image

27 Oct 2026 1:22 PM IST

News

ഐഡിയയില്‍ നിന്ന് ഇന്നൊവേഷനിലേക്ക്; ഫാബ് അക്കാദമി അപേക്ഷ ക്ഷണിച്ചു

MyFin Desk

ഐഡിയയില്‍ നിന്ന് ഇന്നൊവേഷനിലേക്ക്;   ഫാബ് അക്കാദമി അപേക്ഷ ക്ഷണിച്ചു
X

Summary

കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാബ് ലാബ് കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സാങ്കേതികവിദ്യയില്‍ താല്‍പര്യമുള്ളവര്‍, ഡിസൈനര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഇന്നൊവേറ്റര്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം


ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, പ്രോട്ടോടൈപ്പിംഗ് മേഖലകളില്‍ പ്രായോഗിക പരിശീലനം നേടാന്‍ അവസരമൊരുക്കുന്ന ഫാബ് അക്കാദമി 2027-ലേക്ക് ഫാബ് ലാബ് കേരള അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെ.എസ്.യു.എം) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാബ് ലാബ് കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സാങ്കേതികവിദ്യയില്‍ താല്‍പര്യമുള്ളവര്‍, ഡിസൈനര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഇന്നൊവേറ്റര്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 2026 ഡിസംബര്‍ 5 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

3ഡി പ്രിന്റിംഗ്, ഇലക്ട്രോണിക്സ്, സി.എന്‍.സി മെഷീനിംഗ് തുടങ്ങിയ നൂതന സാങ്കേതിക മേഖലകളില്‍ നേരിട്ടുള്ള പരിശീലനം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രോജക്ട് അധിഷ്ഠിത പഠനത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും ആശയങ്ങളെ പ്രവര്‍ത്തനക്ഷമമായ മാതൃകകളാക്കി മാറ്റാനും യഥാര്‍ഥ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള നൈപുണ്യം പരിശീലനത്തിലൂടെ നേടാം. കേരള സര്‍ക്കാരിന്റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഫാബ് ലാബ് കേരളയിലെ അത്യാധുനിക ഫാബ്രിക്കേഷന്‍ സൗകര്യങ്ങളാണ് പരിശീലനത്തിനായി പ്രയോജനപ്പെടുത്തുന്നത്.

ഫാബ് അക്കാദമി 2027-ല്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നിശ്ചിത സമയത്തിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യതാ മാനദണ്ഡങ്ങള്‍, കോഴ്സ് ഘടന, ഫീസ്, അപേക്ഷാ നടപടികള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ fabacademy.fablabkerala.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനായി ksum.in/fabacademy എന്ന ലിങ്ക് സന്ദര്‍ശിക്കാം.