image

26 May 2023 4:16 AM GMT

News

ഷോറൂമില്‍ ചരക്കിറക്കാന്‍ മൂന്നിരട്ടി കൂലി; മന്ത്രി ഇടപെട്ടതോടെ യൂനിയനുകാര്‍ പത്തിമടക്കി

MyFin Desk

union labour charge very high
X

Summary

  • യൂനിയന്‍കാരുടെ ഇരയായത് എറണാകുളത്തെ ഒരു അക്വാ സ്ഥാപനം
  • ആവശ്യപ്പെട്ടത് പെട്ടിക്ക് 4000 രൂപ, നല്‍കിയത് 2000ത്തിനു താഴെ
  • തുണയായത് മന്ത്രിയെ ടാഗ് ചെയ്ത ഫേസ്ബുക് പോസ്റ്റ്


നോക്കുകൂലിയും തൊഴിലാളി യൂനിയനുകളുടെ ഗുണ്ടായിസവും കേരളത്തിന്റെ ശാപമായി തുടരുകയാണോ. എറണാകുളത്തെ കെ.എം ടെക് അക്വാ സ്ഥാപനമാണ് യൂനിയന്‍കാരുടെ ഇരയായത്. ഒടുവില്‍ മന്ത്രിമാരെ ബന്ധപ്പെടുകയും സമൂഹമാധ്യമങ്ങളിലൂടെ വിഷയം വൈറലാക്കുകയും ചെയ്തതോടെയാണ് പരിഹാരമായത്. വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനമാണിത്. ഇവര്‍ക്ക് സംസ്ഥാനത്തും വിദേശത്തുമായി നിരവധി ഷോപ്പുകളുണ്ട്.

കണ്ടെയിനറിലെത്തിയ ലോഡിറക്കാന്‍ എറണാകുളത്തെ തൊഴിലാളി യൂനിയനുകള്‍ മൂന്നിരട്ടിയിലധികം തുക ആവശ്യപ്പെടുകയായിരുന്നു. ഒരു പെട്ടിക്ക് മലപ്പുറത്ത് ആയിരവും കുന്നംകുളത്തും കാഞ്ഞങ്ങാടും 1400 ഉം ഉള്ള സ്ഥാനത്താണ് എറണാകുളത്ത് 4000 ചോദിച്ചത്. വേണമെങ്കില്‍ ഞങ്ങള്‍ പറയുന്ന റേറ്റില്‍ ഇറക്കിക്കോ ഇല്ലെങ്കില്‍ പൂട്ടിപോകുകയോ മറ്റോ ചെയ്‌തോ എന്നു ഭീഷണിപ്പെടുത്തുകയായിരുന്നു യൂനിയന്‍കാര്‍. ഇതോടെ പ്രതിസന്ധിയിലായ കെ.ഇ.എം ടെക് ട്രേഡിലെ സജിത്ത് ചോലയില്‍ ഒരുദിവസത്തിനുശേഷം ഫേസ്ബുക്കില്‍ പോസ്റ്റിട്ട് മന്ത്രിമാരായ പി.രാജീവിനെയും വി.ശിവന്‍കുട്ടിയെയും ടാഗ് ചെയ്തു. കണ്ടെയിനര്‍ നിര്‍ത്തിയിട്ട ഫോട്ടോയും വിഡിയോയും ഉള്‍പ്പെടെയായിരുന്നു പോസ്റ്റ്.

ആയിരക്കണക്കിനു പേര്‍ പോസ്റ്റ് വായിച്ചു തൊഴിലാളി യൂനിയനുകള്‍ക്കെതിരേ രംഗത്തുവന്നു. അതോടെ മന്ത്രിമാര്‍ ഇടപെട്ടു. യൂനിയനുകാര്‍ ഭീഷണി ഉപേക്ഷിക്കുകയും ചെയ്തു. ഒടുവില്‍ സ്ഥലത്തെത്തിയ മുട്ടം ലേബര്‍ ഓഫിസര്‍ രാഖി തൊഴിലാളി യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം 2000ത്തില്‍ താഴെ തുകയ്ക്ക് ചരക്കിറക്കാന്‍ തീരുമാനമായി. അതോടെയാണ് സജിത്തിനും കൂടെയുള്ളവര്‍ക്കും സമാധാനമായത്.

കെ.എം ടെക് അക്വാ എറണാകുളത്തേക്കു വരുന്നത് തടയാന്‍ ആരെങ്കിലും യൂനിയനുകാരെക്കൊണ്ട് അമിത കൂലി ഈടാക്കാന്‍ പറഞ്ഞതു അവര്‍ പ്രശ്‌നമുണ്ടാക്കിയതാണോയെന്ന സംശയവും സജിത്ത് പങ്കുവച്ചു.

ഫേസ്ബുക് പോസ്റ്റില്‍ നിന്ന്: ചുമട്ടു തൊഴിലാളി യൂണിയന്‍ കാരണം പൂട്ടിപോകേണ്ടി വരുമെന്നാണ് തോന്നുന്നത്. വലിയ വാടകക്ക് എടുത്ത ഷോറൂമാണ്. 4 മാസമായി വാടക കൊടുത്തു തുടങ്ങിയിട്ട്. ഇന്റീരിയര്‍, സ്റ്റാഫ്, ലൈസന്‍സ് അങ്ങനെ എത്ര ചിലവുകള്‍. ഇപ്പോള്‍ ടാറ്റയുടെ ആദ്യ ലോഡ് കണ്ടെയ്‌നര്‍ ഇന്നലെ വന്നു കിടക്കുന്നതാണ്. ലോഡ് ഇറക്കാന്‍ അമിത കൂലിയാണ് ചോദിക്കുന്നത്. മലപ്പുറം 1000, കുന്നംകുളം 1400, കാഞ്ഞങ്ങാട് 1400. അത് എറണാകുളത്ത് എത്തുമ്പോള്‍ മാത്രം 4,000.

പൊന്നു ചേട്ടന്മാരെ, നിങ്ങളിത് ഇവിടെ ഇറക്കാന്‍ സമ്മതിക്കില്ലെന്നറിയാം. 30 കൊല്ലം പ്രവാസിയായി കഷ്ടപ്പെട്ട് ഇപ്പോള്‍ നാട്ടില്‍ ഒന്ന് സെറ്റില്‍ ആയി സ്വന്തം കുടുംബത്തെ കണ്ടു ജീവിക്കാന്‍ തുടങ്ങിയ പാര്‍ട്ണര്‍ അശോകേട്ടന്റെ സ്വപനങ്ങള്‍ക്കും അവിടെ ജോലി കിട്ടാന്‍ സാധ്യതയുള്ള 25ഓളം കുടുംബങ്ങളുടെയും നെഞ്ചത്തേക്ക് കൂടിയാണ് നിങ്ങളെ കത്തിവെക്കുന്നത്.

കുറെ ദിവസമായി ഇതേ തൊഴിലാളി സുഹൃത്തുക്കള്‍ പിന്നാലെ നടന്നു ചോദിക്കുന്നു; വണ്ടി വരുന്നുണ്ട്. ഇത് പോലുള്ള സാധനമാണ് വരുന്നത്, ഇവിടെയാണ് വെക്കേണ്ടത്, ഇറക്കാന്‍ എത്രരൂപയാകുമെന്ന്. ഇന്നലെ ഒരു വില പറഞ്ഞു, അടുക്കാന്‍ പറ്റാത്തത്. പിന്നെ ഇന്ന് രാവിലെ കണ്ടെയ്‌നര്‍ കണ്ടപ്പോള്‍ മട്ടുമാറി 40% കൂലി പിന്നെയും കൂട്ടി. അവര്‍ക്കറിയാം എന്തായാലും വണ്ടി വന്നല്ലോ. പിന്നെ ഇത് തിരിച്ചു കൊണ്ടുപോകാന്‍ പറ്റില്ലല്ലോ എന്ന. വേണമെങ്കില്‍ ഞങ്ങള്‍ പറയുന്ന റേറ്റില്‍ ഇറക്കിക്കോ ഇല്ലെങ്കില്‍ പൂട്ടിപോകുകയോ എന്തെങ്കികും ചെയ്യെന്നാണ് ഈ യൂണിയന്‍ ചേട്ടന്‍ പറയുന്നത്. ബഹുമാനപ്പെട്ട മിനിസ്റ്റര്‍ പി.രാജീവ്, വി. ശിവന്‍കുട്ടീ എന്താണ് സര്‍ ഞാന്‍ ചെയ്യേണ്ടത്?

വണ്ടിക്ക് ഓരോ ദിവസം കൂടുന്തോറും വെയ്റ്റിംഗ് ചാര്‍ജ് കൂടിക്കൊണ്ടിരിക്കും. അത് കൂടി കൊടുത്താല്‍ പിന്നെ അത് ഇറക്കിയിട്ടും വലിയ കാര്യം ഉണ്ടാകില്ല.

പ്രശ്‌നത്തിനു പരിഹാരമായതോടെ യൂണിയന്‍കാര്‍ പൂട്ടിപ്പോകണമെന്നു പറഞ്ഞപ്പോഴാണ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടത് എന്നു പറഞ്ഞ സജിത്ത് ഇടപെട്ട സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍, വിഷ്യല്‍ മീഡിയക്കാര്‍ തുടങ്ങി കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു