24 Feb 2026 3:51 PM IST
നിറങ്ങളുടെ ഉത്സവത്തിന് വിമാനക്കമ്പനികളുടെ ഇരുട്ടടി; ടിക്കറ്റ് നിരക്ക് ഉയര്‍ന്നത് 185 ശതമാനംവരെ
MyFin Desk
Summary
പല മെട്രോ നഗരങ്ങളില്‍ നിന്നും സ്വന്തം നാട്ടിലേക്കുള്ള രണ്ട് മണിക്കൂര്‍ യാത്രയ്ക്ക് ഇപ്പോള്‍ ദുബായിലേക്കോ ബാങ്കോക്കിലേക്കോ ഉള്ള വിദേശയാത്രയേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ട അവസ്ഥയാണ്
നിറങ്ങളുടെ ഉത്സവമായ ഹോളിയെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങുമ്പോള്‍, പ്രവാസികളുടെയും ഇതരസംസ്ഥാന ജോലിക്കാരുടെയും പോക്കറ്റടിച്ച് വിമാനക്കമ്പനികള്‍. കുടുംബത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി വിമാനനിരക്കുകള്‍ റെക്കോര്‍ഡ് വേഗത്തിലാണ് കുതിച്ചുയരുന്നത്. ചില പ്രധാന റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ 185 ശതമാനത്തിന്റെവരെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി 5,000 രൂപയില്‍ താഴെ ലഭ്യമായിരുന്ന ചില റൂട്ടുകളിലെ ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 20,000 രൂപ വരെയാണ് എയര്‍ലൈനുകള്‍ ഈടാക്കുന്നത്.
ഹോളി വെള്ളിയാഴ്ച (മാര്‍ച്ച് 13, 2026) വരുന്നതിനാല്‍ വാരാന്ത്യം മുതലെടുക്കാനാണ് വിമാനക്കമ്പനികളുടെ നീക്കം. ഡല്‍ഹി-പട്‌ന, മുംബൈ-വാരണാസി, ബെംഗളൂരു-റാഞ്ചി തുടങ്ങിയ തിരക്കേറിയ റൂട്ടുകളിലാണ് ഈ ഉയര്‍ന്ന നിരക്ക്. പല മെട്രോ നഗരങ്ങളില്‍ നിന്നും സ്വന്തം നാട്ടിലേക്കുള്ള രണ്ട് മണിക്കൂര്‍ യാത്രയ്ക്ക് ഇപ്പോള്‍ ദുബായിലേക്കോ ബാങ്കോക്കിലേക്കോ ഉള്ള വിദേശയാത്രയേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ട അവസ്ഥയാണ്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള ഡയനാമിക് പ്രൈസിംഗ് സംവിധാനമാണ് നിരക്ക് ഇത്രമേല്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണം.
ഫെബ്രുവരി 28-ന് ന്യൂഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്കുള്ള ഒരു വിമാനത്തിന്റെ ടിക്കറ്റ് നിരക്ക് 11,056 രൂപയാണ്. എന്നാല്‍ മാര്‍ച്ച് 28-ന്, ഇന്‍ഡിഗോ ഇതേ റൂട്ടിലേക്ക് 4,502 രൂപയ്ക്കാണ് ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. ന്യൂഡെല്‍ഹി-ഗയ റൂട്ടിലും ടിക്കറ്റ് നിരക്ക് കുതിച്ചുകയറി. ഫെബ്രുവരി 28-ന് ബെംഗളൂരുവില്‍ നിന്ന് ഗോരഖ്പൂര്‍ വരെയുള്ള യാത്രയ്ക്ക് 19,589 രൂപയാണ്. എന്നാല്‍ മാര്‍ച്ച് 29ന് ഗണ്യമായ കുറഞ്ഞ നിരക്കാണ് കാണിക്കുന്നത്. മുംബൈയില്‍ നിന്ന് പ്രയാഗ്രാജ് സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്ക് ഫെബ്രുവരി 28-ന് 16,188 രൂപയാണ്. മാര്‍ച്ച് 28-ന് നിരക്ക് 6,588 രൂപയായി കുറയുന്നു. അതായത് 146% വര്‍ദ്ധനവ്.
ന്യൂഡല്‍ഹിയില്‍ നിന്ന് ഗോരഖ്പൂര്‍ റൂട്ടിലും വലിയ വ്യത്യാസം കാണപ്പെടുന്നു. ഈ മേഖലയില്‍, ഫെബ്രുവരി 28-ന് 8,563 രൂപയായിരുന്ന നിരക്ക് മാര്‍ച്ച് 28-ന് 2,999 രൂപയായി കുറഞ്ഞു. പീക്ക്, ഓഫ്-പീക്ക് നിരക്കുകള്‍ തമ്മില്‍ ഏകദേശം 185% വ്യത്യാസമാണിത്.
ട്രെയിനുകളിലും ഉയർന്ന നിരക്ക്
വിമാനങ്ങളിലെ തിരക്ക് വര്‍ദ്ധിച്ചതോടെ ട്രെയിനുകളിലും സമാനമായ സ്ഥിതിയാണ്. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള പ്രീമിയം ട്രെയിനുകളെയും ഇപ്പോള്‍ യാത്രക്കാര്‍ ആശ്രയിക്കുന്നു. എഞ്ചിന്‍ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ കാരണം പല വിമാനങ്ങളും സര്‍വീസ് നടത്താത്തത് സീറ്റുകളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്. വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ കുറയ്ക്കുകയും ഡിമാന്‍ഡ് വര്‍ദ്ധിപ്പി ക്കുകയും ചെയ്തതോടെ സാധാരണക്കാരായ യാത്രക്കാര്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുകയോ യാത്ര തന്നെ വേണ്ടെന്ന് വെക്കുകയോ ചെയ്യുന്ന സാഹചര്യമാണുള്ളത്.
എങ്കിലും, കുടുംബത്തോടൊപ്പം ഉത്സവങ്ങള്‍ ആഘോഷിക്കാനുള്ള ആഗ്രഹം പലരെയും ഈ ഉയര്‍ന്ന നിരക്കിലും ടിക്കറ്റ് എടുക്കാന്‍ പ്രേരിപ്പിക്കുന്നു. വീട്ടിലെത്താനുള്ള പ്രവാസികളുടെ വികാരത്തെ വിമാനക്കമ്പനികള്‍ ചൂഷണം ചെയ്യുകയാണ്. സീസണ്‍ സമയങ്ങളില്‍ വിമാനനിരക്കുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്ന ആവശ്യം ഒരിക്കല്‍ കൂടി ശക്തമാവുകയാണ്. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുന്നതോടെ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
പഠിക്കാം & സമ്പാദിക്കാം
Home
