9 April 2026 7:11 PM IST
Summary
75% കടന്ന പോളിങ്, ഇനി മെയ് 4-ന് വിധി
രാഷ്ട്രീയ പാർട്ടികളുടെ നാലാഴ്ച നീണ്ട പ്രചാരണവും ആരോപണ-പ്രതിയാരോപണങ്ങളും അവസാനിച്ചതോടെ കേരളം വിധിയെഴുതി. കനത്ത വേനൽച്ചൂടിനെയും അവഗണിച്ച് വോട്ടർമാർ വലിയ തോതിൽ ബൂത്തുകളിലെത്തി. ഇതോടെ സംസ്ഥാനത്ത് മികച്ച പോളിങ്ങാണ് രേഖപ്പെട്ടത്. ലഭ്യമായ കണക്കുകൾ പ്രകാരം പോളിങ് ശതമാനം 75 കടന്നിട്ടുണ്ട്. 2021ലെ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതലാണ് ഈ തവണത്തെ പങ്കാളിത്തം. അന്തിമ കണക്ക് പുറത്തുവന്നിട്ടില്ലെങ്കിലും ആറു മണിവരെ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്ന സാഹചര്യത്തിൽ ചില ബൂത്തുകളിൽ വോട്ടർമാർ ഇപ്പോഴും നിരയിലാണ്.
വോട്ടർ പട്ടികയിൽ നടത്തിയ വ്യാപക പരിഷ്‌കരണങ്ങൾക്ക് പിന്നാലെ നടന്ന തെരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനത്തിൽ സ്വാഭാവികമായ വർധനവ് ഉണ്ടായെന്നാണ് വിലയിരുത്തൽ. ഇനി വരുന്ന 25 ദിവസം മുന്നണികൾക്കായി കണക്കുകൂട്ടലുകളുടെ ദിവസങ്ങളായിരിക്കും. മെയ് നാലിനാണ് വോട്ടെണ്ണൽ.
ഇതിനിടെ കേരളത്തേക്കാൾ ഉയർന്ന പോളിങ് ശതമാനമാണ് ഇന്ന് വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് അഞ്ചുവരെയുള്ള കണക്കുകൾ പ്രകാരം അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും പോളിങ് രേഖപ്പെടുത്തി.
പഠിക്കാം & സമ്പാദിക്കാം
Home
