4 Nov 2023 4:40 PM IST
Summary
ഫാർമ കമ്പനിയായ മിറ്റ്‌സ് ഹെൽത്ത് കെയർ ഫാർമസ്യൂട്ടിക്കൽ ജീവനക്കാർക്കാണ് എസ്‌യുവി കാറുകൾ സമ്മാനമായി ലഭിച്ചത്
ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ജീവനക്കാർക്കെല്ലാം ദീപാവലി സമ്മാനമായി ടാറ്റ പഞ്ച് എസ്‌യുവി കാറുകൾ സമ്മാനമായി നൽകിയിരിക്കുകയാണ് ഹരിയാനയിലെ എംഐടിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എംകെ ഭാട്ടിയ. ഫാർമ കമ്പനിയായ മിറ്റ്‌സ് ഹെൽത്ത് കെയർ ഫാർമസ്യൂട്ടിക്കൽ ജീവനക്കാർക്കാണ് എസ്‌യുവി കാറുകൾ സമ്മാനമായി ലഭിച്ചത്.12 ജീവനക്കാർക്കാണ് എസ്‌യുവികൾ സമ്മാനമായി നൽകിയത്. ഒരു ഓഫീസ് ബോയ്ക്കും സമ്മാനം ലഭിച്ചു, കാർ ലഭിച്ചവരിൽ ഡ്രൈവ് ചെയ്യാൻ അറിയാത്തവരുമുണ്ട്.കമ്പനി സമ്മാനമായി കാർ നൽകുമെന്ന് തങ്ങൾ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. കമ്പനിയിലെ മറ്റ് ജീവനക്കാർക്കും വരും ദിവസങ്ങളിൽ വിവിധ സമ്മാനങ്ങൾ ലഭിക്കും.
ജീവനക്കാരുടെ കഠിനാധ്വാനത്തിനും സത്യസന്ധതയ്ക്കും ഉള്ള പാരിതോഷികമായി ആണ് ടാറ്റ പഞ്ച് എസ്‌യുവികൾ നൽകിയതെന്നും താൻ ബോസാണെന്ന് കരുതുന്നില്ലെന്നും കമ്പനിയിൽ ജോലി ചെയ്യുന്നവരെ ജോലിക്കാരായി കാണുന്നില്ലെന്നും മറിച്ച് ജീവനക്കാരെ സെലിബ്രിറ്റികളായിട്ടാണ് കണക്കാക്കുന്നതെന്നും ബിസിനസ് വിജയകരമാക്കാൻ ജീവനക്കാർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ഭാട്ടിയ മാധ്യമങ്ങളോട് പറഞ്ഞു.
കാറുകൾ ഒരു മാസം മുമ്പ് ഭാട്ടിയ വാങ്ങി ജീവനക്കാർക്ക് കൈമാറിയിരുന്നു. എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാവിയിൽ ജീവനക്കാർക്ക് നൽകുന്ന കാറുകളുടെ എണ്ണം 12ൽ നിന്ന് 50 ആക്കി ഉയർത്താൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യൻ കമ്പനികളിൽ ജീവനക്കാർക്ക് ദീപാവലിക്കാലത്ത് സാധാരണയായി ബോണസും സമ്മാനങ്ങളും നൽകാറുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
