3.0% ആയി തിരിച്ചെത്തുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്. ആഗോള ജിഡിപി മാന്ദ്യത്തിന് സമീപത്തിലേക്ക് നീങ്ങുകയാണെന്ന് ജനുവരിയിൽ ലോകബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ അതിനുശേഷം, തൊഴിൽ വിപണിയിലും യുഎസിലെ ഉപഭോഗത്തിലും ഉണ്ടായ മെച്ചപ്പെടലും COVID-19 ലോക്ക്ഡൗണുകളിൽ നിന്ന് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചൈനീസ് വിപണി തിരിച്ചുവന്നതും നിഗമനം മെച്ചപ്പെടുത്തുന്നതിലേക്ക് നയിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 2022 ന്റെ രണ്ടാം പകുതിയിലെ സങ്കോചത്തിന് ശേഷം മാനുഫാക്ചറിംഗ് മേഖല 2023ല്‍ വീണ്ടെടുത്തുവെന്നും സർക്കാർ മൂലധനച്ചെലവ് വർധിപ്പിച്ചതിനാൽ നിക്ഷേപ വളർച്ച ഉജ്ജ്വലമായി തുടരുന്നുവെന്നും ലോക ബാങ്ക് അഭിപ്രായപ്പെട്ടു. കോർപ്പറേറ്റ് ലാഭം വർധിക്കുന്നത് സ്വകാര്യ നിക്ഷേപവും വർധിപ്പിക്കാൻ സാധ്യതയുണ്ട്. 2023 ന്റെ ആദ്യ പാദത്തിൽ തൊഴിലില്ലായ്മ 6.8 ശതമാനമായി കുറഞ്ഞു. ഇത് കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. കൂടാതെ തൊഴിൽ ശക്തി പങ്കാളിത്തം വർധിച്ചുവെന്നതും ഉപഭോക്തൃ പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്‍റെ സഹന പരിധിക്കുള്ളില്‍ എത്തിയെന്നതും ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.