29 Feb 2024 12:44 PM IST
Summary
- ആഗോളതാപനമാണ് വില്ലനാകുക
- ഒരുവര്‍ഷത്തില്‍ കൂടുതല്‍ വരള്‍ച്ച നീണ്ടേക്കുമെന്നാണ് പഠനം
- ചൂടുകൂടിയാല്‍ ഇന്ത്യയില്‍ കൃഷിയും പ്രതിസന്ധിയിലാകും
മഞ്ഞും ഹിമം മൂടിയ മലഞ്ചരിവുകളും പര്‍വതങ്ങളും സഞ്ചാരികളുടെ മാത്രമല്ല, സാധാരണക്കാരന്റെയും മനസിന് കുളിരേകുന്ന സ്വപ്‌നങ്ങളാണ്. ഈ കാഴ്ചകള്‍ കാണാനും കാലാവസ്ഥ അനുഭവിക്കാനും ആര്‍ക്കും ആഗ്രഹങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഈ സ്വപ്‌നങ്ങള്‍ക്ക് ആയുസ് കുറഞ്ഞേക്കുമെന്ന് ഭീതിപ്പെടുത്തുന്ന ഗവേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഇവിടെ വില്ലനാകുക ആഗോള താപനമായിരിക്കും. ആഗോളതാപനതോത് മൂന്നുഡിഗ്രി വര്‍ധിച്ചാല്‍ മഞ്ഞുമുടിയ ഹിമാലയന്‍ മേഖലയുടെ 90 ശതമാനവും ഒരു വര്‍ഷത്തില്‍ കൂടുതല്‍ വരള്‍ച്ച നേരിടേണ്ടിവരുമെന്നാണ് പഠനം പറയുന്നത്. ഇത് സംഭവിച്ചാല്‍ എത്രകണ്ട് ഗുരുതരമായ അവസ്ഥയാകും നേരിടേണ്ടിവരിക എന്നത് ഇപ്പോള്‍ അചിന്ത്യമാണ്.
ഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുക എന്ന പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ പാലിക്കുന്നതിലൂടെ ഇന്ത്യയില്‍ ഗുരുതരമായ സ്ഥിതി 80 ശതമാനം വരെ ഒഴിവാക്കാനാകും എന്ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ജേണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ കാണിക്കുന്നു.
യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ (യുഇഎ) ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം ആഗോളതാപനത്തിന്റെ തോത് വര്‍ധിക്കുന്നതിനനുസരിച്ച് മനുഷ്യര്‍ക്കും പ്രകൃതിദത്ത സംവിധാനങ്ങള്‍ക്കും ഉണ്ടാകുന്ന അപകടസാധ്യതകള്‍ കണക്കാക്കി. ഇന്ത്യ, ബ്രസീല്‍, ചൈന, ഈജിപ്ത്, എത്യോപ്യ, ഘാന എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച എട്ട് പഠനങ്ങളാണ് ഇപ്പോള്‍ നടത്തിയത്. വരള്‍ച്ച, വെള്ളപ്പൊക്കം, വിളകളുടെ വിളവ് കുറയല്‍, ജൈവവൈവിധ്യത്തിന്റെയും പ്രകൃതി മൂലധനത്തിന്റെയും നഷ്ടം എന്നിവ വര്‍ധിക്കുന്നതായി ഇവയില്‍ പറയുന്നു. രാജ്യത്തെ താപനിലയുടെ വര്‍ധന ഒന്നര ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുന്നത് പകുതിയോളം ജൈവവൈവിധ്യത്തിന് ആശ്വാസകരമാകും.
പഠനം നടത്തിയ ഓരോ രാജ്യങ്ങളിലും അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ഒരു വര്‍ഷത്തിലധികം നീണ്ടുനില്‍ക്കുന്ന വരള്‍ച്ച ഉണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഇന്ത്യയില്‍ മഴയെ ആശ്രയിച്ചുള്ള കൃഷി ഈ സാഹചര്യത്തില്‍ ഇല്ലാതാകും. അത് വന്‍ ഭക്ഷ്യ പ്രതിസന്ധിക്ക് വഴിതെളിക്കും.
എന്നിരുന്നാലും, ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുന്നത് വരള്‍ച്ചയുടെ വര്‍ധനവ് 21 ശതമാനത്തിനും (ഇന്ത്യ) 61 ശതമാനത്തിനും ഇടയില്‍ (എത്യോപ്യ) കുറയ്ക്കും. അതുപോലെ തന്നെ വെള്ളപ്പൊക്കം മൂലമുള്ള സാമ്പത്തിക നാശനഷ്ടങ്ങള്‍ കുറയ്ക്കും.
സമുദ്രനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക നാശനഷ്ടങ്ങള്‍ തീരദേശ രാജ്യങ്ങളില്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതാപനം കുറയ്ക്കാന്‍ കൂടുതല്‍ ശ്രമം ആവശ്യമാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ ആഗോളതലത്തില്‍ നിലവിലുള്ള നയങ്ങള്‍ ആഗോളതാപനത്തിന് 3 ഡിഗ്രി സെല്‍ഷ്യസ് കാരണമാകും.
വര്‍ധിച്ചുവരുന്ന മനുഷ്യ ജനസംഖ്യയുടെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ആറ് രാജ്യങ്ങളിലെ പല പ്രദേശങ്ങളും ഇതിനകം തന്നെ അപകടസാധ്യതയിലാണ്. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ജൈവവൈവിധ്യ സംരക്ഷണം നല്‍കുന്നതിന് സംരക്ഷിത പ്രദേശ ശൃംഖലകളുടെ വിപുലീകരണം ആവശ്യമാണെന്നും കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു.
ഈ പഠനങ്ങള്‍ ആറ് രാജ്യങ്ങളുടെ അപകടസാധ്യതകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും, മറ്റ് രാജ്യങ്ങളും സമാനമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവേഷകര്‍ പറഞ്ഞു. വികസ്വര രാജ്യങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കാലാവസ്ഥാ വ്യതിയാനത്തിന് കൂടുതല്‍ ഇരയാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കി.
കാലം തെറ്റിയ കനത്ത മഴയും നീണ്ടു നില്‍ക്കുന്ന കടുത്ത വരള്‍ച്ചയും വരാനിരിക്കുന്ന ഗുരുതര സാഹചര്യങ്ങളുടെ കര്‍ട്ടന്‍ റൈസര്‍ മാത്രമാണ്. വലുത് വരാനിരിക്കുന്നതേയുള്ളു. അന്ന് തുള്ളി വെള്ളത്തിനുവരെ കനത്തവിലനല്‍കേണ്ടിവരും. ചൂടില്‍ നിന്നു രക്ഷനേടാന്‍ നെട്ടോട്ടം നടത്തേണ്ടിയും വരും.
പഠിക്കാം & സമ്പാദിക്കാം
Home
