image

10 April 2025 2:44 PM IST

News

താരിഫ്; യുഎസ് നടപടി യൂറോപ്യന്‍ യൂണിയന്‍ സ്വാഗതം ചെയ്തു

MyFin Desk

european union welcomed the tariff freeze
X

Summary

  • ഇയു പ്രതികാര നടപടികളുമായി മുന്നോട്ട് പോകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല
  • വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കരാര്‍ യൂറോപ്പ് ആവശ്യപ്പെടുന്നു


പ്രതികാര താരിഫുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ സ്വാഗതം ചെയ്തു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ സ്വന്തം പ്രതികാര നടപടികളുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അവര്‍ വ്യക്തമാക്കിയില്ല.

യുഎസുമായി വ്യാപാര ചര്‍ച്ചകള്‍ക്കായി സമീപിച്ച 75ല്‍ അധികം രാജ്യങ്ങളെ പകരച്ചുങ്കത്തില്‍നിന്നും മൂന്നുമാസത്തേക്ക് ഒഴിവാക്കിയതായി ട്രംപ് പറഞ്ഞു. പക്ഷേ ഈ രാജ്യങ്ങള്‍ക്കും അടിസ്ഥാന നികുതിയായ 10 ശതമാനം തീരുവ ബാധകമായിരിക്കും. യൂറോപ്യന്‍ യൂണിയന്റെ നിരക്ക് 20% ആയിരുന്നു, എന്നാല്‍ 27 രാജ്യങ്ങളുള്ള കൂട്ടായ്മയെ ഇത് എങ്ങനെ ബാധിക്കുമെന്ന് പൂര്‍ണ്ണമായും വ്യക്തമായിരുന്നില്ല.

ചൈനയെ ആനുകൂല്യത്തില്‍നിന്ന് യുഎസ് ഒഴിവാക്കുകയും അവരുടെ താരിഫ് വര്‍ധിപ്പിക്കുകയും ചെയ്തു. നിലവില്‍ ചൈനീസ് ഇറക്കുമതിയുടെ നികുതി നിരക്ക് ട്രംപ് 125% ആയാണ് ഉയര്‍ത്തിയത്.

'ആഗോള സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് പരസ്പര താരിഫ് നിര്‍ത്തലാക്കലിയതെന്ന്' വോണ്‍ ഡെര്‍ ലെയ്ന്‍ വിശേഷിപ്പിച്ചു.

ട്രംപിന്റെ പ്രഖ്യാപനത്തിന് മുമ്പ്, ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് 25% തീരുവ ചുമത്തിയതിന് മറുപടിയായി, 23 ബില്യണ്‍ ഡോളര്‍ വിലവരുന്ന സാധനങ്ങള്‍ക്ക് പ്രതികാര തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ വോട്ട് ചെയ്തിരുന്നു. യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്യന്‍ യൂണിയന്‍ അവയെ 'ന്യായീകരിക്കാത്തതും നാശനഷ്ടമുണ്ടാക്കുന്നതും' എന്ന് വിശേഷിപ്പിച്ചു.

ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയായ ഇയു അംഗങ്ങള്‍, വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചാപരമായ കരാറിനുള്ള മുന്‍ഗണന ആവശ്യപ്പെട്ടിട്ടുണ്ട്.

എങ്കിലും, അംഗരാജ്യങ്ങള്‍ക്ക് വേണ്ടി വ്യാപാര കരാറുകളും തര്‍ക്കങ്ങളും ചര്‍ച്ച ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിന്റെ മേധാവി, യൂറോപ്പ് അതിന്റെ വ്യാപാര പങ്കാളിത്തങ്ങള്‍ വൈവിധ്യവത്കരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് പറഞ്ഞു.