image

11 Jan 2026 10:05 AM IST

News

ഫിഫ ലോകകപ്പ് ഡെല്‍ഹിയിലെത്തി; ഇനി മൂന്നുനാള്‍ ഇന്ത്യയില്‍

MyFin Desk

fifa world cup arrives in delhi, three more days in india
X

Summary

ഇന്ത്യയിലെ യുവജനങ്ങളെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കാന്‍ ഈ ട്രോഫി പ്രചോദനമാകും. ഏകദേശം 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പ് ട്രോഫി ഇന്ത്യയിലെത്തുന്നത്


ജൂണ്‍ 11 ന് ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി ട്രോഫി ഇന്ത്യയിലെത്തി. ആഗോള പര്യടനത്തിന്റെ ഭാഗമായാണ് ലോകകപ്പ് ഇന്ത്യയിലെത്തിയത്. മൂന്നു ദിവസമാണ് കാല്‍പന്തുകളിയുടെ കിരീടം ഇന്ത്യയിലുണ്ടാകുക.

മുന്‍ ബ്രസീലിയന്‍ ലോകകപ്പ് ജേതാവായ കളിക്കാരനും ഫിഫ ഇതിഹാസവുമായ ഗില്‍ബെര്‍ട്ടോ ഡിസില്‍വ, കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് യഥാര്‍ത്ഥ ട്രോഫി അനാച്ഛാദനം ചെയ്തത്.

ഇന്ത്യയിലെ യുവജനങ്ങളെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കാന്‍ ഈ ട്രോഫി പ്രചോദനമാകുമെന്ന് ഡിസില്‍വ പറഞ്ഞു. '...ഈ ട്രോഫി...നിരവധി കൊച്ചുകുട്ടികളെ പ്രചോദിപ്പിക്കും. വളര്‍ന്നുവരുന്ന തലമുറയെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കുകയും വിജയിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഏകദേശം 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പ് ട്രോഫി ഇന്ത്യയിലെത്തിയത്. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയായ ആഗോള പാനീയ കമ്പനിയായ കൊക്കകോളയാണ് ട്രോഫി ടൂര്‍ സംഘടിപ്പിക്കുന്നത്.

മൂന്ന് ദിവസത്തെ ഇന്ത്യാ പര്യടനത്തില്‍, ട്രോഫി അസമിലെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് രണ്ട് ദിവസം ഡല്‍ഹിയിലുണ്ടാകും.

രാജ്യത്തെ യുവാക്കളെ ഫുട്‌ബോള്‍ കളിയിലേക്ക് ആകര്‍ഷിക്കാന്‍ ട്രോഫി സഹായിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മാണ്ഡവ്യ പറഞ്ഞു. '2036 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും മികച്ച പത്ത് കായിക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ എത്തിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു', മന്ത്രി കൂട്ടിച്ചേര്‍ത്തു.

1978 മുതല്‍ കൊക്കകോള ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളിയാണെന്നും ലോകമെമ്പാടും ഇത് പതിവായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും കൊക്കകോള ഇന്ത്യ ആന്‍ഡ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റ് സങ്കേത് റേ പറഞ്ഞു. ആഗോള യാത്രയില്‍, ട്രോഫി 75 സ്റ്റോപ്പുകളിലും 150-ലധികം ടൂര്‍ ദിവസങ്ങളിലുമായി 30 രാജ്യങ്ങള്‍ സന്ദര്‍ശിക്കും.