image

18 April 2024 9:24 AM GMT

News

രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

MyFin Desk

രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
X

Summary

  • ശില്‍പ ഷെട്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ജുഹുവിലെ ഒരു റസിഡന്‍ഷ്യല്‍ ഫ് ളാറ്റ്, പുനെയിലെ ഒരു റെസിഡന്‍ഷ്യല്‍ ബംഗ്ലാവ്, രാജ് കുന്ദ്രയുടെ പേരിലുള്ള ഇക്വിറ്റി ഷെയറുകള്‍ എന്നിവ ഇഡി കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു
  • ഉക്രൈയ്‌നില്‍ ബിറ്റ്‌കോയിന്‍ മൈനിംഗ് ഫാം സ്ഥാപിക്കുന്നതിനായി അമിത് ഭരധ്വാജ് ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവായ രാജ് കുന്ദ്രയ്ക്ക് 285 ബിറ്റ്‌കോയിന്‍ നല്‍കിയെന്നു ഇഡി പറയുന്നു
  • രാജ് കുന്ദ്രയുടെ കൈവശമുണ്ടെന്ന് ഇഡി ആരോപിക്കുന്ന ബിറ്റ്‌കോയിനിന് ഇപ്പോള്‍ 150 കോടി രൂപ മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്


കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏപ്രില്‍ 18 വ്യാഴാഴ്ച നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടി.

ശില്‍പ ഷെട്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ജുഹുവിലെ ഒരു റസിഡന്‍ഷ്യല്‍ ഫഌറ്റ്, പുനെയിലെ ഒരു റെസിഡന്‍ഷ്യല്‍ ബംഗ്ലാവ്, രാജ് കുന്ദ്രയുടെ പേരിലുള്ള ഇക്വിറ്റി ഷെയറുകള്‍ എന്നിവ ഇഡി കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു.

ഇഡി അന്വേഷണം ആരംഭിച്ചത്

വേരിയബിള്‍ ടെക് െ്രെപവറ്റ് ലിമിറ്റഡിനും, വിവിധ എംഎല്‍എം ഏജന്റുമാര്‍ക്കുമെതിരെ മഹാരാഷ്ട്ര പൊലീസും ഡല്‍ഹി പൊലീസും സമര്‍പ്പിച്ച ഒന്നിലധികം പ്രഥമ വിവര റിപ്പോര്‍ട്ടുകളുടെ (എഫ്‌ഐആര്‍) അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡും, അമിത് ഭരധ്വാജ്, അജയ് ഭരധ്വാജ്, വിവേക് ഭരധ്വാജ്, സിംപി ഭരധ്വാജ്, മഹേന്ദര്‍ ഭരധ്വാജ് എന്നിവരും മറ്റ് നിരവധി ഏജന്റുമാരും ചേര്‍ന്നു ബിറ്റ്‌കോയിനുകളുടെ രൂപത്തില്‍ പ്രതിമാസം 10 ശതമാനം റിട്ടേണ്‍ നല്‍കാമെന്ന വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പൊതുജനങ്ങളില്‍ നിന്ന് വലിയ തുകകള്‍ ശേഖരിച്ചുവെന്നാണ് ആരോപണം.

2017-ല്‍ ഏകദേശം 6600 കോടി രൂപയാണ് ഇത്തരത്തില്‍ ശേഖരിച്ചത്.

കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും അനധികൃതമായി ശേഖരിച്ച ബിറ്റ്‌കോയിനുകള്‍ അവ്യക്തമായ ഓണ്‍ലൈന്‍ വാലറ്റുകളില്‍ മറച്ചുവച്ചിരിക്കുകയാണെന്നുമാണ് ഇഡി ആരോപിക്കുന്നത്.

ഉക്രൈയ്‌നില്‍ ബിറ്റ്‌കോയിന്‍ മൈനിംഗ് ഫാം സ്ഥാപിക്കുന്നതിനായി അമിത് ഭരധ്വാജ് ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവായ രാജ് കുന്ദ്രയ്ക്ക് 285 ബിറ്റ്‌കോയിന്‍ നല്‍കിയെന്നും ഇഡി പറയുന്നു. അമിത് ഭരധ്വാജ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

രാജ് കുന്ദ്രയുടെ കൈവശമുണ്ടെന്ന് ഇഡി ആരോപിക്കുന്ന ബിറ്റ്‌കോയിനിന് ഇപ്പോള്‍ 150 കോടി രൂപ മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്.

അജയ് ഭരധ്വാജ്, മഹേന്ദ്ര ഭരധ്വാജ് എന്നിവര്‍ ഒളിവിലാണ്.