22 Nov 2026 10:50 AM IST
അധികാരത്തിനായി കൈകോര്‍ക്കുമോ? നെതന്യാഹുവിന്റെ പാര്‍ട്ടിയെ ചര്‍ച്ചയ്ക്ക് വിളിച്ച് ഐസന്‍കോട്ട്
MyFin Desk
Summary
അറബ് പാര്‍ട്ടികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നും നിയമനിര്‍മാണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും ലിക്കുഡ് ആവശ്യപ്പെട്ടിട്ടുണ്ട്
ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡിനെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് ക്ഷണിച്ച് മുന്‍ സൈനിക മേധാവിയും യാഷര്‍ പാര്‍ട്ടി അധ്യക്ഷനുമായ ഗാദി ഐസന്‍കോട്.
രാജ്യത്ത് വിശാലമായ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമത്തിന്റെ ഭാഗമാണ് ക്ഷണമെന്ന് യാഷര്‍ പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി ലികുഡ് പ്രതിനിധികളുമായി തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്താന്‍ പാര്‍ട്ടിയുടെ ചര്‍ച്ചാസംഘത്തിന് ഐസന്‍കോട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ ഇരു പാര്‍ട്ടികളുടെയും പ്രതിനിധികള്‍ തമ്മില്‍ വിശദമായ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒക്ടോബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ സഖ്യത്തിനും വ്യക്തമായ ഭൂരിപക്ഷം നേടാനാകാത്തതാണ് ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലാക്കിയത്. 120 അംഗ പാര്‍ലമെന്റായ നെസറ്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുറഞ്ഞത് 61 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.
നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകളും ഐസന്‍കോട്ടിന്റെ പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളുമാണ് ലഭിച്ചത്. അറബ് വിഭാഗങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടികള്‍ക്ക് 19 സീറ്റുകളുണ്ട്. ഇതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യനീക്കങ്ങള്‍ നിര്‍ണായകമായി.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നവംബര്‍ എട്ടിനാണ് ഐസന്‍കോട്ടിനെ ചുമതലപ്പെടുത്തിയത്. അടുത്ത മാസം വരെയാണ് ഇതിനുള്ള സമയപരിധി. ഈ സാഹചര്യത്തില്‍ പരമാവധി പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കി വിശാലമായ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഐസന്‍കോട്ടിന്റെ ശ്രമം.
അതേസമയം, നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിമായി സഹകരിക്കുന്ന കാര്യത്തില്‍ ഐസന്‍കോട്ടിന്റെ ക്യാമ്പില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ പങ്കാളികളാകില്ലെന്ന നിലപാടിലാണ് മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഐസന്‍കോട്ടിന്റെ നേതൃത്വത്തില്‍ ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ബെന്നറ്റിന്റെ ആവശ്യം. എന്നാല്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയിലെ അംഗങ്ങളെ പുതിയ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുന്നതിന് ഐസന്‍കോട്ടിന് എതിര്‍പ്പില്ലെന്നാണ് സൂചന. പ്രധാനമന്ത്രി സ്ഥാനത്ത് നെതന്യാഹു തുടരുന്നതിനോട് മാത്രമാണ് എതിര്‍പ്പ്.
മറുവശത്ത്, അറബ് പാര്‍ട്ടികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നും നിയമനിര്‍മാണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും ലിക്കുഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അള്‍ട്രാ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ പാര്‍ട്ടികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതും മറ്റൊരു സാധ്യതയായി പരിഗണിക്കപ്പെടുന്നുണ്ട്.
ലിക്കുഡുമായുള്ള ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ന്യൂനപക്ഷ അടിയന്തര സര്‍ക്കാരെന്ന ബദല്‍ സാധ്യതയും ഐസന്‍കോട്ട് മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ ഇസ്രയേലിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമാകും.
പഠിക്കാം & സമ്പാദിക്കാം
Home
