3 April 2026 1:52 PM IST
Summary
ഗള്‍ഫ് യുദ്ധത്തിലും ഇറാഖ്, അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷങ്ങളിലും സജീവ സാന്നിധ്യമായിരുന്ന, വെസ്റ്റ് പോയിന്റ് ബിരുദധാരിയായ ജനറല്‍ ജോര്‍ജ്ജ് ഒരു മികച്ച യുദ്ധതന്ത്രജ്ഞനായാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തോടൊപ്പം മറ്റ് രണ്ട് മുതിര്‍ന്ന ജനറല്‍മാരായ ഡേവിഡ് ഹോഡ്നെയും വില്യം ഗ്രീന്‍ ജൂനിയറെയും പുറത്താക്കിയിട്ടുണ്ട്
പെന്റഗണിന്റെ ഇടനാഴികളെ അമ്പരപ്പിച്ചുകൊണ്ട്, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാന്‍ഡി ജോര്‍ജിനെ സ്ഥാനത്തുനിന്ന് നീക്കി. വ്യാഴാഴ്ച പുറത്തുവന്ന ഈ നിര്‍ണായക നീക്കം, ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷമുള്ള ഏറ്റവും വലിയ സൈനിക അഴിച്ചുപണിയായാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗികമായി 'വിരമിക്കല്‍' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും, ഭരണകൂടത്തിന്റെ പുതിയ 'യോദ്ധാക്കളുടെ സംസ്‌കാരത്തിനും' തന്ത്രപരമായ കാഴ്ചപ്പാടുകള്‍ക്കും അനുസൃതമായ ഒരു നേതൃത്വത്തെ കൊണ്ടുവരാന്‍ ജനറലിനോട് ഹെഗ്‌സെത്ത് നേരിട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേല്‍ സംയുക്ത സൈനിക നീക്കം ആരംഭിച്ച് വെറും അഞ്ച് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴുള്ള ഈ പരിച്ചുവിടല്‍ പ്രതിരോധ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഗള്‍ഫ് യുദ്ധത്തിലും ഇറാഖ്, അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷങ്ങളിലും സജീവ സാന്നിധ്യമായിരുന്ന, വെസ്റ്റ് പോയിന്റ് ബിരുദധാരിയായ ജനറല്‍ ജോര്‍ജ്ജ് ഒരു മികച്ച യുദ്ധതന്ത്രജ്ഞനായാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തോടൊപ്പം മറ്റ് രണ്ട് മുതിര്‍ന്ന ജനറല്‍മാരായ ഡേവിഡ് ഹോഡ്നെയും വില്യം ഗ്രീന്‍ ജൂനിയറെയും പുറത്താക്കിയത് സജീവമായ ഒരു യുദ്ധകാലഘട്ടത്തിനിടയില്‍ സൈനിക നേതൃത്വത്തെ പൂര്‍ണ്ണമായും ഉടച്ചുവാര്‍ക്കാനുള്ള ഹെഗ്‌സെത്തിന്റെ ഉറച്ച നീക്കമായി കാണപ്പെടുന്നു.
പെന്റഗണിന്റെ സിവില്‍ നേതൃത്വവും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതയുദ്ധമാണ് ഈ അപ്രതീക്ഷിത നടപടിയിലേക്ക് നയിച്ചത്. പ്രധാനമായും ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഹെഗ്‌സെത്ത് ഇടപെട്ടതും ചില ആഫ്രിക്കന്‍-അമേരിക്കന്‍, വനിതാ ഉദ്യോഗസ്ഥരുടെ പ്രൊമോഷനുകള്‍ തടഞ്ഞതും ജനറല്‍ ജോര്‍ജുമായുള്ള ബന്ധം വഷളാക്കിയിരുന്നു. കൂടാതെ, അച്ചടക്ക നടപടികളില്‍ പ്രതിരോധ സെക്രട്ടറി നേരിട്ട് ഇടപെടുന്നത് സൈന്യത്തിന്റെ സ്വയംഭരണാധികാരത്തിന് വിരുദ്ധമാണെന്ന പരാതിയും നിലനിന്നിരുന്നു. മുന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ വിശ്വസ്തനായിരുന്ന ജോര്‍ജിനെ നീക്കം ചെയ്തത് 'പഴയ രീതികളെ' മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്.
ജനറല്‍ ജോര്‍ജിന് പകരമായി ജനറല്‍ ക്രിസ്റ്റഫര്‍ ലാനെവ് ആക്ടിംഗ് ആര്‍മി ചീഫ് ഓഫ് സ്റ്റാഫായി ചുമതലയേല്‍ക്കും. ഹെഗ്‌സെത്തിന്റെ മുന്‍ സൈനിക സഹായിയായിരുന്ന ലാനെവ്, ചുരുങ്ങിയ കാലത്തിനുള്ളില്‍ സൈനിക പദവികളില്‍ വലിയ വളര്‍ച്ച കൈവരിച്ച വ്യക്തിയാണ്. ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ പിഴവുകളില്ലാതെ നടപ്പിലാക്കാന്‍ കഴിവുള്ള 'പൂര്‍ണ്ണ വിശ്വാസമുള്ള' നേതാവായാണ് പെന്റഗണ്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഇറാന്‍ അതിര്‍ത്തികളില്‍ സൈനിക വിന്യാസം ശക്തമാകുന്ന സാഹചര്യത്തില്‍, ഈ നേതൃമാറ്റം സൈനികരുടെ മനോവീര്യത്തെയും വരാനിരിക്കുന്ന യുദ്ധതന്ത്രങ്ങളെയും എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
