4 May 2026 7:33 PM IST
Summary
ടിവികെയുടെ വിജയം വെറുമൊരു ചലച്ചിത്രതാരത്തിന്റെ ജനപ്രീതി കൊണ്ടുമാത്രം സംഭവിച്ച അദ്ഭുതമാണോ, അതോ ഭരണകക്ഷിയോടുള്ള ജനങ്ങളുടെ പ്രതിഷേധം വോട്ടായി മാറിയതാണോ എന്ന ചര്‍ച്ചകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാണ്
തമിഴ്നാട് രാഷ്ട്രീയത്തിന്റെ ചരിത്രവഴികളെ കീഴ്‌മേല്‍ മറിച്ചുകൊണ്ടാണ് 'ദളപതി' വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) കന്നി പോരാട്ടത്തില്‍ തന്നെ മൂന്നക്കം കടന്നത്. ഇത് വെറുമൊരു ചലച്ചിത്രതാരത്തിന്റെ ജനപ്രീതി കൊണ്ടുമാത്രം സംഭവിച്ച അദ്ഭുതമാണോ, അതോ ഭരണകക്ഷിയോടുള്ള ജനങ്ങളുടെ പ്രതിഷേധം വോട്ടായി മാറിയതാണോ എന്ന ചര്‍ച്ചകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാണ്. സിനിമയിലെ താരപരിവേഷം വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചെങ്കിലും, ദ്രാവിഡ രാഷ്ട്രീയത്തിന്റെ പരമ്പരാഗത കോട്ടകളെ തകര്‍ക്കാന്‍ വിജയിയെ സഹായിച്ചത് ടിവികെയുടെ അതിശക്തമായ പ്രകടനപത്രികയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
തെരഞ്ഞെടുപ്പ് ഗോദയില്‍ അപ്രതീക്ഷിത വിജയക്കുതിപ്പ് നടത്തിയ ടിവികെ, ഒരു പുതിയ രാഷ്ട്രീയ ശക്തിയായി ഉദയം ചെയ്തിരിക്കുകയാണ്. വെറും പ്രസംഗങ്ങള്‍ക്കപ്പുറം സാധാരണക്കാരന്റെയും യുവാക്കളുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍ കൃത്യമായി സ്പര്‍ശിക്കുന്ന വിപ്ലവകരമായ വാഗ്ദാനങ്ങളാണ് ദളപതിയുടെ പാര്‍ട്ടിയെ വിജയത്തിന്റെ നെറുകയില്‍ എത്തിച്ചത്. സൗജന്യങ്ങള്‍ക്കപ്പുറം ദീര്‍ഘവീക്ഷണമുള്ള ഭരണമാറ്റത്തിന് വിജയ് മുന്നോട്ടുവെച്ച ആ മാസ്റ്റര്‍ പ്ലാനുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സ്ത്രീ ശാക്തീകരണത്തിന് വന്‍ പ്രാധാന്യം നല്‍കുന്ന വിപ്ലവകരമായ വാഗ്ദാനങ്ങളാണ് ടിവികെയെ ജനപ്രിയമാക്കിയത്. വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ നല്‍കുമെന്ന വാഗ്ദാനം, വര്‍ഷം ആറ് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുന്ന അന്നപൂരണി പദ്ധതി, വിവാഹത്തിന് എട്ട് ഗ്രാം സ്വര്‍ണവും പട്ടുസാരിയും നല്‍കുന്ന പദ്ധതി എന്നിവ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിച്ചു. കൂടാതെ, നവജാതശിശുക്കള്‍ക്ക് സ്വര്‍ണ മോതിരവും വെല്‍ക്കം കിറ്റും നല്‍കുന്ന പദ്ധതിയും തമിഴ്‌നാട്ടിലെ അമ്മമാര്‍ക്കിടയില്‍ വലിയ തരംഗമായി മാറി.
ഒട്ടേറെ പ്രഖ്യാപനങ്ങൾ
യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് വമ്പന്‍ പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയത്. ഉന്നത പഠനത്തിനായി 20 ലക്ഷം വരെയുള്ള ഈടില്ലാത്ത വിദ്യാഭ്യാസ വായ്പയും തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് പ്രതിമാസം 4,000 രൂപ നിശ്ചിത സഹായവും ടിവികെ വാഗ്ദാനം ചെയ്യുന്നു. സര്‍ക്കാര്‍ നിയമനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പും സ്വകാര്യ മേഖലയിലെ ജോലികളില്‍ തമിഴ്നാട്ടുകാര്‍ക്ക് 75% സംവരണവും ഉറപ്പാക്കുമെന്ന പ്രഖ്യാപനവും യുവാക്കളെ പാര്‍ട്ടിയോട് അടുപ്പിച്ചു. 5 ലക്ഷം യുവാക്കള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് സഹിതമുള്ള ഇന്റേണ്‍ഷിപ്പും പ്രകടനപത്രികയിലെ ഹൈലൈറ്റായിരുന്നു.
സാങ്കേതികവിദ്യയില്‍ തമിഴ്നാടിനെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ എഐ സിറ്റി എന്ന സ്വപ്ന പദ്ധതിയും വിജയ് മുന്നോട്ട് വെക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രാലയം സ്ഥാപിക്കുമെന്ന വാഗ്ദാനം ടെക് ലോകത്തെ അമ്പരപ്പിച്ചു കഴിഞ്ഞു. അഴിമതിയില്ലാത്ത ഭരണം ഉറപ്പാക്കാന്‍ പൗരന്മാര്‍ക്ക് സിറ്റിസണ്‍ പ്രിവിലേജ് കാര്‍ഡ് നല്‍കുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ക്ഷേമ പദ്ധതികള്‍ വീട്ടിലെത്തിക്കുമെന്നും ടിവികെ ഉറപ്പുനല്‍കുന്നു. നിയമസഭയില്‍ ജനങ്ങള്‍ക്ക് നേരിട്ട് നിവേദനങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക പ്ലാറ്റ്ഫോമും വിഭാവനം ചെയ്തിട്ടുണ്ട്.
സ്ത്രീ സുരക്ഷയ്ക്കായി റാണി വേലു നാച്ചിയാര്‍ ഫോഴ്സ് എന്ന വനിതാ പോലീസ് സേന രൂപീകരിക്കുമെന്ന വാഗ്ദാനം ഏറെ ശ്രദ്ധേയമാണ്. സിസിടിവി ശൃംഖലകള്‍ വ്യാപിപ്പിച്ചും ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിച്ചും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ സീറോ ടോളറന്‍സ് നയം നടപ്പിലാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നുമുള്ള വാഗ്ദാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പിന്തുണയും ടിവികെയ്ക്ക് നേടിക്കൊടുത്തു.
തമിഴ്നാടിനെ കടബാധ്യതയില്ലാത്ത സ്വാശ്രയ സംസ്ഥാനമാക്കി മാറ്റുമെന്ന ദൃഢനിശ്ചയത്തിലാണ് ദളപതി വിജയ്. സൂക്ഷ്മ-ചെറുകിട വ്യവസായങ്ങള്‍ക്കായി 15,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് രൂപീകരിക്കും. വൈദ്യുതി നികുതിയില്‍ ഇളവുകള്‍ നല്‍കിയും പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തിയും സാധാരണക്കാരുടെ മേല്‍ അമിത നികുതി ഭാരം ചുമത്താതെ സംസ്ഥാനത്തെ വികസിപ്പിക്കുമെന്നാണ് ടിവികെ പറയുന്നത്. ഏവരും ഉറ്റുനോക്കുന്ന ഈ അനിശ്ചിതത്വത്തിന് വിരാമമിട്ട് വിജയ് ഭരണത്തില്‍ ഏറുമോ എന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം.
പഠിക്കാം & സമ്പാദിക്കാം
Home
