image

24 Oct 2026 1:19 PM IST

News

ബേബി ഫുഡ് പരസ്യങ്ങളിലും പിടിവീഴുന്നു; 'രണ്ട് മടങ്ങ് വളര്‍ച്ച' വെറും പരസ്യം മാത്രം

MyFin Desk

baby food advertisements also come under scrutiny
X

Summary

നെസ്ലെയുടെ ലാക്ടോജന്‍ പ്രോ 1, നാന്‍ എക്സെല്‍ പ്രോ സ്റ്റേജ് 1 എന്നീ ഉല്‍പ്പന്നങ്ങളുടെയും സൈഡസിന്റെ കോംപ്ലാനിന്റെയും ലേബലിലെ അവകാശവാദങ്ങളാണ് നിരീക്ഷണത്തിലായത്


കുഞ്ഞുങ്ങള്‍ക്കുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങളിലെ പെരുപ്പിച്ച അവകാശവാദങ്ങള്‍ക്ക് പൂട്ടിടാന്‍ എഫ് എസ് എസ് എഐ. നെസ്ലെ ഇന്ത്യയ്ക്കും സൈഡസ് വെല്‍നസ് പ്രോഡക്ട്സ് ലിമിറ്റഡിനുമാണ് ഫുഡ് സേഫ്റ്റി അതോറിറ്റി നോട്ടീസ് അയച്ചത്. നെസ്ലെയുടെ ലാക്ടോജന്‍ പ്രോ 1, നാന്‍ എക്സെല്‍ പ്രോ സ്റ്റേജ് 1 എന്നീ ഉല്‍പ്പന്നങ്ങളുടെയും സൈഡസിന്റെ കോംപ്ലാനിന്റെയും ലേബലിലെ അവകാശവാദങ്ങളാണ് നിരീക്ഷണത്തിലായത്.

നെസ്ലെയുടെ രണ്ട് ഉല്‍പ്പന്നങ്ങളിലെയും അവകാശവാദങ്ങള്‍ക്ക് തെളിവ് ചോദിച്ചാണ് നോട്ടീസ്. ലാക്ടോജന്‍ പ്രോ 1-ല്‍ വേ പ്രോട്ടീന്‍ എളുപ്പത്തില്‍ ദഹിക്കുമെന്നും, നാന്‍ എക്സെല്‍ പ്രോയില്‍ അഞ്ച് എച്ച്എംഒകള്‍ രോഗപ്രതിരോധ ശേഷി കൂട്ടുമെന്നുമുള്ള അവകാശവാദത്തിന് ശാസ്ത്രീയ തെളിവ് ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകളില്ലാതെ ഇത്തരം പരസ്യം പാടില്ലെന്നാണ് ഫുഡ് സേഫ്റ്റി റെഗുലേറ്ററുടെ നിലപാട്.

അതേസമയം കോംപ്ലാനെതിരായ നടപടി കൂടുതല്‍ കടുപ്പമാണ്. 'രണ്ട് മടങ്ങ് വേഗത്തിലുള്ള വളര്‍ച്ച', 'ഏകാഗ്രതയും ഓര്‍മശക്തിയും കൂട്ടും', 'പ്രോ ഇമ്മ്യൂണിറ്റി+' തുടങ്ങിയ അവകാശവാദങ്ങള്‍ 2018-ലെ പരസ്യ-അവകാശവാദ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് വിലയിരുത്തല്‍. ഇതിന് ശാസ്ത്രീയ ന്യായീകരണം നല്‍കാനും, എന്തുകൊണ്ട് നടപടി എടുക്കരുതെന്ന് വ്യക്തമാക്കാനും സൈഡസിനോട് ആവശ്യപ്പെട്ടു.

വിഷയത്തില്‍ നെസ്ലെ ഇന്ത്യ പ്രതികരിച്ചു. ലാക്ടോജന്‍ പ്രോ 1-ന്റെ ലേബലിംഗുമായി ബന്ധപ്പെട്ട് വിശദമായ മറുപടി നല്‍കിയിട്ടുണ്ടെന്നും, സെപ്റ്റംബര്‍ 18-ന് ഉന്നയിച്ച വിഷയങ്ങള്‍ തന്നെയാണ് പുതിയ നോട്ടീസിലും ആവര്‍ത്തിച്ചിരിക്കുന്നതെന്നും കമ്പനി വക്താവ് അറിയിച്ചു. കമ്പനികള്‍ക്കെതിരെ തുടര്‍നടപടി എന്താകുമെന്ന് എഫ് എസ് എസ് എ ഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.