image

25 Oct 2023 4:10 PM IST

News

ഇന്ത്യന്‍ സിനിമയ്ക്ക് ഇതു ബ്ലോക്ക്ബസ്റ്റര്‍ കാലം

MyFin Desk

ഇന്ത്യന്‍ സിനിമയ്ക്ക് ഇതു ബ്ലോക്ക്ബസ്റ്റര്‍ കാലം
X

Summary

  • ഈ കലണ്ടര്‍ വര്‍ഷം ഷാരൂഖ് ഖാന്‍ രണ്ട് ഹിറ്റുകളാണു സമ്മാനിച്ചത്
  • ജുലൈ-സെപ്റ്റംബര്‍ പാദത്തിലെ മൊത്തം ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷന്റെ 25 ശതമാനവും സംഭാവന ചെയ്തത് നാല് ചിത്രങ്ങളാണ്
  • ജുലൈ-സെപ്റ്റംബറില്‍ ഹോളിവുഡ് ചിത്രങ്ങളും ഇന്ത്യന്‍ സിനിമാ വ്യവസായത്തിനു ശക്തിപകര്‍ന്നു


2023 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദം ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് നേട്ടങ്ങളുടെ കാലമായിരുന്നു. ജുലൈ-സെപ്റ്റംബര്‍ പാദത്തില്‍ റിലീസ് ചെയ്ത ഭൂരിഭാഗം ചിത്രങ്ങളും കളക്ഷനില്‍ റെക്കോര്‍ഡ് സ്ഥാപിച്ചു.

ഓര്‍മാക്‌സ് മീഡിയയുടെ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് അനുസരിച്ച്, ജൂലൈ - സെപ്റ്റംബറില്‍ ഇന്ത്യന്‍ സിനിമകളുടെ ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ 3895 കോടി രൂപയാണ്. ( ജുലൈ-932 കോടി, ഓഗസ്റ്റ്-1610 കോടി, സെപ്റ്റംബര്‍-1353 കോടി). പ്രാദേശിക ഭാഷകളില്‍ നിന്നുള്ള അഞ്ച് സിനിമകള്‍ ജുലൈ-സെപ്റ്റംബര്‍ പാദത്തിലെ മൊത്തം ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷന്റെ 18 ശതമാനത്തോളം സംഭാവന നല്‍കി.

വര്‍ഷങ്ങള്‍ക്കു മുന്‍പു ഹിറ്റായിരുന്ന നാല് ചിത്രങ്ങള്‍ക്ക് ഇക്കാലയളവില്‍ തുടര്‍ ഭാഗം പുറത്തിറങ്ങി. ഈ നാല് ചിത്രങ്ങളും ഹിറ്റായിരുന്നു. ഗദ്ദര്‍ 2, ഓ മൈ ഗോഡ് 2, ഡ്രീം ഗേള്‍ 2, കാരി ഓണ്‍ ജറ്റ 3 എന്നിവയാണ് ആ നാല് ചിത്രങ്ങള്‍. ഇതിനു പുറമെ റോക്കി ഔര്‍ റാണി കി പ്രേം കഹാനി, ജയിലര്‍, ജവാന്‍, തെലുഗ് ചിത്രങ്ങളായ ഖുഷി, ബ്രോ തുടങ്ങിയവയും മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളാണ്.

600 കോടി ക്ലബ്ബില്‍ ഗദ്ദര്‍ 2

2001 ജൂണില്‍ റിലീസ് ചെയ്ത ചിത്രമായ ഗദ്ദര്‍ ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമായ ഗദ്ദര്‍ 2-ന്റെ ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ (ജിബിഒസി) 600 കോടി രൂപയ്ക്ക് മുകളിലാണ്. ഈ ചിത്രത്തില്‍ സണ്ണി ഡിയോളും അമീഷ പട്ടേലുമാണു മുഖ്യ വേഷത്തിലെത്തിയത്.

ഓ മൈ ഗോഡ് 2

അക്ഷയ് കുമാര്‍, പരേഷ് റവാല്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ ഓ മൈ ഗോഡ് 2 ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷനായി (ജിബിഒസി) നേടിയത് 160 കോടി രൂപയാണ്. 2012 സെപ്റ്റംബര്‍ 28-നാണ് ഈ ചിത്രത്തിന്റെ ഒന്നാം ഭാഗം റിലീസ് ചെയ്തത്.

ഡ്രീം ഗേള്‍ 2

ആയുഷ്മാന്‍ ഖുറാന മുഖ്യ വേഷത്തില്‍ അഭിനയിച്ച ഡ്രീം ഗേള്‍ 2 ഈ വര്‍ഷം ഓഗസ്റ്റ് 25നാണ് റിലീസ് ചെയ്തത്. ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷനായി (ജിബിഒസി) നേടിയത് 110 കോടി രൂപയാണ്.

ഈ ചിത്രത്തിന്റെ ഒന്നാം ഭാഗം റിലീസ് ചെയ്തത് 2019-ലാണ്.

കാരി ഓണ്‍ ജറ്റ 3

ഇത് ഒരു പഞ്ചാബി സിനിമയാണ്. ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷനായി (ജിബിഒസി) നേടിയത് 44 കോടി രൂപയാണ്. മികച്ച പ്രകടനം കാഴ്ചവച്ച പ്രാദേശിക സിനിമകളില്‍ ഒന്ന് കൂടിയായിരുന്നു ഇത്.

4 ചിത്രങ്ങളിലൂടെ ബോക്‌സ് ഓഫീസ് കളക്ഷന്റെ 25 ശതമാനം

ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ജുലൈ-സെപ്റ്റംബര്‍ പാദത്തിലെ മൊത്തം ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷന്റെ 25 ശതമാനവും സംഭാവന ചെയ്തത് ഗദ്ദര്‍ 2, ഓ മൈ ഗോഡ് 2, ഡ്രീം ഗേള്‍ 2, കാരി ഓണ്‍ ജറ്റ 3 എന്നീ നാല് ചിത്രങ്ങളാണ്.

ചുരുക്കത്തില്‍ ജുലൈ-സെപ്റ്റംബര്‍ കാലയളവ് ഇന്ത്യന്‍ സിനിമാ വ്യവസായത്തെ സംബന്ധിച്ച് ഒരു സുവര്‍ണ ഖനിയായി മാറിയെന്നു വേണം കരുതാന്‍.

ജയിലറിന്റെ മുന്നേറ്റം

പ്രാദേശിക ഭാഷാ ചിത്രങ്ങളില്‍ രജനികാന്ത് നായകനായെത്തിയ ജയിലര്‍ വന്‍ മുന്നേറ്റം നടത്തി. ജയിലറിന്റെ ഇന്ത്യയിലെ ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ 393.7 കോടി രൂപയാണെന്നു പിവിആര്‍ ഐനോക്‌സ് പറയുന്നു.

തെലുഗ് ചിത്രങ്ങളായ ഖുഷി, ബ്രോ എന്നിവ യഥാക്രമം 78.1, 92.2 കോടി രൂപയും ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി.

മറാത്തി ചിത്രമായ ബയ്പാന്‍ ഭാരി ദേവ 90.7 കോടിയും, കാരി ഓണ്‍ ജറ്റ 3 എന്ന പഞ്ചാബി ചിത്രം 44.3 കോടി രൂപയും ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി.

രണ്ടാമതും ഹിറ്റടിച്ച് ഷാരൂഖ്

ഈ കലണ്ടര്‍ വര്‍ഷം ഷാരൂഖ് ഖാന്‍ രണ്ട് ഹിറ്റുകളാണു സമ്മാനിച്ചത്. ആദ്യ ചിത്രം പത്താന്‍ ജനുവരിയിലാണ് റിലീസ് ചെയ്തത്. രണ്ടാം ചിത്രമായ ജവാന്‍ സെപ്റ്റംബറില്‍ റിലീസ് ചെയ്തു. 617 കോടി രൂപയാണ് ജവാന്റെ ഗ്രോസ് ബോക്‌സ്ഓഫീസ് കളക്ഷന്‍.

ജുലൈയില്‍ റിലീസ് ചെയ്ത റോക്കി ഔര്‍ റാണി കി പ്രേം കഹാനിയുടെ ഗ്രോസ് ബോക്‌സ് ഓഫീസ് കളക്ഷന്‍ 176.8 കോടി രൂപയാണ്. റണ്‍വീര്‍ സിംഗും ആലിയ ഭട്ടുമാണ് ഈ ചിത്രത്തില്‍ മുഖ്യ വേഷം ചെയ്തിരിക്കുന്നത്.

ഹോളിവുഡ് ചിത്രങ്ങളും നേട്ടമുണ്ടാക്കി

ജുലൈ-സെപ്റ്റംബറില്‍ ഹോളിവുഡ് ചിത്രങ്ങളും ഇന്ത്യന്‍ സിനിമാ വ്യവസായത്തിനു ശക്തിപകര്‍ന്നു. ഓപ്പണ്‍ഹൈമര്‍, മിഷന്‍ ഇംപോസിബിള്‍, ബാര്‍ബി, ദി നണ്‍, മേഗ് 2: ദി ട്രഞ്ച്, ഇന്‍സീഡിയസ്: ദി റെഡ് ഡോര്‍ എന്നിവയും മികച്ച കളക്ഷന്‍ നേടി.

സിനിമകളുടെ വിജയം രാജ്യത്തെ ഏറ്റവും വലിയ സ്ക്രീനിംഗ് കമ്പനിയാ പിവിആർ ഇനോക്സിന്‍റെ ഓഹരികളെ ജൂലൈ മൂന്നിലെ 1378 രൂപയില്‍നിന്ന് 1378 രൂപയിലെത്തിച്ചു.