28 Sep 2023 10:15 AM GMT
Summary
- കൂടുതല്‍ വിളവ് നല്‍കുന്ന നെല്ല്, ഗോതമ്പ് വിത്തുകള്‍ വികസിപ്പിച്ചു
- ഇന്ത്യയിലെ കാര്‍ഷിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഇന്ദിരാഗാന്ധിക്കൊപ്പം പ്രവര്‍ത്തിച്ചു
ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ശില്പിയായി വാഴ്ത്തപ്പെടുന്ന എം എസ് സ്വാമിനാഥന്‍ വ്യാഴാഴ്ച ചെന്നൈയില്‍ അന്തരിച്ചു. അദ്ദേഹത്തിന് 98 വയസ്സായിരുന്നു.
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1960-കളില്‍ രാജ്യം വ്യാപകമായ ക്ഷാമത്തിന്റെ സാധ്യതയെ അഭിമുഖീകരിച്ചപ്പോള്‍ ഉയര്‍ന്ന വിളവ് നല്‍കുന്ന ഗോതമ്പിന്റെയും അരിയുടെയും ഇനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫസ്റ്റ് വേള്‍ഡ് ഫുഡ് പ്രൈസിന് അദ്ദേഹം അര്‍ഹനായത്. അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കൊപ്പം കാര്‍ഷിക നയങ്ങള്‍ നടപ്പാക്കുന്നതിന് സ്വാമിനാഥന്‍ പ്രവര്‍ത്തിച്ചിരുന്നു. 1974-ല്‍ റോമില്‍ നടന്ന യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഫുഡ് കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ അദ്ദേഹം അധ്യക്ഷനായിരുന്നു.
ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും, ഐസിഎആറിന്റെ ഡയറക്ടര്‍ ജനറലായും, ഇന്ത്യാ ഗവണ്‍മെന്റ് സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. 1972-79 കാലഘട്ടത്തില്‍ അദ്ദേഹം കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിലായിരുന്നു. തുടര്‍ന്ന് സ്വാമിനാഥന്‍ കൃഷി മന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. പിന്നീട് സയന്‍സ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആക്ടിംഗ് ഡെപ്യൂട്ടി ചെയര്‍മാനായി. ആസൂത്രണ കമ്മീഷനിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 1982-88 കാലത്ത് ഫിലിപ്പൈന്‍സിലുള്ള ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ജനറലുമായി.
2004ല്‍, സ്വാമിനാഥന്‍ കര്‍ഷകരുടെ ദുരിതം പരിശോധിക്കുന്നതിനായി രൂപീകരിച്ച കര്‍ഷകരുടെ ദേശീയ കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കപ്പെട്ടു. 2006-ല്‍ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അതിന്റെ ശുപാര്‍ശകള്‍ക്കിടയില്‍, കുറഞ്ഞ വില്‍പ്പന വില (എംഎസ്പി) ഉല്‍പ്പാദനത്തിന്റെ ശരാശരി വിലയേക്കാള്‍ കുറഞ്ഞത് 50 ശതമാനം കൂടുതലായിരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
1987-ല്‍ ലഭിച്ച ഫസ്റ്റ് വേള്‍ഡ് ഫുഡ് പ്രൈസിന്റെ വരുമാനത്തില്‍ നിന്ന് അദ്ദേഹം 1988-ല്‍ അദ്ദേഹം എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിച്ചു.
ഡോ. എം.എസ്. സ്വാമിനാഥന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധ ദുഃഖം രേഖപ്പെടുത്തി. രാജ്യത്തിന്റെ ചരിത്രത്തിലെ വളരെ നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍, കാര്‍ഷിക മേഖലയിലെ അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ സ്വാമിനാഥന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ത്യയുടെ പുരോഗതി കാണാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം മാതൃകാപരമായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വാമിനാഥന്റെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
ഇന്ദിര ഗാന്ധിയുടെ വലംകൈ
സ്വാതന്ത്രത്തിന്റെ ആദ്യ ദശകങ്ങളിൽ ഭക്ഷണത്തിനായി അമേരിക്കയുടെ പിന്നാമ്പുറത്തു കൈനീട്ടി നിന്ന ഇന്ത്യയെ ലോകത്തിന്റെ ധാന്യപ്പുരയാക്കി മാറ്റിയ അവശ്വസനീയമായ വിജയകഥ രചിച്ചത് അടിയന്തരാവസ്ഥയുടെ പേരിൽ മാത്രം വരും തലമുറ അറിയാൻ ചരിത്രം ശപിക്കപ്പെട്ട ഇന്ദിരാഗാന്ധി ആണ്.`` ഗരീബി ഹഠാവോ '' എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അവർക്കു കൈത്താങ്ങായി നിന്നത് ഇങ്ങു കേരളത്തിലെ കുട്ടനാട്ടിലുള്ള മങ്കൊമ്പിൽ സ്വാമിമാരുടെ പരമ്പരയിൽപ്പെട്ട എണ്ണം പറഞ്ഞ കൃഷിശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥനും. അവർ ഇന്ത്യയിലെ ഗോതമ്പ് കൃഷിയുടെ തലേവര ഉഴുതുമറിച്ചു നൂറുമേനി കൊയ്തു. ഫിലിപ്പയൻസിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി ഇന്ത്യ കൈകോർത്തതോടെ നെല്ലിന്റെ കാര്യത്തിലും അവർ മാന്ത്രിക വിജയം നേടി. ബാക്കി ചരിത്രം .
അറുപതുകളിൽ കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു തന്നെ 45 കോടി വരുന്ന ജനങ്ങളിൽ 3 കോടി കൊടും പട്ടിണിയിലായിരുന്നു. പെരുകുന്ന ജനങ്ങളെ തീറ്റിപ്പോറ്റാൻ കഴിയാത്തതുകൊണ്ട് ഇന്ത്യ വലിയ പട്ടിണിമരണത്തിനു സാക്ഷ്യം വഹിക്കു൦ എന്ന് ഇന്‍ഡോളജിസ്റ്റുകള്‍ പ്രവചിച്ചിരുന്നു. ഇന്ത്യയിലെ ജനപ്പെരുപ്പത്തെക്കുറിച്ചു `` ദി പോപുലേഷൻ ബോംബ്" എന്ന പുസ്തകം എഴുതിയ അമേരിക്കൻ ജീവശാസ്ത്രജ്ഞൻ പോള്‍ ആര്‍ ഏളിച്ച് ഇതിനു നിർദേശിച്ച ചികിത്സ മൂന്നോ അതിലധികമോ കുട്ടികളുള്ള പുരുഷന്മാരെ വരി ഉടക്കുകഎന്നതായിരുന്നു. എന്തായാലും ഇത്രയും ജനത്തെ തീറ്റിപോറ്റാനുള്ള ഭക്ഷണം ഉല്പാദിപ്പിക്കാൻ ഇന്ത്യക്കു കഴിയുകയില്ല, അപ്പോൾ പിന്നെ പെറ്റുപെരുകിയിട്ടു എന്താണ് കാര്യം . അതായിരുന്നു അദ്ദേഹത്തിന്റെ ലോജിക്.
രാജ്യത്തിൻറെ രണ്ടാമത്തെ പ്രധാനമന്ത്രി ആയിരിന്ന ലാൽബഹദൂർ ശാസ്ത്രി അന്ന് ജനങ്ങളോട് ആഴ്ചയിൽ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ അപേക്ഷിച്ചിരുന്നു. പ്രധാന മന്ത്രിയുടെ അപേക്ഷ മാനിച്ചു രാജ്യത്തെ പല ഹോട്ടലുകളും ഞായറാഴ്ചകളില്‍ വൈകുംനേര൦ ആഹാരം വിളമ്പിയിരുന്നില്ല. രാജ്യത്തിൻറെ പല ഭാഗങ്ങളും ഭക്ഷ്യ ക്ഷാമത്തിന്റെ പിടിയിലായിരുന്നു. ഇത്ര വലിയ ഇല്ലായ്മകളിൽ നിന്നാണ് രാജ്യം ധാന്യ മലകളുടെ മുകളിൽ എത്തിയത്.
ജനസംഖ്യ 45 കോടിയുംകടന്നു 100 കോടിയിലെത്തി അവിടുന്നും കുതിക്കുന്നു. അവരെയെല്ലാം സമൃദ്ധമായി ഊട്ടുന്നു. കൂടാതെ ലോകത്തിന്റെ പല ഭാഗത്തെ ജനങ്ങൾക്കും അന്നം നൽകുന്നു .ഇപ്പോൾ വര്ഷം 112 ദശലക്ഷം ടൺ ഗോതമ്പും , 128 ദശലക്ഷം ടൺ അറിയും ഉല്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ . കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഗോതമ്പ് കയറ്റുമതി 44 ലക്ഷം മെട്രിക് ടൺ, അരിയുടെ കയറ്റുമതി 22 ദശലക്ഷം മെട്രിക് ടൺ.