image

30 Nov 2022 5:01 AM GMT

Banking

സാമ്പത്തിക തട്ടിപ്പുകള്‍ പെരുകി, ഇരയായത് 52% ഇന്ത്യന്‍ കമ്പനികള്‍

MyFin Desk

സാമ്പത്തിക തട്ടിപ്പുകള്‍ പെരുകി, ഇരയായത് 52% ഇന്ത്യന്‍ കമ്പനികള്‍
X

Summary

  • കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് കുറ്റകൃത്യങ്ങള്‍ പെരുകിയത്.
  • റിപ്പോര്‍ട്ട് ചെയ്തത് നികുതി വെട്ടിപ്പ് മുതല്‍ വ്യാജ കെവൈസി ഇടപാട് വരെ
  • മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ ബാങ്ക് തട്ടിപ്പ് നടന്നുവെന്ന കണക്കുകള്‍ നിരത്തി ആര്‍ബിഐ.


മുംബൈ: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഏകദേശം 52 ശതമാനം ഇന്ത്യന്‍ കമ്പനികളും സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും കരകയറി വരുമ്പോള്‍ റഷ്യ -ഉക്രൈന്‍ യുദ്ധം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ കാരണം പല കമ്പനികളും സമ്മര്‍ദ്ദത്തിലാണ്. ഈ അവസരത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും കരകയറുന്നതേയുള്ളൂ എന്നും പിഡബ്ലുസി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

കോവിഡ് പ്രതിസന്ധി മൂലമുണ്ടായ വെല്ലുവിളികളുടെ ഫലമായാണ് 95 ശതമാനം ഇന്ത്യന്‍ കമ്പനികളും ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായതെന്നു കണക്കുകള്‍ ചൂണ്ടി കാട്ടുന്നു. കോവിഡ് പ്രതിസന്ധി കമ്പനികളെ കൂടുതല്‍ ദുര്‍ബലമാക്കിയ സാഹചര്യത്തില്‍ ഇത്തരം തട്ടിപ്പുകള്‍ വലിയ ഭീഷണിയായി ഉയര്‍ന്നു വരികയായിരുന്നു. ഇത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്.

ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ട്ടം കമ്പനികളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയായിരുന്നു. 14 ശതമാനം കമ്പനികള്‍ക്കും ഏകദേശം 50 മില്യണ്‍ ഡോളറിന്റെ നഷ്ടവും, 28 ശതമാനം കമ്പനികള്‍ക്ക് 1-50 മില്യണ്‍ ഡോളറിന്റെ നഷ്ടവും, 50 ശതമാനം കമ്പനികള്‍ക്ക് 1 മില്യണ്‍ ഡോളറില്‍ താഴെയുള്ള നഷ്ട്ടവും ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി, വഞ്ചന, മറ്റു സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവയിലൂടെയാണ് ഈ നഷ്ടം ഉണ്ടായിട്ടുള്ളത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രാജ്യത്ത് ഏകദേശം 9,103 ബാങ്ക് തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണ്. എന്നാല്‍ ബാങ്ക് തട്ടിപ്പുകളുടെ ആകെ മൂല്യം 1.38 ട്രില്യണില്‍ നിന്ന് 604 ബില്യണായി കുറഞ്ഞു.

നികുതി തട്ടിപ്പ്, സൈബര്‍ കുറ്റകൃത്യങ്ങള്‍, കെവൈസി തട്ടിപ്പ് , സമ്പത്ത് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ എന്നിവയാണ് കമ്പനികള്‍ പ്രധാനമായും നേരിടുന്നത്. ഇതില്‍ 47 ശതമാനത്തോളം തട്ടിപ്പുകളും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെട്ടവയാണ് (മോര്‍ട്ട്‌ഗേജ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ക്ലെയിമുകള്‍, ചെക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന തട്ടിപ്പുകള്‍). 45 ശതമാനം കമ്പനികള്‍ സൈബര്‍ കുറ്റകൃത്യങ്ങളും, 34 ശതമാനം കമ്പനികള്‍ കെവൈസിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും റിപ്പോര്‍ട്ട് ചെയ്തു.