image

15 March 2026 11:30 AM IST

News

Election announcement in Kerala is expected today-കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

MyFin Desk

election dates in five states including kerala will be announced soon
X

Summary

ഇന്ന് ഡൽഹിയിൽ വെച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്‌ബീർ സിംഗ് സന്ധു, വിവേക് ​​ജോഷി എന്നിവർ വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് 4 മണിക്കാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.


കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യും വൈകിട്ട് നാല് മണിക്കാണ് വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

കാലാവധി അവസാനിക്കുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്

കേരളം, തമിഴ്‌നാട്, വെസ്റ്റ്ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭകളുടെ കാലാവധി മെയ്, ജൂണ്‍ മാസങ്ങളിലായി അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുന്നത്.

ഏപ്രില്‍ മധ്യത്തോടെ കേരളത്തില്‍ വോട്ടെടുപ്പ് സാധ്യത

കേരളത്തില്‍ ഏപ്രില്‍ 17നും 24നും ഇടയില്‍ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. വിഷുവും ഈസ്റ്ററും ഉള്‍പ്പെടെയുള്ള പ്രധാന ആഘോഷങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമ തീയതി നിശ്ചയിക്കുക. പതിവുപോലെ കേരളത്തില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മേയ് ആദ്യവാരത്തില്‍ നടക്കാനാണ് സാധ്യത.

പശ്ചിമ ബംഗാളില്‍ പ്രഖ്യാപനം വൈകാന്‍ കാരണം

പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതെന്നാണ് സൂചന. അന്തിമ വോട്ടര്‍ പട്ടികയെക്കുറിച്ചുള്ള പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഫെബ്രുവരി 28നാണ് അവിടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ചില പരാതികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്.

എസ്ഐആര്‍ പരിഷ്‌കരണത്തിന് ശേഷം ആദ്യ തിരഞ്ഞെടുപ്പ്

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്ഐആര്‍ നടത്തിയതിന് ശേഷമാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. എസ്ഐആറിന് ശേഷം വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളം, തമിഴ്‌നാട്, ബംഗാള്‍ അടക്കം 11 സംസ്ഥാനങ്ങളില്‍ ഏകദേശം 18.98 കോടി വോട്ടര്‍മാര്‍ പട്ടികയില്‍നിന്ന് പുറത്തായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ്

കേരളത്തിനൊപ്പം തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പരിഗണിച്ച് അസമിലും പശ്ചിമ ബംഗാളിലും വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്.

സ്ഥാനാര്‍ഥി പട്ടിക അന്തിമഘട്ടത്തില്‍

കേരളത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി പട്ടികകള്‍ അന്തിമരൂപത്തിലാക്കുന്ന ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ശക്തമായ പ്രചാരണത്തിലേക്ക് കടക്കാനാണ് പാര്‍ട്ടികളുടെ നീക്കം.