image

5 Dec 2022 9:16 AM GMT

News

ഇഎസ്ഐസി മിച്ച ഫണ്ട്, നിക്ഷേപം ഇനി ഓഹരി വിപണിയിലും

MyFin Desk

ഇഎസ്ഐസി മിച്ച ഫണ്ട്, നിക്ഷേപം ഇനി ഓഹരി വിപണിയിലും
X

Summary

  • നിക്ഷേപ വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായാണ് നീക്കം.
  • അഗര്‍ത്തലയിലും, ഇടുക്കിയിലും 100 കിടക്കകളുള്ള ഇഎസ്‌ഐ ആശുപത്രി വരും.


ഡെല്‍ഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനിലെ (ഇഎസ്ഐസിസി) മിച്ച ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് അനുമതി. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ വഴിയാണ് നിക്ഷേപം നടത്തുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ അധ്യക്ഷതയില്‍ നടന്ന 189-ആം യോഗത്തിലാണ് തീരുമാനം. വിവിധ ഡെറ്റ് ഉപകരണങ്ങളിലെ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം താരതമ്യേന കുറവായതിനാലാണ് നിക്ഷേപ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഇടിഎഫുകളില്‍ നിക്ഷേപത്തിന് അനുമതി നല്‍കിയത്.

ഇടിഎഫ് നിക്ഷേപം മിച്ച ഫണ്ടുകളുടെ അഞ്ച് ശതമാനത്തിലാണ് ആരംഭിക്കുന്നത്. രണ്ട് പാദങ്ങളില്‍ നിക്ഷേപത്തിന്റെ പ്രകടനം എങ്ങനെയെന്ന് വിലയിരുത്തും. ശേഷം നിക്ഷേപം 15 ശതമാനം വരെ വര്‍ധിപ്പിക്കും. നിഫ്റ്റിയിലെയും സെന്‍സെക്സിലെയും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലായാണ് നിക്ഷേപം നടത്തുന്ന്ത്. അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലെ (എഎംഎസ്) ഫണ്ട് മാനേജര്‍മാരായിരിക്കും നിക്ഷേപം നിയന്ത്രിക്കുന്നത്. ഇക്വിറ്റി നിക്ഷേപങ്ങള്‍ നിലവിലുള്ള കസ്റ്റോഡിയന്‍, എക്‌സ്റ്റേണല്‍ കണ്‍കറന്റ് ഓഡിറ്റര്‍, ഡെറ്റ് നിക്ഷേപങ്ങള്‍ നോക്കുന്ന കണ്‍സള്‍ട്ടന്റ് എന്നിവര്‍ ഇത് നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഎസ്ഐ സ്‌കീമിന്റെ പരിധിയില്‍ വരുന്ന ഇന്‍ഷുറന്‍സ് തൊഴിലാളികളുടെയും അവരുടെ ആശ്രിതരുടെയും എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതിനാല്‍, അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവ് ഇഎസ്ഐസിക്ക് നിര്‍ദ്ദേശം നല്‍കി. ഇഎസ്ഐസി ആശുപത്രികളുടെയും ഡിസ്പെന്‍സറികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ ഘട്ടംഘട്ടമായി ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി 'നിര്‍മാണ്‍ സേ ശക്തി' സംരംഭം ആരംഭിച്ചതായും, ത്രിപുരയിലെ അഗര്‍ത്തല, കേരളത്തില്‍ ഇടുക്കി എന്നിവിടങ്ങളില്‍ 100 കിടക്കകളുള്ള പുതിയ ഇഎസ്ഐസി ആശുപത്രികള്‍ സ്ഥാപിക്കുന്നതിനുള്ള അംഗീകാരവും യോഗത്തില്‍ ലഭിച്ചിട്ടുണ്ട്. ഈ രണ്ടിടങ്ങളിലെ ആശുപത്രികള്‍ ഏകദേശം 60,000 ഗുണഭോക്താക്കളുടെ ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റും.

ഇഎസ്ഐസി മെഡിക്കല്‍ സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തിലെ ഗണ്യമായ വര്‍ധന കണക്കിലെടുത്ത്, ഗുല്‍ബര്‍ഗയിലെയും ബെംഗളൂരുവിലെയും രണ്ട് ഇഎസ്ഐസി നഴ്സിംഗ് കോളേജുകളില്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികളുടെ വിഭാഗത്തിന് കീഴിലുള്ള സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിനും കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി. കൂടാതെ, രാജ്യത്തുടനീളമുള്ള മെഡിക്കല്‍ സ്ഥാപനങ്ങളില്‍ പിഎച്ച്ഡി, എംഡിഎസ്, നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശവും ഇഎസ്‌ഐ കോര്‍പ്പറേഷന്‍ അംഗീകരിച്ചിട്ടുണ്ട്.