image

20 April 2024 7:19 AM GMT

Election

മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 1 കോടി 30 ലക്ഷം രൂപയുടെ 63,100 കുപ്പി വോട്ടുമഷി

MyFin Desk

മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 1 കോടി 30 ലക്ഷം രൂപയുടെ   63,100 കുപ്പി വോട്ടുമഷി
X

Summary

ഇന്ത്യയിൽ മഷി നിർമിക്കാൻ അനുവാദമുള്ളത് മൈസൂരു പെയ്ന്റ് ആൻഡ് വാർണിഷ് കമ്പനിക്ക് മാത്രമാണ്


മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭ തിരഞ്ഞെടുപ്പിന് ആറ് നാൾ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇൻഡെലിബിൾ ഇങ്ക്) സംസ്ഥാനത്തെ മുഴുവൻ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി(വയൽ) മഷിയാണ് ലോക്സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

സംസ്ഥാനത്തെ 25,231 ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. ഒരു കോടി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തേക്കാവശ്യമായ മഷി തിരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആൻഡ് വാർണിഷ് കമ്പനിയിൽ(എംവിപിഎൽ) നിന്ന് എത്തിച്ചത്.

ഒരു കുപ്പിയിൽ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടർമാരുടെ വിരലുകളിൽ മഷി പുരട്ടാനാവും. വിരലിൽ പുരട്ടിയാൽ വെറും നാൽപതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല.

ഇന്ത്യയിൽ ഈ മഷി നിർമിക്കാൻ അനുവാദമുള്ളത് മൈസൂരു പെയ്ന്റ് ആൻഡ് വാർണിഷ് കമ്പനിക്ക് മാത്രമാണ്. 1962 ലെ ലോക്സഭ തിരഞ്ഞെടുപ്പിലാണ് ആദ്യമായി മായാത്ത മഷി പുരട്ടുന്ന രീതി തുടങ്ങുന്നത്. അതിനു ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഈ മഷി വോട്ടർമാരുടെ വിരലുകളിൽ പുരട്ടിയിട്ടുണ്ട്. നാഷണൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യയിൽ വികസിപ്പിച്ച ഒരു ഫോർമുലയാണ് ഈ സവിശേഷം വോട്ടിങ് മഷിയിൽ ഉപയോഗിച്ചിട്ടുള്ളത്.